Low Blood Sugar | ഷുഗര്‍ പെട്ടെന്ന് കുറഞ്ഞാല്‍ എന്ത് ചെയ്യണം; അറിയാം വിശദമായി

 


കൊച്ചി: (KVARTHA) രക്തത്തില്‍ ഷുഗര്‍ നില കൂടുമ്പോഴാണ് പ്രമേഹം എന്ന അവസ്ഥയുണ്ടാകുന്നത്. എന്നാല്‍ പ്രമേഹമുള്ളവരില്‍ പെട്ടെന്ന് ഷുഗര്‍ നില കുറയാറുമുണ്ട്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയുന്ന അവസ്ഥയാണ് ഹൈപ്പോഗ്ലൈസീമിയ. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് 50 മി.ഗ്രാം/ ഡെസിലിറ്ററില്‍ കുറയുമ്പോഴാണ് തീവ്രമായ ഹൈപ്പോഗ്ലൈസീമിയ ഉണ്ടാകുന്നത്. അത് 70 മി.ഗ്രാം/ ഡെസിലിറ്ററില്‍ കുറയുമ്പോള്‍ തന്നെ രോഗിക്ക് ലക്ഷണങ്ങള്‍ ഉണ്ടാകും.

ഹൈപ്പോഗ്ലൈസീമിയ എന്ന വാക്കിന്റെ അര്‍ത്ഥം 'മധുരം കുറഞ്ഞ രക്തം' എന്നാണ്. ഹൈപ്പോഗ്ലൈസീമിയ മൂലം തലച്ചോറിന് ആവശ്യമുള്ളത്ര ഗ്ലൂക്കോസ് കിട്ടാതാവുകയും, അതോടെ തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാവുകയും ചെയ്യും. ഈ അവസ്ഥയെ ന്യൂറോഗ്ലൈക്കോപീനിയ എന്നാണ് അറിയപ്പെടുന്നത്. ഇതു മൂലം അപസ്മാരം, ബോധക്കേട് എന്നിവ ഉണ്ടാകാം.

Low Blood Sugar | ഷുഗര്‍ പെട്ടെന്ന് കുറഞ്ഞാല്‍ എന്ത് ചെയ്യണം; അറിയാം വിശദമായി
 
ഹൈപ്പോഗ്ലൈസീമിയ സാധാരണയായി ഏറ്റവുമധികം കണ്ടുവരുന്നത് പ്രമേഹത്തിന് ചികിത്സയെടുക്കുന്നവരിലാണ്. എന്നാല്‍ പ്രമേഹമില്ലാത്തവരില്‍ വളരെ അപൂര്‍വ്വമായി ഇത് കണ്ടുവരുന്നു. ഏതു പ്രായത്തിലും ഹൈപ്പോഗ്ലൈസീമിയ വരാം. ഹൈപ്പോഗ്ലൈസീമിയ ഉണ്ടാവാനുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് പലരുടെയും ശരീരഘടന അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു.

പ്രമേഹരോഗിയില്‍ സ്വാഭാവിക പെരുമാറ്റത്തില്‍ പെട്ടെന്ന് മാറ്റം വരുകയാണെങ്കില്‍ ഹൈപ്പോഗ്ലൈസീമിയ ഉണ്ടാകാനുള്ള സാധ്യത കൂടെയുള്ളവര്‍ സംശയിക്കണം.

കാരണങ്ങള്‍

ഇന്‍സുലിന്റെ അളവും പ്രമേഹനിയന്ത്രണ മരുന്നുകളുടെ ഡോസ് കൂടുന്നതും ആഹാരത്തിന്റെ അളവ് കുറയുന്നതും അമിതമായി ശാരീരിക അധ്വാനം ചെയ്യുന്നതുമെല്ലാം ഹൈപ്പോഗ്ലൈസീമിയയ്ക്ക് കാരണമാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ലക്ഷണങ്ങള്‍

ക്ഷീണം തോന്നുക, അമിതമായി വിയര്‍ക്കുക, അമിത വിശപ്പ്, ദേഷ്യം, നെഞ്ചിടിപ്പ് കൂടുക, കണ്ണില്‍ ഇരുട്ട് കയറുക, കൈകാലുകളില്‍ വിറയല്‍, തലകറക്കവും തലവേദനയും.

പരിഹാരം

ചെറിയ തോതില്‍ ഷുഗര്‍ കുറയുകയാണെങ്കില്‍ രോഗി അല്‍പം ഗ്ലൂക്കോസ് കഴിക്കുകയോ അതിന് ശേഷം അനുയോജ്യമായ ഭക്ഷണം കഴിക്കുകയോ ചെയ്യണം. എന്നാല്‍ തീവ്രമായ രീതിയില്‍ പ്രശ്നമുണ്ടായാല്‍ രോഗിക്ക് സ്വയം ഇത് ചെയ്യാന്‍ സാധിച്ചെന്നു വരില്ല. അപ്പോള്‍ കൂടെയുള്ളവര്‍ സഹായിക്കേണ്ടതാണ്.

അബോധാവസ്ഥയില്‍ ആണെങ്കില്‍

ഹൈപ്പോഗ്ലൈസീമിയ വന്ന രോഗിക്ക് ബോധമുണ്ടെങ്കില്‍ മാത്രമേ ഗ്ലൂക്കോസ് നല്‍കാന്‍ സാധിക്കൂ. അബോധാവസ്ഥയിലാണെങ്കില്‍ രോഗിയുടെ വായിലേക്ക് ഗ്ലൂക്കോസ് പൊടി വെച്ചാല്‍ അത് ശ്വാസകോശത്തിലേക്ക് കടന്ന് ഗുരുതരാവസ്ഥയിലേക്ക് മാറാന്‍ ഇടയുണ്ട്. ഈ സാഹചര്യത്തില്‍ നാവില്‍ തേന്‍ പുരട്ടി നല്‍കാം.

മറ്റൊരു വഴി ഗ്ലൂക്കഗോണ്‍ ഇഞ്ചക്ഷന്‍ മസിലില്‍ കുത്തിവെക്കാം എന്നതാണ്. ഹൈപ്പോ ഗ്ലൈസീമിയ ഉണ്ടാകാറുള്ള രോഗികള്‍ക്ക് ഗ്ലൂക്കഗോണ്‍ ഇഞ്ചക്ഷന്‍ എപ്പോഴും കൂടെ കരുതണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്. ആവശ്യമെങ്കില്‍ വൈദ്യസഹായം തേടാവുന്നതാണ്.

ഗ്ലൂക്കോസ് നല്‍കുമ്പോഴും ശ്രദ്ധിക്കണം

ഷുഗര്‍ കുറഞ്ഞ് അസ്വസ്ഥത വരുകയാണെങ്കില്‍ ഒപ്പമുള്ളവര്‍ പ്രമേഹരോഗിക്ക് ഗ്ലൂക്കോസ് കഴിക്കാന്‍ കൊടുക്കണം. എന്നാല്‍ കൊടുക്കുന്ന അളവ് വളരെ പ്രധാനമാണ്. പെട്ടെന്ന് ഷുഗര്‍ നില നോര്‍മലാകാനായി കൂടുതല്‍ ഗ്ലൂക്കോസ് തുടര്‍ച്ചയായി കൊടുക്കുന്നത് നല്ലതല്ല. അങ്ങനെ ചെയ്താല്‍ പെട്ടെന്ന് രക്തത്തിലെ ഗ്ലൂക്കോസ് നില അപകടകരമായി ഉയര്‍ന്നേക്കാം.

അതുകൊണ്ട് തന്നെ മുതിര്‍ന്ന ഒരാള്‍ക്ക് ഹൈപ്പോഗ്ലൈസീമിയ വന്നാല്‍ ആദ്യം 15 ഗ്രാം ഗ്ലൂക്കോസ് നല്‍കുക. അതായത്, ഒരു ടേബിള്‍ സ്പൂണ്‍ അഥവാ മൂന്ന് ടീസ്പൂണ്‍ ഗ്ലൂക്കോസ്. ആദ്യം ഇത് നല്‍കി 15 മിനിറ്റ് കഴിഞ്ഞ ശേഷം ഗ്ലൂക്കോമീറ്റര്‍ ഉപയോഗിച്ച് ഷുഗര്‍ നില പരിശോധിക്കേണ്ടതാണ്. അത് 70 മില്ലിഗ്രാം/ഡെസിലിറ്ററിന് മുകളിലെത്തിയില്ലെങ്കില്‍ ഒരു തവണ കൂടി 15 ഗ്രാം ഗ്ലൂക്കോസ് നല്‍കാവുന്നതാണ്.

അപ്പോഴേക്കും ഷുഗര്‍നില സാധാരണ അളവിലേക്ക് എത്താറുണ്ട്. തുടര്‍ന്ന് അല്പം ഭക്ഷണം കഴിച്ച് ഷുഗര്‍ സാധാരണ നിലയിലാക്കാം. അതിന് കഴിഞ്ഞില്ലെങ്കില്‍ ഉടന്‍ വൈദ്യസഹായം തേടണം.

Keywords: How To Treat Low Blood Sugar (Hypoglycemia), Kochi, News, Low Blood Sugar, Treatment, Health Tips, Health, Food, Doctor, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia