Controversy | മൈനാഗപ്പള്ളി സംഭവവും കെ എം ബഷീറിന്റെ മരണവും: ഇവിടെ രണ്ട് നീതിയോ?
● ലഹരി ഉപയോഗിച്ചിരുന്നതായി ശ്രീക്കുട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നു
● ശ്രീക്കുട്ടിയുടെ ഭര്‍ത്താവിനെതിരെ അമ്മ സുരഭി രംഗത്ത്
● 2019ലെ കേസിൽ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച് അതിവേഗത്തില്‍ വാഹനമോടിച്ച് ഇടിച്ചുവെന്നാണ് ആരോപണം
സോണി കല്ലറയ്ക്കൽ
(KVARTHA) എൻ്റെ കുട്ടി മറ്റു കുട്ടികളെ പോലെ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന് പറയുന്ന രക്ഷിതാവാണ് ഏറ്റവും മോശം രക്ഷിതാവ്. ഇവരുടെ കുട്ടികൾ വഴിതെറ്റിയില്ലെങ്കിലാണ് അത്ഭുതം. മക്കളുടെ വാശിക്ക് ഒത്താശ ചെയ്യുന്ന അമ്മമാർ അവർ ചെയ്യുന്ന തെറ്റ് അറിയുന്നില്ല എന്നതാണ് സത്യം. കൊല്ലം മൈനാഗപ്പള്ളിയില്‍ യുവതിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീക്കുട്ടിയുടെ ഭര്‍ത്താവിനെതിരെ അമ്മ സുരഭി രംഗത്ത് എത്തിയതാണ് വാർത്തയായിരിക്കുന്നത്.
അവർ പറയുന്നത് ഇങ്ങനെ: 'ശ്രീക്കുട്ടി ലഹരി ഉപയോഗിക്കാറില്ല. ഭര്‍ത്താവ് അഭീഷിന്റെയും കേസില്‍ പ്രതിയായ അജ്മലിന്റെയും ട്രാപ്പാണിത്. അഭീഷ് ശ്രീക്കുട്ടിയെ നിരന്തരം ശല്യം ചെയ്യുമായിരുന്നു. ശ്രീക്കുട്ടിയെ സേലത്തെത്തി അഭീഷ് ഒരുപാട് ശല്യം ചെയ്തിരുന്നു. പരീക്ഷയെഴുതാതിരിക്കാന്‍ ഒരുപാട് ഉപദ്രവിച്ചു. തേജോവധം ചെയ്തു. ശ്രീക്കുട്ടി മദ്യപിക്കാറില്ല, ലഹരി ഉപയോഗിക്കാറില്ല, അങ്ങനെയാണെങ്കില്‍ ഞങ്ങള്‍ കാണണ്ടേ. ഞാന്‍ പറയുന്നത് കള്ളമാണെന്നാണ് അഭീഷ് പറയുന്നത്'.
അഭീഷുമായുള്ള വിവാഹമോചനം നടന്നിട്ടില്ലെന്നും കേസ് കോടതിയിലാണുള്ളതെന്നും സുരഭി കൂട്ടിച്ചേര്‍ത്തു. ശ്രീക്കുട്ടിയെ പഠിപ്പിച്ചത് കുടുംബമാണെന്നും ശ്രീക്കുട്ടിക്ക് വേണ്ടി സേലത്ത് വീടെടുത്ത് താമസിക്കുകയായിരുന്നുവെന്നും അമ്മ പറഞ്ഞു. 'എന്റെ വീട്ടിലിരുന്നാണ് ശ്രീക്കുട്ടി പഠിച്ചു കൊണ്ടിരുന്നത്. അവളുടെ സ്വഭാവത്തിലൊന്നും മാറ്റം വന്നിരുന്നില്ല. അഭീഷ് പറയുന്നത് കള്ളമാണ്,' സുരഭി വ്യക്തമാക്കി. ജൂലൈ 25നാണ് ശ്രീക്കുട്ടിയെ അവസാനമായി കാണുന്നതെന്നും ആ സമയത്ത് ശരീരത്തില്‍ ആഭരണമുണ്ടായിരുന്നുവെന്നും അവര്‍ പറയുന്നു.
അജ്മലിനെ അറിയില്ലെന്നും അപകടത്തിന് ശേഷം ടിവിയിലൂടെയാണ് കാണുന്നതെന്നും അമ്മ കൂട്ടിച്ചേര്‍ത്തു. അജ്മല്‍ സീരിയലില്‍ സംവിധായകനാണെന്ന് പറയുന്നു. അഭീഷിന് സീരിയലുമായി ബന്ധമുണ്ട്. അങ്ങനെയെങ്കില്‍ അഭീഷും അജ്മലും തമ്മില്‍ ബന്ധമുണ്ടെന്നും സുരഭി പറഞ്ഞു. 'മദ്യം അജ്മല്‍ നിര്‍ബന്ധിച്ച് കഴിപ്പിച്ചതാണോയെന്ന് അറിയില്ല. പൊലീസ് അന്വേഷിക്കട്ടെ. സത്യം പുറത്ത് കൊണ്ടുവരണം. എത്രയോ വര്‍ഷമായി അഭീഷ് ശ്രീക്കുട്ടിയെ തേജോവദം ചെയ്യുന്നു. അഭീഷും അജ്മലും കുട്ടിയെ ട്രാപ്പില്‍ പെടുത്തുകയായിരുന്നു', സുരഭി കൂട്ടിച്ചേര്‍ത്തു.
എന്നാൽ ഭർത്താവ് അഭീഷ് രാജ് പറയുന്നു അച്ഛനും അമ്മയുമാണ് ശ്രീക്കുട്ടിയെ ലഹരിക്കടിമ ആക്കിയത് എന്ന്. അഭീഷ് രാജ് പറഞ്ഞത് ഇപ്രകാരമായിരുന്നു: 'എംബിബിഎസ് പഠനത്തിന് പോയതോടെ ശ്രീക്കുട്ടി മയക്കുമരുന്നിന് അടിമയായി. ശ്രീക്കുട്ടി ഇങ്ങനെയാകാന്‍ കാരണം ശ്രീക്കുട്ടിയുടെ അമ്മയും അച്ഛനുമാണ്. ശ്രീക്കുട്ടി സേലത്ത് പഠിക്കാന്‍ പോയ ശേഷമാണ് ലഹരി ഉപയോഗം തുടങ്ങിയത്. ഇതിനിടെ അജ്മലുമായി വഴിവിട്ട ബന്ധമുണ്ടെന്ന് മനസിലായി. ഇതോടെ ശ്രീക്കുട്ടിയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണു. ശ്രീക്കുട്ടി ലഹരി ഉപയോഗിച്ചിരുന്നു എന്നതിന് തന്റെ കൈവശം ചില തെളിവുകളുണ്ട്'.
ലഹരി ഉപയോഗിച്ചിരുന്നതായി ശ്രീക്കുട്ടി നേരത്തേ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇക്കാര്യം ശരിവെയ്ക്കുന്നതാണ് ഭര്‍ത്താവ് അഭീഷ് രാജിന്റെ പ്രതികരണം. അജ്മൽ ക്രിമിനലാണെന്ന് അറിയില്ലായിരുന്നു, ഞങ്ങൾ ലഹരി ഉപയോഗിക്കാറുണ്ടെന്നുമാണ് ശ്രിക്കുട്ടിയും മൊഴി കൊടുത്തിരുന്നത്. ഇതെല്ലാം നിഷേധിച്ചുകൊണ്ടാണ് ശ്രീക്കുട്ടിയുടെ അമ്മ സുരഭി രംഗത്ത് വന്നിരിക്കുന്നത്. ഇതിൽ ഏതാണ് വിശ്വസിക്കേണ്ടത്, മക്കളുടെ വാശിക്ക് ഒത്താശ ചെയ്യുന്ന അമ്മമാർ അവർ ചെയ്യുന്ന തെറ്റ് അറിയുന്നില്ല എന്നതാണ് സത്യം. തിരുവോണ ദിവസമാണ് മൈനാഗപ്പള്ളിയില്‍ അപകടമുണ്ടായത്. സ്‌കൂട്ടറില്‍ യാത്ര ചെയ്ത കുഞ്ഞുമോളെ ഇടിച്ച ശേഷം കാര്‍ ശരീരത്തിലൂടെ കയറ്റിയിറക്കുകയായിരുന്നു.
യുവതിയായ ഡോക്ടർ പറയുന്നു. ഒന്നും അറിയില്ല, പക്ഷേ ലഹരി ഉപയോഗിക്കാറുണ്ടെന്ന്. 'ഒരു ഡോക്ടർ ആയിരുന്നില്ലേ, ലഹരിയുടെ അപകടം എത്രമാത്രം ഉണ്ടെന്ന് അറിയാമല്ലോ', ഇതാണ് പൊതുസമൂഹം ഇപ്പോൾ ചോദികുന്നത്. സംഭവം നടന്ന ദിവസം മറ്റൊരാളുടെ കൂടെ മകൾ എങ്ങോട്ടാ പോയത് എന്ന് വേണ്ടപ്പെട്ടവർ അന്വേഷിച്ചിട്ടുണ്ടോ. മകൾ സമ്മതിച്ചു ലഹരി ഉപയോഗിക്കാറുണ്ടെന്ന്. എന്നിട്ടും അമ്മ സമ്മതിക്കുന്നില്ല. അതാണ് എല്ലാവരെയും ഇപ്പോൾ അത്ഭുതപ്പെടുത്തുന്നത്. അജ്മലിനെ അറിയില്ലെന്ന് അമ്മ പറയുമ്പോൾ പോലും അജ് മലിൻ്റെ അജ്മലിന്റെ ഭൂതകാലം പറയുന്നു. ശരിക്കും എന്തോക്കെയോ വൈരുധ്യങ്ങൾ ഇതിൽ കാണാം.
പിന്നെ ശരിക്കും നോക്കുകയാണെങ്കിൽ പ്രതിയെന്ന് പറയുന്ന ഡോക്ടറെ ആരൊക്കെയോ വെളുപ്പിക്കാൻ ശ്രമിക്കുന്നപോലെ തോന്നിപ്പോകും സോഷ്യൽ മീഡിയായിലെ ചർച്ചകളും മറ്റും കാണുമ്പോൾ. ഇതിൽ അജ്മൽ കുറ്റക്കാരനല്ല എന്ന് പറയുന്നില്ല. പക്ഷേ, മുഴുവൻ കുറ്റങ്ങളും ഇയാളുടെ തലയിൽ കെട്ടിവെച്ചു കൊടുക്കാൻ ചില ബുദ്ധിപൂർവമായ ശ്രമം ചില കേന്ദ്രങ്ങളിൽ നിന്ന് നടക്കുന്നത് പോലെയുണ്ട്. പ്രധാനമായും മതപരമായിപോലും ഇത്തരത്തിൽ ചർച്ചകൾ നീങ്ങുന്നതായി കാണാം. അജ്മൽ എന്ന വ്യക്തിയെ കൂട്ടമായി ആക്രമിക്കാൻ ശ്രമിക്കുന്നതായി തോന്നിപ്പോകുക സ്വഭാവികം. ശരിക്കും ശ്രിക്കുട്ടിയും അജ്മലും ഈ കേസിൽ തുല്യ പ്രതികളായിരിക്കെ പലരും ശ്രീക്കുട്ടിയെ വാഴ്ത്താനും അജ് മലിനെ ഒറ്റയ്ക്ക് നിർത്തി താറടിക്കാനും ശ്രമിക്കുന്നതുപോലെ തോന്നിപ്പോകും.
മുൻപ് ശ്രീറാം വെങ്കട്ട രാമൻ എന്ന യുവ ഐഎഎസ് ഓഫീസറെ വെള്ളപൂശിയെടുത്തതുപോലെയാണോ ഇത്? അത്തരത്തിൽ ഒരാൾ സോഷ്യൽ മീഡിയയിൽ കുറിച്ച ഒരു പോസ്റ്റാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. കുറിപ്പിൽ പറയുന്നത്: 'കൊല്ലം മൈനാഗപ്പിള്ളിയിൽ ഒരാൾ മദ്യപിച്ച് വാഹനം ഒടിക്കുന്നു, വാഹനം അപകടത്തിൽ പെടുന്നു. രണ്ടു ദിവസം കൂടി കൂടുതൽ ജീവിക്കാൻ ക്യാനസറുമായി യുദ്ധം ചെയ്യുന്ന ഒരു പാവം സ്ത്രീ മരണപ്പെടുന്നു. അതും വെറും മരണം അല്ല ഒഴിവാക്കാമായിരുന്നിട്ടും വാഹനം കയറ്റി ഇറക്കി മനപൂർവ്വമുള്ള നരഹത്യ നടത്തുന്നു. വാഹനത്തിലുള്ളവർ മദ്യപിച്ചതായി വാർത്ത വാഹനം ഓടിച്ചത് - അജ്മൽ, കൂടെ ഉണ്ടായിരുന്നത് ഡോ.ശ്രീക്കുട്ടി.
ജീവൻ രക്ഷിക്കാൻ ബാദ്ധ്യതപ്പെട്ട ഡോക്ടർ തന്നെ നരഹത്യ ചെയ്യുന്നതിൽ മനുഷ്യാവകാശ കമ്മിഷൻ പോലും ഞെട്ടുന്നു. ഒരു ദിവസത്തിനകം അജ്മൽ പിടിയിലാവുന്നു വളരെ നല്ലത്. കൂട്ടു പ്രതിയായ ഡോ. ശ്രീക്കുട്ടിയും അജ്മലും അറസ്റ്റിൽ, റിമാൻഡിൽ, കാര്യമറിഞ്ഞ ഡോ. ശ്രീക്കുട്ടിയുടെ തൊഴിൽ സ്ഥാപനം ഉടനെ അവരെ പിരിച്ചു വിട്ടു, രണ്ടു പേരുടേയും പേരിൽ കേസ് കസ്റ്റഡി, പരിശോധന കുറ്റം ചാർത്ത്, അംബ്ലീഷ്യം ഇല്ല, പ്രൈവൈറ്റ് ഹോസ്പിറ്റലിൽ പോക്കില്ല. പോലീസിന് കൈയടി.
തിരുവനന്തപുരം കേരളത്തിലെ പ്രമുഖനായ സിവിൽ സെർവൻ്റെ മദ്യപിച്ച്, തൻ്റെ കൂട്ടുകാരിയുമായി വാഹനം ഓടിക്കുന്നു. ഒരു വീടിൻ്റെ അത്താണിയായ ഒരു പാവം പത്രപ്രവർത്തകനെ ആഡംബര വാഹനം കൊണ്ടിടിച്ചു മതിലിൽ തേച്ച് വെക്കുന്നു. ദൃക്സാക്ഷികളടക്കം ഉണ്ടായിട്ടും. ടിയാനെ കസ്റ്റഡിയിലെടുക്കുന്നില്ല. പുള്ളിക്ക് പെട്ടെന്ന് അംബ്ലീഷ്യം ബാധിക്കുന്നു. എല്ലാം മറന്ന് പോകുന്നു, കുറ്റം കൂട്ടുകാരിയുടെ പുറത്ത് ഇട്ട് രക്ഷപെടാൻ ശ്രമിക്കുന്നു. ടിയാനെ പ്രൈവറ്റ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നു. രക്തത്തിൽ നിന്ന് മദ്യത്തിൻ്റെ അംശം ഇറങ്ങുന്നത് വരെ എല്ലാവരും കാത്തിരിക്കുന്നു ശേഷം കസ്റ്റഡി, ജാമ്യം.
