Judicial Alert | ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേസെടുക്കാവുന്ന പരാതികളുണ്ട്; അതിജീവിതമാരുടെ പേരുകള്‍ ഒരുവിധത്തിലും പുറത്തു പോകരുതെന്ന് അന്വേഷണ സംഘത്തോട് ഹൈകോടതി
● സിനിമ ഷൂട്ടിങ് സെറ്റുകളിലും ബന്ധപ്പെട്ട ഇടങ്ങളിലും ലഹരി, മദ്യപാന ഉപയോഗത്തെ കുറിച്ച് അന്വേഷിക്കണം
● മൊഴി നല്‍കാന്‍ സാക്ഷികള്‍ക്കുമേല്‍ സമ്മര്‍ദമുണ്ടാകരുത്
● നിയമം അനുശാസിക്കുന്ന വിധത്തിലുള്ള നിയമനടപടികള്‍ സ്വീകരിക്കാം
കൊച്ചി: (KVARTHA) ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേസെടുക്കാവുന്ന പരാതികളുണ്ടെന്നും മൊഴി നല്‍കിയ അതിജീവിതമാരുടെ പേരുകള്‍ ഒരുവിധത്തിലും പുറത്തു പോകരുതെന്നും പ്രത്യേക അന്വേഷണ സംഘത്തോട് (എസ് ഐ ടി) ഹൈകോടതി. അന്വേഷണവുമായി സംഘത്തിന് മുന്നോട്ടു പോകാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പരിശോധിച്ച ശേഷമായിരുന്നു ഹൈകോടതിയുടെ നിരീക്ഷണം.
പ്രാഥമിക വിവര റിപ്പോര്‍ട്ടിലും എഫ് ഐ ആറിലും അതിജീവിതമാരുടെ പേരുകള്‍ മറച്ചിരിക്കണം. ഇവയുടെ പകര്‍പ്പുകള്‍ പുറത്തു പോകില്ല എന്നുറപ്പാക്കണം. എഫ് ഐ ആറിന്റെ പകര്‍പ്പ് അതിജീവിതമാര്‍ക്ക് മാത്രമേ നല്‍കാവൂ. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ മാത്രമേ കുറ്റാരോപിതര്‍ക്ക് ഇതിന്റെ പകര്‍പ്പ് ലഭ്യമാകാവൂ എന്നും കോടതി നിര്‍ദേശിച്ചു.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ചു പരിശോധിക്കാന്‍ നിയോഗിച്ച പ്രത്യേക ബെഞ്ചിലെ ജസ്റ്റിസുമാരായ എകെ ജയശങ്കരന്‍ നമ്പ്യാര്‍, സി എസ് സുധ എന്നിവരാണ് കേസ് പരിഗണിക്കുന്നത്. സിനിമ ഷൂട്ടിങ് സെറ്റുകളിലും ബന്ധപ്പെട്ട ഇടങ്ങളിലും ലഹരി, മദ്യപാന ഉപയോഗത്തെ കുറിച്ച് അന്വേഷിക്കണമെന്നും കോടതി സംഘത്തോട് നിര്‍ദേശിച്ചു.
ഹേമ കമ്മിറ്റി മുന്‍പാകെ മൊഴി നല്‍കിയ സാക്ഷികളില്‍ ആരും എസ് ഐ ടിയുമായി സഹകരിക്കാനോ മൊഴി നല്‍കാനോ തയാറല്ല. മൊഴി നല്‍കാന്‍ യാതൊരു കാരണവശാലും അവര്‍ക്കുമേല്‍ സമ്മര്‍ദമുണ്ടാകരുതെന്നും കോടതി നിര്‍ദേശിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തശേഷം റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന അതിജീവിതമാരെ ബന്ധപ്പെടുകയും അവരുടെ മൊഴിയെടുക്കുകയും ചെയ്യാം.
സാക്ഷികള്‍ സഹകരിക്കാന്‍ തയാറാകാതിരിക്കുകയോ അല്ലെങ്കില്‍ കേസുമായി മുന്നോട്ടു പോകാനുള്ള വസ്തുതകള്‍ ലഭിക്കാതെ വരികയോ ചെയ്യുമ്പോള്‍ നിയമം അനുശാസിക്കുന്ന വിധത്തിലുള്ള നിയമനടപടികള്‍ സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി.
ഹൈകോടതിയിലെ ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാരിനെ കൂടി കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വനിതാ കമ്മിഷന്‍ അധിക സത്യവാങ്മൂലം സമര്‍പ്പിച്ചു. സിനിമാ ലൊക്കേഷനുകളില്‍ നിലവിലുള്ള ഐസിസികള്‍ക്ക് നിയമസാധുതയില്ല എന്ന് കമ്മിഷന്‍ ചൂണ്ടിക്കാട്ടി.
പോഷ് നിയമപ്രകാരം ഇടപെടുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ അധികാരം പരിമിതമാണ്. ഈ സാഹചര്യത്തില്‍ പോഷ് നിയമത്തിന് അനുസൃതമായി ചട്ടങ്ങളില്‍ മാറ്റം വരുത്താന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. തൊഴിലിടങ്ങളിലെ അതിക്രമം തടയുന്നതില്‍ നിയമഭേദഗതി വേണം. ലൈംഗികാതിക്രമം തടയുന്ന നിയമത്തില്‍ ആവശ്യമായ മാറ്റം വരുത്തേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും വനിതാ കമ്മിഷന്‍ പറഞ്ഞു.
#HemaCommittee #KeralaJudiciary #SIT #SurvivorRights #KeralaNews #HighCourt