Complaint | വിവാഹപ്പിറ്റേന്ന് നവവധുവിനെ പെണ്‍വീട്ടുകാര്‍ മര്‍ദിച്ച് തട്ടിക്കൊണ്ടുപോയെന്ന് പരാതി; യൂത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്
Jul 18, 2023, 09:01 IST
ഇടുക്കി: (www.kvartha.com) അമലഗിരിയില്‍ കല്യാണപ്പിറ്റേന്ന് പുലര്‍ചെ നവവധുവിനെ ഭര്‍ത്താവിന്റെ ബന്ധുവീട്ടില്‍ നിന്നും പെണ്‍വീട്ടുകാര്‍ തട്ടിക്കൊണ്ട് പോയതായി പൊലീസില്‍ പരാതി. പത്തനാപുരം സ്വദേശി രഞ്ജിത്തിന്റെ ഭാര്യ ഷിബയെ ആണ് ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയത്. ഇരുവരും മിശ്ര വിവാഹിതരായതാണ് സംഭവത്തിന് കാരണം.
കൊല്ലം പത്തനാപുരം സ്വദേശികളും ബ്ലോക് പഞ്ചായതംഗം യദുകൃഷ്ണന്‍, പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരനും യൂത് കോണ്‍ഗ്രസ് നേതാവുമായ അനീഷ് ഖാന്‍ എന്നിവരുള്‍പെടെ 15 പേര്‍ക്കെതിരെയാണ് പരാതി. ഇവര്‍ക്കെതിരെ വീട്ടില്‍ അതിക്രമിച്ചു കയറിയതിനും മര്‍ദിച്ചതിനും തങ്കമണി പൊലീസ് കേസെടുത്തു.
പൊലീസ് പറയുന്നത്: കഴിഞ്ഞ ശനിയാഴ്ചയാണ് കൊല്ലം പനംപറ്റ സ്വദേശിയായ യുവാവ് മീനം സ്വദേശിയായ പെണ്‍കുട്ടിയെ വീട്ടുകാരെ അറിയിക്കാതെ വിവാഹം കഴിച്ചത്. ക്ഷേത്രത്തില്‍ വെച്ച് താലി കെട്ടിയശേഷം പെണ്‍വീട്ടുകാരെ ഭയന്ന് ഇരുവരും ഇടുക്കി അമലഗിരിയില്‍ വരന്റെ സഹോദരിയുടെ വീട്ടിലെത്തി.
വിവാഹത്തോട് എതിര്‍പുള്ള യുവതിയുടെ ബന്ധുവായ അനീഷ് ഖാന്‍, പിറ്റേന്ന് പുലര്‍ചെ 3 മണിയോടെ യദുകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പതിനഞ്ചംഗ സംഘവുമായി നാല് വാഹനങ്ങളില്‍ അമലഗിരിയിലെ വീട്ടിലെത്തി. പിന്‍വാതില്‍ ചവിട്ടി പൊളിച്ച് അകത്തു കടന്ന് മര്‍ദിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ഭീഷണിപ്പെടുത്തി നവ വധുവിനെ തട്ടിക്കൊണ്ടു പോയിയെന്നാണ് പരാതി. ആക്രമണത്തില്‍ രഞ്ജിത്തിനും ഷിബയ്ക്കും പുറമേ വീട്ടില്‍ ഉണ്ടായിരുന്ന മറ്റ് 5 പേര്‍ക്കും പരുക്കേറ്റു. പ്രകോപനം ഒന്നുമില്ലാതെ ആയിരുന്നു ആക്രമണമെന്ന് വീട്ടുടമസ്ഥനും പറഞ്ഞു.
ഇടുക്കിയില്‍ നിന്നും തട്ടിക്കൊണ്ടുപോയ നവ വധുവിനെ കൊല്ലം കുന്നിക്കോട് പൊലീസ് സ്റ്റേഷനിലാണ് പ്രതികള്‍ എത്തിച്ചത്. യുവതിയെ കാണാനില്ലെന്ന് ബന്ധുക്കള്‍ നേരത്തെ ഇവിടെ പരാതി നല്‍കിയിരുന്നു. പൊലീസ് കുട്ടിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി.
മജിസ്‌ട്രേറ്റിന് മുന്നില്‍ രഞ്ജിത്തിനൊപ്പം പോകാന്‍ താല്പര്യപ്പെട്ടതോടെ ഷിബയെ സ്വതന്ത്രയാക്കി വിട്ടു. പെണ്‍കുട്ടിയുടെ ഇഷ്ടമനുസരിച്ച് പോകാന്‍ അനുവദിക്കാന്‍ പൊലീസിന് കോടതി നിര്‍ദേശം നല്‍കി. എന്നാല്‍ വീണ്ടും ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയിയെന്നാണ് ഭര്‍ത്താവ് രഞ്ജിത്ത് പറയുന്നത്.
പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും പരാതിയില്‍ തങ്കമണി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തങ്കമണി സിഐയുടെ നേതൃത്വത്തില്‍ പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. പെണ്‍കുട്ടിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കുമെന്ന് ഭര്‍ത്താവ് പറഞ്ഞു. പെണ്‍കുട്ടിയുടെ ബന്ധുക്കളെ ഭയന്നാണ് നാടുവിടേണ്ടി വന്നതെന്നും യുവാവ് വ്യക്തമാക്കി.
യുവതിയുടെ ബന്ധുവായ അനീഷ് ഖാന്‍ യൂത് കോണ്‍ഗ്രസ് സംസ്ഥാന ജെനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന ആളാണ്. യദുകൃഷ്ണന്‍ കെ എസ് യു നേതാവും പത്തനാപുരം ബ്ലോക് പഞ്ചായത് മെമ്പറുമാണ്. ഇരുവര്‍ക്കും പുറമേ കണ്ടാല്‍ അറിയാവുന്ന മറ്റൊരാളെയും പ്രതിചേര്‍ത്താണ് പൊലീസ് കേസെടുത്തത്.
Keywords: News, Kerala, Kerala-News, Idukki, Complaint, Bride, Abducted, Husband, House, Idukki: Complaint that bride abducted from husband's house
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.