ടിയാനും ഡോക്ടറാണ് പക്ഷെ ജീവൻ രക്ഷിക്കാൻ ബാദ്ധ്യതപ്പെട്ട ഡോക്ടർ സിവിൽ സെർവൻ്റ് ആയിട്ട് കൂടി ഒരു കുറ്റകൃത്യം ചെയ്തിട്ട് മനുഷ്യവകാശ കമ്മീഷനോ കോടതിയോ പോലും ഞെട്ടുന്നില്ല, തൊഴിൽ ദാതാവായ സർക്കാർ ടിയാനെ കളക്ടറായി നിയമിക്കുന്നു. ടിയാൻ്റെ പേര് ശ്രീറാം വെങ്കട്ട രാമൻ, കുടെയുള്ള കൂട്ടുകാരിയുടെ പേര് വഫ ഫിറോസ്. എങ്ങനെയാണ് നമ്മുടെ നീതി ന്യായ വ്യവസ്ഥ നടപ്പിലാവുന്നത്. അജ്മലിനെ വെറുതെ വിടാനാണ് ഈ പോസ്റ്റ് എന്ന് ധരിക്കുന്നവർക്ക് നടുവിരൽ കൊണ്ട് സലാം. അജ്മലിനെ പോലെ തന്നെ യാതോരു പ്രിവിലേജും കൊടുക്കാതെ നീതി നടപ്പിലേക്കണ്ടതാണ് വെങ്കട്ട റാമിൻ്റെ കേസിലും, പക്ഷെ ആളിപ്പോഴും കേസിൽ ഹാജരാകാതെ നടക്കുവാണ്. ദദാണ് ബ്രാഹ്മിണിക് ഡീപ് സ്റ്റേറ്റ്.
ഒരിക്കൽ പോലും വഫ ഫിറോസിനെ വെങ്കട റാം പറ്റിച്ചെന്ന് പറയില്ല, പക്ഷെ ഡോ. ശ്രീക്കുട്ടിയെ ജിഹാദ് നടത്തിയെന്ന് സംഘികൾ പറയും അഥവ ഭൂരിഭാഗവും അങ്ങനെ വിശ്വസിക്കും, അങ്ങനെയാണ് സാമുഹ്യ (അ)നീതി പ്രവർത്തിക്കുന്നത്. അജ്മലിനെ എറ്റവും കടുത്ത ശിക്ഷ തന്നെ നൽകണം, കൂടെ എതാണ്ട് അതേ കുറ്റം ചെയ്ത ശ്രീറാമിനെയും ശിക്ഷിക്കണം. അല്ലെങ്കിൽ പിള്ളേച്ചൻ സമത്വത്തിൻ്റെ പേരിൽ കള്ളം പറയുകയാണെന്ന് തോന്നും. പിന്നെ നിങ്ങൾ ശിക്ഷിച്ചാലും കൊള്ളാം ഇല്ലേലും കൊള്ളാം. മരിക്കുന്നത് ബഷീറും, ഈ ഇത്തയും എന്നെയും നിങ്ങളെ പോലെയും സാധാരണക്കാരനും ആയിരിക്കും അതോണ്ട് എന്ത് ചെയ്തിട്ടും കാര്യമില്ല'.
ഇതാണ് ആ പോസ്റ്റ്. ഇത് ശ്രദ്ധിച്ചവർക്ക് മനസ്സിലാകും ഇന്ന് ഇവിടെ നടക്കുന്ന യാഥാർത്ഥ്യം ഇതാണെന്ന്. തുല്യ നീതി എന്ന് പറയപ്പെടുന്നുണ്ടെങ്കിലും അത് ചില നാമധാരികൾക്ക് മാത്രമാക്കാൻ ഉത്തരവാദിത്വപ്പെട്ടവർ ശ്രമിക്കുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. മൈനാഗപ്പള്ളി സംഭവത്തിലും നടക്കുന്നത് അതാണെന്ന് പരിശോധിച്ചാൽ ബോധ്യമാകും. ഒരു സമുദായത്തെ മാത്രം ടാർജറ്റ് ചെയ്തു സമൂഹമധ്യത്തിൽ മോശമായി ചിത്രീകരിക്കാനുള്ള വലിയൊരു ശ്രമം ഇതിന് പിന്നിൽ നടക്കുന്നുണ്ട്. അത് അരിയാഹാരം കഴിക്കുന്ന ആർക്കും ബോധ്യമാകുന്നതാണ്. ലഹരിക്ക് അടിമയായ ഡോക്ടറെ ജോലിക്ക് വെച്ചത് എന്തിന് എന്ന് ഒരു ചോദ്യവും ഉയരുന്നു.
#doctor #accident #hitandrun #kerala #india #justice #investigation #controversy