Govt Hospital | സർക്കാർ ഡോക്ടർമാരെയും ഇനി ഊതിക്കണമോ, നമ്മൾ എങ്ങനെ ഇവരെയും ഗവ. ആശുപത്രികളെയും വിശ്വസിക്കും?

 


/ കെ ആർ ജോസഫ്

(KVARTHA) നമ്മൾ എങ്ങനെ നമ്മുടെ സർക്കാർ ഹോസ്പിറ്റലുകളെയും ഡോക്ടർമാരെയും വിശ്വസിക്കും. പണ്ട് ഓപ്പറേഷന് എത്തിയ സ്ത്രീയുടെ വയറ്റിൽ കത്രിക മറന്നുവെച്ച് തുന്നിക്കെട്ടിയ സംഭവം ഇന്നും നമ്മുടെ ഓർമ്മയിൽ നിന്ന് മാറിയിട്ടില്ല. ഇപ്പോഴും ആ യുവതി സമരവും പ്രതിഷേധവും ഒക്കെയായി നടക്കുന്നതിനിടയിലാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് ഇതുപോലെ മറ്റൊരു സംഭവവും ഉണ്ടായിരിക്കുന്നത്. കൈവിരലിന്‍റെ ശസ്ത്രക്രിയയ്ക്കെത്തിയ നാല് വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു. ചെറുവണ്ണൂർ മധുര ബസാറിലെ കുട്ടിക്കാണ് കോഴിക്കോട് മെഡിക്കൽ കോളജിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ ഗുരുതരമായ ചികിത്സ പിഴവിന് ഇരയാകേണ്ടിവന്നത്.

Govt Hospital | സർക്കാർ ഡോക്ടർമാരെയും ഇനി ഊതിക്കണമോ, നമ്മൾ എങ്ങനെ ഇവരെയും ഗവ. ആശുപത്രികളെയും വിശ്വസിക്കും?

കൈപ്പത്തിയിലെ ആറാം വിരൽ നീക്കം ചെയ്യാനായാണ് കുട്ടി എത്തിയത്. എന്നാൽ അരമണിക്കൂർ വേണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടി പുറത്തെത്തുമ്പോൾ നാവിൽ പഞ്ഞി വെച്ച നിലയിൽ ആയിരുന്നു. കയ്യിലെ തുണി മാറ്റി നോക്കിയപ്പോള്‍ ആറാം വിരല്‍ അതുപോലെയുണ്ടായിരുന്നു. ചികിത്സാ പിഴവ് വ്യക്തമായതോടെ ഡോക്ടർ പുറത്തെത്തി കുടുംബത്തോട് മാപ്പ് പറഞ്ഞതായും ബന്ധുക്കൾ പറഞ്ഞു. പിന്നീട് മറ്റൊരു ശസ്ത്രക്രിയയിലൂടെ ആറാം വിരല്‍ നീക്കം ചെയ്തു. എന്നാൽ കുട്ടിയുടെ നാവിന് ചെറിയ തടസ്സം ഉണ്ടായിരുന്നുവെന്നും ഇത് കണ്ടെത്തിയപ്പോൾ നീക്കാൻ തീരുമാനിച്ചതാണെന്നും സൂപ്രണ്ട് അറിയിച്ചു. എങ്കിലും കുറഞ്ഞ സമയത്തിനിടെ കുട്ടിക്ക് രണ്ട് ശസ്ത്രക്രിയകൾ നടത്താൻ ഇടയായത് എന്തുകൊണ്ടെന്ന് പരിശോധിക്കുമെന്നും സൂപ്രണ്ട് വ്യക്തമാക്കി.

അതേസമയം കുട്ടിയുടെ നാവിന് ഇതുവരെയും ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല എന്നായിരുന്നു ബന്ധുക്കളുടെ പ്രതികരണം. കുഞ്ഞിന്റെ കൈയിലെ ആറാം വിരല്‍ നീക്കുന്ന ശസ്ത്രക്രിയയ്ക്കാണ് ഇവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയത്. ശസ്ത്രക്രിയ മാറി നടത്തിയതിന് പിന്നാലെ മറ്റൊരു ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ ആറാം വിരല്‍ നീക്കം ചെയ്യുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ശസ്ത്രക്രിയാ പിഴവ് സംഭവിച്ചെന്ന പരാതിയില്‍ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ബിജോണ്‍ ജോണ്‍സനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഈ വിഷയത്തിൽ എന്തൊരു ന്യായീകരണമാണ് മെഡിക്കൽ സൂപ്രണ്ട് നടത്തുന്നത്.

ഇതേ ആശുപത്രിയിലാണ് ഒരു രോഗിക്ക് ഓപ്പറേഷൻ നടത്തിയ ശേഷം കത്രിക വയറ്റിൽ വെച്ച് തുന്നിക്കെട്ടിയത്, ഇവിടെയാണ് രോഗിയായ സ്ത്രീയെ ജീവനക്കാർ പീഡിപ്പിച്ചത്. എന്നിട്ടെന്തുണ്ടായി? ഒരു ഉളുപ്പില്ലാതെ യൂണിയനുകളും അധികൃതരും ചേർന്ന് പ്രതികളെ സംരക്ഷിച്ചുവെന്നാണ് വിമർശനം. ഈ കേസിലും മറിച്ചൊന്നും സംഭവിക്കില്ല. സാധാരണ ജനങ്ങളേക്കാൾ സർക്കാർ ഉദ്യോഗസ്ഥർക്ക് പ്രിവിലേജുണ്ടായിരുന്ന രാജഭരണ കാലത്ത് നിന്ന് ജനാധിപത്യത്തിലേക്ക് മാറിയെങ്കിലും ആ പ്രിവിലേജിന് ഒരു മാറ്റവും വന്നിട്ടില്ല എന്നതല്ലേ ഈ സംഭവങ്ങൾ ഒക്കെ സൂചിപ്പിക്കുന്നത്. താൻ എന്ത് ഓപ്പറേഷൻ ആണ് ചെയ്യേണ്ടതെന്നു ഒരു അറിവും ഇല്ലാതെയാണോ ഡോക്ടർ തീയേറ്ററിൽ കയറുന്നത്.

ഡോക്ടർമാർ, ഞങ്ങൾക്ക് യൂണിയൻ ഉള്ളടത്തോളം കാലം ഞങ്ങളെ ആരും തൊടില്ല എന്നൊരു മനോധൈര്യം ആണ് അവർക്ക്. മറ്റൊരു കാരണം എല്ലാ സർക്കാർ ഡോക്ടർമാർക്കും എല്ലാത്തിനും ഒരു ധൃതിയാണ്. എന്തെങ്കിലും ഒപ്പിച്ചു കൂട്ടിപ്പോകുക. എങ്ങനെ പോയാലും തങ്ങൾക്ക് ശമ്പളം കിട്ടുമെന്നുള്ള ധാർഷ്ഠ്യം. ആ കുട്ടിക്ക് ഇനി വലുതാവുമ്പോൾ വേറെ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ ആര് അതിനുത്തരം പറയും. ആദ്യം സർക്കാർ സ്ഥാപനങ്ങളിൽ നിന്നും യൂണിയനുകളെയാണ് നമ്മുടെ സംസ്ഥാനത്തുനിന്നും തുടച്ചു നീക്കേണ്ടത്. ഇവരാണ് എല്ലാ തെറ്റുകൾക്കും കൂട്ടുനിൽക്കുന്നത്. യൂണിയനുകൾ ഒരു പ്രശ്നം വന്നാൽ ഒറ്റക്കെട്ടാണ്. ഇതല്ല, ഇതിനപ്പുറത്തെ വൃത്തികേടും നമ്മുടെ ഹോസ്പിറ്റലുകളിൽ നടന്നെന്ന് ഇരിക്കും.

മദ്യപിച്ചു കൊണ്ട് പോലും ഡോക്ടർമാർ ഓപ്പറേഷൻ നടത്തിയാലും ആരും അറിയാൻ പോകുന്നില്ലെന്ന് ആയിരിക്കുന്നു. സർക്കാരിൽ നിന്ന് ശമ്പളം വാങ്ങുന്ന എല്ലാ ഓഫീസിലും യൂണിയൻ നിരോധനം ഏർപ്പെടുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. മറ്റൊന്ന് കെ.എസ്.ആർ.ടി.സി ഉദ്യേഗസ്ഥരെ ഊതിക്കുന്ന പോലെ ഊതിച്ച് നോക്കുകയും വേണം. നാവിന് ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്ക് സസ്പെൻഷൻ, ഒരാഴ്ച കഴിഞ്ഞാൽ അയാൾ വീണ്ടും സർവീസിൽ തിരികെ വരും. സഹായിക്കാൻ യൂണിയനും നേതാക്കളും ഉണ്ട്. അതുകൊണ്ട് തന്നെ നമ്മുടെ ഹോസ്പിറ്റലിൻ്റെ നിലവാരത്തിന് മാറ്റമുണ്ടാകുന്നില്ല. ഇനിയും ഇതുപോലെയുള്ള സംഭവങ്ങൾ ആവർത്തിക്കപ്പെട്ടെന്നിരിക്കാം. നഷ്ടം രോഗികൾക്ക് മാത്രമാകും.

രാഷ്ട്രീയക്കാരാണ് നമ്മെ ഭരിക്കുന്നത്, എന്തെങ്കിലും ഒരു സ്ഥാപനമോ സംവിധാനമോ നടത്തിയ പരിചയം അവർക്കുണ്ടാകില്ല, പൊളിച്ചതിന്റെയും പൂട്ടിച്ചതിന്റെയും മാത്രം എക്സ്പീരിയൻസ് ഉള്ളവരാണ് മുകളിലിരുന്ന് കാര്യങ്ങൾ തീരുമാനിക്കുന്നത്. എക്സിക്യൂട്ടീവിലേക്ക് എത്തുമ്പോൾ സർവീസിൽ മൂപ്പുള്ളവനും യൂനിയനിൽ പിടിപാടുള്ളവരുമൊക്കെയാണ് നടത്തിപ്പുകാർ, കഴിവ് ഒരു മാനദണ്ഡമേയല്ല. ഒരു ഡോക്ടറെ സസ്പെൻഡ് ചെയ്തത് കൊണ്ട് പ്രത്യേകിച്ചൊന്നും സംഭവിക്കാനില്ല, കുത്തഴിഞ്ഞ സംവിധാനങ്ങൾ ഉടച്ചു വാർക്കാനുള്ള ശ്രമങ്ങളാണ് ഉണ്ടാകേണ്ടത്.

ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന സംഭവം ഒരു സ്വകാര്യ ആശുപത്രിയിലാണ് നടന്നതെങ്കിലോ എന്ന് ചിന്തിച്ചു നോക്കുക. യുവജന സംഘടനകൾ ഹോസ്പിറ്റലിലേക്ക് പ്രതിഷേധ പ്രകടനം നടത്തും, അടിച്ചു പൊളിക്കും, ഉടമ അറസ്റ്റിലാകും. കാശ് കൊടുത്ത് എംബിബിഎസ് പഠിക്കുന്ന യോഗ്യതയില്ലാത്ത ഡോക്ടർമാരെന്ന ആക്ഷേപം വരും. സ്വകാര്യ ഹോസ്പിറ്റൽ ലോബിക്കെതിരെ മാധ്യമങ്ങളും മനസാക്ഷിയും ഉണരും. അതൊക്കെ അല്ലെ ഇവിടെ നടക്കുക. ഗവൺമെൻ്റ് ഹോസ്പിറ്റലിൽ ആർക്കും എന്തും നടത്താമെന്ന അവസ്ഥയിലും. അതുകൊണ്ട് നമ്മുടെ സർക്കാർ ഹോസ്പിറ്റലുകളോട് ജനങ്ങൾക്കുള്ള വിശ്വാസവും കുറഞ്ഞു വരുന്നു. നമ്മുടെ സർക്കാർ ആശുപത്രികൾക്ക് ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്ന് മുടക്കുന്ന തുകക്കുള്ള ഫലം കിട്ടുന്നില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്.

ഗവൺമെൻ്റിന് ചിലവ് കുറക്കാൻ വേണ്ടിയുള്ള ഗൂഡാലോചനകളാണ് ഇതെല്ലാം എന്നും സംശയിക്കേണ്ടിയിരിക്കുന്നു. ഗവൺമെൻ്റ് മെഡിക്കൽ കോളേജുകൾ സുരക്ഷിതമല്ല എന്ന പേടി ജനങ്ങൾക്കുണ്ടാക്കി പരമാവധി ആളുകളെ ചികിത്സ തേടുന്നതിൽ നിന്ന് പിന്തിരിപ്പിക്കുക എന്നതാണോ സർക്കാർ നയം എന്ന് ആരെങ്കിലും ചിന്തിച്ചാലും അവരെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ? നമ്മുടെ സംസ്ഥാനത്ത് കുത്തഴിഞ്ഞ പ്രധാനമായും രണ്ട് മേഖലകളാണ് ഉള്ളത്, കെ.എസ്.ആർ.ടി.സിയും ആരോഗ്യവും. കുത്തഴിഞ്ഞ കെ.എസ്.ആർ.ടി.സി എന്നപോലെ നമ്മുടെ ആരോഗ്യ സംവിധാനവും ഉടച്ചു വാർക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു. അതിൻ്റെ തലപ്പത്ത് കാര്യപ്രാപ്തിയുള്ളവർ എത്തേണ്ടിയിരിക്കുന്നു. ഇല്ലെങ്കിൽ മരിച്ചു വീഴുന്നത് പാവപ്പെട്ട രോഗികൾ ആയിരിക്കും.
  
Govt Hospital | സർക്കാർ ഡോക്ടർമാരെയും ഇനി ഊതിക്കണമോ, നമ്മൾ എങ്ങനെ ഇവരെയും ഗവ. ആശുപത്രികളെയും വിശ്വസിക്കും?

Keywords:  Politics, Calicut medical College, Kozhikode, Health, Doctors, Government, Protest,  People, Medical Collage, Media, Trust, How can we trust government doctors?
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia