Investigation | കണ്ണൂര്‍ ജയിലില്‍ നിന്നും പട്ടികയിലെ വിവരങ്ങള്‍ ചോര്‍ന്നതില്‍ അന്വേഷണവുമായി ആഭ്യന്തര വകുപ്പ്


സൂപ്രണ്ട് തയാറാക്കിയ മോചിതരുടെ സാധ്യതാ പട്ടികയില്‍ ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളും ഉള്‍പെട്ടത് സംസ്ഥാന രാഷ്ട്രീയത്തില്‍ വന്‍ കോളിളക്കമുണ്ടാക്കിയിരുന്നു
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ഓഗസ്റ്റ് പതിനഞ്ചിന് തടവുകാരെ മോചിപ്പിക്കുന്നതിനായാണ് വകുപ്പ് ലക്ഷ്യമിട്ടിരുന്നത്
കണ്ണൂര്‍: (KVARTHA) പളളിക്കുന്നിലെ സെന്‍ട്രല്‍ ജയിലില്‍ നിന്നും ശിക്ഷായിളവ് തടവുകാരെ മോചിപ്പിക്കുന്നതിന് ജയില്‍ സൂപ്രണ്ട് തയാറാക്കിയ പട്ടിക ചോര്‍ന്നതില്‍ ആഭ്യന്തര വകുപ്പ് അന്വേഷണമാരംഭിച്ചു. പൊലീസും ജയില്‍ വകുപ്പുമാണ് ഇക്കാര്യത്തില്‍ അന്വേഷണം നടത്തുന്നത്. വരും ദിവസങ്ങളില്‍ ജയില്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനുളള നീക്കവും നടത്തുന്നുണ്ട്.
ജയില്‍ സൂപ്രണ്ട് തയാറാക്കിയ മോചിതരുടെ സാധ്യതാ പട്ടികയില്‍ ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളും ഉള്‍പെട്ടത് സംസ്ഥാന രാഷ്ട്രീയത്തില്‍ വന്‍ കോളിളക്കമുണ്ടാക്കിയിരുന്നു. രണ്ടാം പിണറായി സര്‍കാരിനെ പ്രതിരോധത്തിലാക്കിയ സംഭവത്തിന് പിന്നില്‍ രഹസ്യമായി തയാറാക്കിയ പട്ടിക ചോര്‍ന്നതാണെന്നാണ് ആഭ്യന്തര വകുപ്പിന്റെ വിലയിരുത്തല്‍. ജയില്‍ ഉദ്യോഗസ്ഥരില്‍ ചിലരാണ് മാധ്യമങ്ങള്‍ക്ക് വിവരം ചോര്‍ത്തിക്കൊടുത്തതെന്നാണ് സംശയം.
ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ അണ്ണന്‍ സിജിത്ത്, ടികെ രജീഷ്, മുഹമ്മദ് ശാഫി എന്നിവരുടെ പേരുകളാണ് ശിക്ഷാതടവ് കഴിഞ്ഞ് മോചിപ്പിക്കപ്പെടേണ്ട തടവുകാരുടെ ലിസ്റ്റിലുണ്ടായിരുന്നത്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ഓഗസ്റ്റ് പതിനഞ്ചിന് പ്രതികളെ മോചിപ്പിക്കുന്നതിനായാണ് ജയില്‍ വകുപ്പ് ലക്ഷ്യമിട്ടിരുന്നത്. ഇതില്‍ അന്‍പതോളം തടവുകാരുടെ പേരാണ് പരിഗണിച്ചത്. എന്നാല്‍ കണ്ണൂര്‍ സിറ്റി പൊലീസ് കമിഷണര്‍ക്ക് സമര്‍പ്പിക്കേണ്ട ഈ പട്ടിക പുറത്തായതോടെ വന്‍വിവാദമാണുണ്ടായത്.