Vizhinjam Protest | വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍മാണ മേഖലയില്‍ ക്രമസമാധാനം ഉറപ്പു വരുത്തണമെന്ന് സര്‍കാരിനോട് ഹൈകോടതി
Aug 26, 2022, 16:01 IST
കൊച്ചി: (www.kvartha.com) മീന്‍പിടുത്തത്തൊഴിലാളികളുടെ സമരം നടക്കുന്ന പശ്ചാത്തലത്തില്‍ വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍മാണ മേഖലയില്‍ ക്രമസമാധാനം ഉറപ്പു വരുത്തണമെന്ന് സര്‍കാരിനോട് ഹൈകോടതി നിര്‍ദേശം. തുറമുഖത്തിനെതിരായുള്ള സമരം തടയുന്നതിന് പൊലീസ് സംരക്ഷണം തേടി അദാനി വിഴിഞ്ഞം പോര്‍ട് പ്രൈവറ്റ് ലിമിറ്റഡും നിര്‍മാണ കരാര്‍ കംപനി ഹോവെ എന്‍ജിനീയറിങ് പ്രോജക്ട്‌സും നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
സുരക്ഷയ്ക്ക് കേന്ദ്ര സേനയുടെ ആവശ്യമില്ലെന്നും പ്രശ്ന പരിഹാരത്തിനുള്ള ശ്രമം നടക്കുന്നതായും സംസ്ഥാന സര്‍കാര്‍ കോടതിയെ അറിയിച്ചു. സുരക്ഷ നല്‍കാന്‍ കേന്ദ്ര സേനയ്ക്കും ഉത്തരവാദിത്തമുണ്ടെന്ന് അദാനി ഗ്രൂപ് വ്യക്തമാക്കി. സുരക്ഷ വേണമെങ്കില്‍ സംസ്ഥാനം ആവശ്യപ്പെടട്ടെ എന്നായിരുന്നു കേന്ദ്ര നിലപാട്. പദ്ധതിക്ക് എല്ലാവിധ സുരക്ഷയും നല്‍കുന്നുണ്ടെന്നും സര്‍കാര്‍ കോടതിയെ അറിയിച്ചു.
പൊലീസും സര്‍കാരും നിഷ്‌ക്രിയത്വം പാലിക്കുകയാണെന്ന് കാട്ടിയാണ് അദാനി ഗ്രൂപ് ഹൈകോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ എതിര്‍ കക്ഷികള്‍ക്ക് നോടീസ് അയയ്ക്കാന്‍ കോടതി നിര്‍ദേശം നല്‍കി. കേസ് തിങ്കളാഴ്ച പരിഗണിക്കുന്നതിന് മാറ്റിവച്ചു. ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
പദ്ധതി പൂര്‍ത്തീകരണഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോള്‍ 10 ദിവസമായി നിര്‍മാണ പ്രവര്‍ത്തികള്‍ നിലച്ചിരിക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് കംപനി കോടതിയെ ബോധിപ്പിച്ചു. തുറമുഖ നിര്‍മാണത്തിന് പാരിസ്ഥിതിക പഠനം വീണ്ടും നടത്തണം എന്ന ആവശ്യമാണ് സമരക്കാര്‍ ഉയര്‍ത്തിയിരിക്കുന്നത്. എല്ലാവിധ പഠനങ്ങളും നടത്തിയ ശേഷമാണ് നിര്‍മാണം ആരംഭിച്ചതെന്ന് അദാനി ഗ്രൂപ് കോടതിയില്‍ വ്യക്തമാക്കി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.