Thrissur Pooram | തൃശൂര്‍ പൂരത്തിന് എഴുന്നള്ളിക്കുന്ന ആനയും ആള്‍ക്കൂട്ടവും തമ്മിലുള്ള ദൂരം 6 മീറ്ററായിരിക്കണമെന്ന് ഹൈകോടതി

 


കൊച്ചി: (KVARTHA) തൃശൂര്‍ പൂരത്തിന് എഴുന്നള്ളിക്കുന്ന ആനയും ആള്‍ക്കൂട്ടവും തമ്മിലുള്ള ദൂരം ആറു മീറ്ററായിരിക്കണമെന്ന് നിര്‍ദേശിച്ച് ഹൈകോടതി. ഇതിനിടയില്‍ തീവെട്ടി, ചെണ്ടമേളം ഉള്‍പെടെ ഉള്ള ഒന്നും പാടില്ലെന്നും ഇക്കാര്യങ്ങള്‍ കര്‍ശനമായി പാലിച്ചിരിക്കണമെന്നും കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ ജയശങ്കരന്‍ നമ്പ്യാര്‍, പി ഗോപിനാഥ് എന്നിവര്‍ അടങ്ങിയ അവധിക്കാല ബെഞ്ചിന്റേതാണ് ഉത്തരവ്. ജനങ്ങളുടെ സുരക്ഷയാണ് മറ്റെന്തിനേക്കാളും പ്രധാനമായി കണക്കാക്കേണ്ടതെന്നും അക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ പറ്റില്ലെന്നും കോടതി വ്യക്തമാക്കി.

കഠിനമായ ചൂടാണ് കേരളത്തിലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഈ സാഹചര്യത്തിലാണ് അകലം ആവശ്യമെന്ന് നിര്‍ദേശിക്കുന്നതെന്നും അറിയിച്ചു. നേരത്തെ 50 മീറ്റര്‍ ദൂരപരിധി ഉണ്ടായിരിക്കണമെന്ന ഉത്തരവ് വനംവകുപ്പ് പിന്‍വലിച്ചിരുന്നു. കേസ് തിങ്കളാഴ്ച പരിഗണിച്ചപ്പോള്‍ 56 മീറ്ററാണ് തങ്ങള്‍ നിര്‍ദേശിക്കുന്നതെന്ന് തിരുവമ്പാടി ദേവസ്വം കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് കോടതി ഇത് അനുവദിച്ചു. പ്രധാന ആനയുടെ മുമ്പിലായി കുത്തുവിളക്ക് എഴുന്നെള്ളിക്കുന്ന ആചാരവും കോടതി അനുവദിച്ചു. എന്നാല്‍ തീവെട്ടിയും ചെണ്ടമേളവും ഉള്‍പെടെയുള്ളവ ഈ ദൂരത്ത് ഉണ്ടാവരുത് എന്നും കോടതി പ്രത്യേകം എടുത്തു പറഞ്ഞു.

Thrissur Pooram | തൃശൂര്‍ പൂരത്തിന് എഴുന്നള്ളിക്കുന്ന ആനയും ആള്‍ക്കൂട്ടവും തമ്മിലുള്ള ദൂരം 6 മീറ്ററായിരിക്കണമെന്ന് ഹൈകോടതി

ഈ മാസം 19നാണ് തൃശൂര്‍ പൂരം. ഇതിന്റെ ഭാഗമായി 18ന് ആനകളുടെ ഫിറ്റ് നെസ് പരിശോധനകള്‍ നടത്തും. ആനകളുടെ ഫിറ്റ് നെസ് പരിശോധന നടത്തുമ്പോള്‍ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ പ്രസിഡന്റുമാര്‍ സ്ഥലത്ത് ഉണ്ടായിരിക്കണമെന്നും എന്നാല്‍ പരിശോധനാ കാര്യങ്ങളില്‍ ഇടപെടരുതെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം, തങ്ങള്‍ക്ക് ധാരണയുള്ള കാര്യങ്ങള്‍ അവര്‍ക്ക് സമിതിയെ അറിയിക്കാമെന്നും കോടതി വ്യക്തമാക്കി.

100 ആനകളെയാണ് പൂരത്തിന് എഴുന്നള്ളിക്കുന്നത്. ജില്ലാ കലക്ടര്‍ അധ്യക്ഷനായ സമിതിയാണ് ഫിറ്റ് നെസ് പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നതെങ്കിലും ആനകള്‍ ഫിറ്റാണെന്ന് ഉറപ്പാക്കേണ്ടത് വനംവകുപ്പിന്റെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവാദിത്തമായിരിക്കുമെന്നും കോടതി നിര്‍ദേശിച്ചു.

പലപ്പോഴും ആനകളുടെ ഫിറ്റ് നെസ് ഉണ്ടെന്ന സര്‍ടിഫിക്കറ്റ് ഉണ്ടായിട്ടും അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകുന്ന കാര്യവും കോടതി എടുത്തുപറഞ്ഞു. അതുകൊണ്ടു തന്നെ ഫിറ്റ് നെസ് സര്‍ടിഫികറ്റില്‍ വിട്ടുവീഴ്ച ഉണ്ടാവില്ലെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉറപ്പാക്കണം.

വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് പൂരസ്ഥലത്ത് ഉണ്ടായിരിക്കണം. വിവിധ വിഭാഗങ്ങളില്‍ നിന്നുള്ളവരടങ്ങുന്ന 100 പേരുടെ സ്‌ക്വാഡ് ആയിരിക്കും അത്. ആരെയൊക്കെ സ്‌ക്വാഡില്‍ ഉള്‍പെടുത്തണമെന്ന കാര്യത്തില്‍ തീരുമാനം വനംവകുപ്പിന് എടുക്കാമെന്നും കോടതി വ്യക്തമാക്കി. ഫിറ്റ് നെസ് പരിശോധന നടക്കുന്നിടത്ത് സന്ദേശ് രാജ, സുരേഷ് മേനോന്‍ എന്നീ അഭിഭാഷകര്‍ കോടതിയുടെ പ്രതിനിധികളായി പങ്കെടുക്കും. ഇവര്‍ പരിശോധന റിപോര്‍ട് കോടതിയില്‍ സമര്‍പ്പിക്കും.

Keywords: High Court restrictions on Thrissur Pooram, Kochi, News, Thrissur Pooram, Restrictions, High Court, Religion, Collector, Forest, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia