Miracle | 'മദ്യപിച്ചിരുന്നില്ല, ഒരു നിമിഷം പതറിയിരുന്നുവെങ്കിൽ ജീവിതം തീർന്നേനെ'; ട്രെയിനിനടിയിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട അനുഭവം പറഞ്ഞ് പവിത്രൻ
● ഉച്ചയോടെ ജോലി കഴിഞ്ഞ് കണ്ണൂരിൽ നിന്ന് റെയിൽ പാളം വഴി വീട്ടിലേക്ക് ഫോണിൽ സംസാരിച്ച് നടന്നു വരവേയാണ് ട്രെയിനിനു മുന്നിൽ പെട്ടത്.
● ഒരു നിമിഷത്തെ തോന്നലാണ് പവിത്രന് ജീവൻ തിരിച്ചു ലഭിക്കാൻ കാരണമായത്.
● ദിവസവും ജോലി കഴിഞ്ഞ് പാളത്തിൽ കൂടെയാണ് കളരി അഭ്യാസി കൂടിയായ പവിത്രൻ വീട്ടിലേക്ക് വരാറുള്ളത്.
കണ്ണൂർ: (KVARTHA) താൻ മദ്യപിച്ചതിനാലാണ് ട്രെയിനിൽ അടിയിൽപ്പെട്ടതെന്ന പ്രചാരണം തള്ളി അത്ഭുതകരമായി രക്ഷപ്പെട്ട പവിത്രൻ. താൻ മദ്യപിച്ചാണ് റെയിൽവെ ട്രാക്കിലൂടെ നടന്നതെന്ന പ്രചരണം തെറ്റാണെന്നാണ് ഇദ്ദേഹം പറയുന്നത്. ഇപ്പോഴും സംഭവിച്ചത് എന്തെന്ന് ഓർക്കുമ്പോൾ ഭയപ്പാട് മാറാതെ നിൽക്കുകയാണ് പവിത്രനെന്ന മധ്യവയസ്ക്കൻ. ഇതിനിടെയാണ് സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങൾ തലവേദനയായി മാറിയത്.
ഒരു നിമിഷം പതറിയിരുന്നുവെങ്കിൽ തീർന്നേനെയെന്നാണ് ഇദ്ദേഹം പറയുന്നത്. തിങ്കളാഴ്ച വൈകീട്ട് പന്നേൻപാറക്കടുത്ത് റെയിൽ പാളത്തിലൂടെ നടന്നു പോകവേയാണ് ട്രെയിനിനടിയിൽ കിടന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. എടക്കാടിനടുത്ത സ്വകാര്യ സ്കൂൾ ബസ് ജീവനക്കാരനും കണ്ണൂർ ചിറക്കൽ കുന്നാവിനടുത്ത് താമസക്കാരനുമായ പവിത്രനാണ് നിമിഷ നേരത്തിലുണ്ടായ അഭ്യാസ പ്രകടനത്തിലൂടെ ജീവൻ തിരികെ ലഭിച്ചത്.
ഉച്ചയോടെ ജോലി കഴിഞ്ഞ് കണ്ണൂരിൽ നിന്ന് റെയിൽ പാളം വഴി വീട്ടിലേക്ക് ഫോണിൽ സംസാരിച്ച് നടന്നു വരവേയാണ് ട്രെയിനിനു മുന്നിൽ പെട്ടത്. ഒരു നിമിഷം സ്തബ്ദനായ പവിത്രൻ പാളത്തിൽ കമിഴ്ന്നു കിടക്കുകയായിരുന്നു. ഈ ഒരു നിമിഷത്തെ തോന്നലാണ് പവിത്രന് ജീവൻ തിരിച്ചു ലഭിക്കാൻ കാരണമായത്.
തിങ്കളാഴ്ച രാത്രിയോടെയാണ് തന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന വിവരം പവിത്രൻ അറിഞ്ഞത്. ദിവസവും ജോലി കഴിഞ്ഞ് പാളത്തിൽ കൂടെയാണ് കളരി അഭ്യാസി കൂടിയായ പവിത്രൻ വീട്ടിലേക്ക് വരാറുള്ളത്. സംഭവത്തെ കുറിച്ച് റെയിൽവേ സംരക്ഷണ സേനയും റെയിൽവേ പൊലീസും അന്വേഷണമാരംഭിച്ചിട്ടുണ്ട്.
#Pavithran #TrainAccident #MiraculousEscape #KeralaNews #SocialMedia #RailwaySafety