പിവി അന്‍വര്‍ എംഎല്‍എയ്ക്ക് വീണ്ടും തിരിച്ചടി; കൈവശമുള്ള മിച്ചഭൂമി തിരിച്ചുപിടിക്കാനുള്ള നടപടി ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈകോടതി

 


കൊച്ചി: (www.kvartha.com 24.12.2021) പിവി അന്‍വര്‍ എംഎല്‍എയുടെ കൈവശമുള്ള മിച്ചഭൂമി തിരിച്ചുപിടിക്കാനുള്ള നടപടി ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ഉത്തരവിട്ട് ഹൈകോടതി. ഭൂമി തിരിച്ചുപിടിക്കാന്‍ സാവകാശം ആവശ്യപ്പെട്ട് താമരശ്ശേരി ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.

പിവി അന്‍വര്‍ എംഎല്‍എയ്ക്ക് വീണ്ടും തിരിച്ചടി; കൈവശമുള്ള മിച്ചഭൂമി തിരിച്ചുപിടിക്കാനുള്ള നടപടി ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈകോടതി

ജനുവരി നാലിന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കണമെന്നും ജസ്റ്റിസ് രാജ വിജയരാഘവന്‍ ഇടക്കാല ഉത്തരവിട്ടു. അധികഭൂമി ആറുമാസത്തിനകം തിരിച്ചുപിടിക്കണമെന്ന ഹൈകോടതി ഉത്തരവ് നടപ്പാക്കാത്തതിനെതിരെ മലപ്പുറം ജില്ലാ വിവരാവാകാശ കൂട്ടായ്മ കോഓര്‍ഡിനേറ്റര്‍ കെ വി ഷാജി സമര്‍പിച്ച കോടതി അലക്ഷ്യ ഹരജിയിലാണ് നടപടി.

പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശം വെച്ചതിന് പി വി അന്‍വര്‍ എം എല്‍ എക്കെതിരെ കേസെടുക്കണമെന്ന ലാന്‍ഡ് ബോര്‍ഡ് ഉത്തരവ് മൂന്ന് വര്‍ഷമായിട്ടും നടപ്പാക്കാത്തത് ചൂണ്ടിക്കാട്ടി ഭൂരഹിതനായ ഷാജി നേരത്തെ ഹൈകോടതിയെ സമീപിച്ചിരുന്നു. നടപടി ക്രമങ്ങള്‍ അതിവേഗം പൂര്‍ത്തിയാക്കി ആറു മാസത്തിനകം താമരശേരി ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍, താമരശേരി അഡീഷനല്‍ തഹസില്‍ദാര്‍ എന്നിവര്‍ മിച്ച ഭൂമി കണ്ടുകെട്ടല്‍ നടപടി പൂര്‍ത്തീകരിക്കണമെന്ന് കഴിഞ്ഞ മാര്‍ച്ച് 24ന് കോടതി ഉത്തരവിട്ടിരുന്നു.

എന്നാല്‍ എട്ടുമാസമായിട്ടും ഉത്തരവ് നടപ്പാക്കാത്തതിനെ തുടര്‍ന്ന് പിന്നീട് കോടതിയലക്ഷ്യ ഹര്‍ജി നല്‍കുകയായിരുന്നു. മലപ്പുറം, കോഴിക്കോട് കലക്ടര്‍മാര്‍ സര്‍കാറിന് സമര്‍പിച്ച റിപോര്‍ടുകളില്‍ പിവി അന്‍വറും കുടുംബവും പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശം വെക്കുന്നതായി വ്യക്തമാക്കിയിരുന്നു.

കേസില്‍ ഇനിയും സാവകാശം നല്‍കാന്‍ സാധിക്കില്ലെന്നും ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ എത്ര സമയമെടുക്കുമെന്ന് അറിയിക്കാനും കോടതി നിര്‍ദേശിച്ചു.

 Keywords: High Court directed that the process of reclaiming Anwar's land should be completed soon, Kochi, News, High Court of Kerala, District Collector, Report, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia