SWISS-TOWER 24/07/2023

Court Decision | 'ബലാത്സംഗത്തിന് ഇരയായി ഗര്‍ഭിണിയായ 16 വയസ്സുകാരിക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കാതെ ഹൈകോടതി'

 
High Court Denies Abortion to 16-Year-Old Molest Survivor in Kerala
High Court Denies Abortion to 16-Year-Old Molest Survivor in Kerala

Photo Credit: Website / Kerala High Court

ADVERTISEMENT

● ദത്തുനല്‍കാന്‍ അതിജീവിതയുടെ വീട്ടുകാര്‍ക്കു താല്‍പര്യമാണെങ്കില്‍ ഏറ്റെടുക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം
● ജസ്റ്റിസ് വിജി അരുണ്‍ ആണ് കേസ് പരിഗണിച്ചത്
● തടസമായത് ഗര്‍ഭിണിയാണെന്ന വിവരം അറിയാന്‍ വൈകിയത്

കൊച്ചി: (KVARTHA) ബലാത്സംഗത്തിന് ഇരയായി ഗര്‍ഭിണിയായ 16 വയസ്സുകാരിക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കാതെ ഹൈകോടതി. ഗര്‍ഭസ്ഥശിശുവിന് 26 ആഴ്ച പ്രായം കടന്നതിനാല്‍ കുഞ്ഞിനെ ജീവനോടെ പുറത്തെടുക്കുന്നതാണ് സുരക്ഷിതമെന്ന ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കോടതിയുടെ തീരുമാനം. കുട്ടിയെ ദത്തുനല്‍കാന്‍ അതിജീവിതയുടെ വീട്ടുകാര്‍ക്കു താല്‍പര്യമാണെങ്കില്‍ കുഞ്ഞിനെ ഏറ്റെടുക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സംസ്ഥാന സര്‍ക്കാരിനോടു ജസ്റ്റിസ് വിജി അരുണ്‍ നിര്‍ദേശിച്ചു. 

Aster mims 04/11/2022

കാമുകന്‍ ബലാത്സംഗം ചെയ്തതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്. വയറുവേദനയെ തുടര്‍ന്ന് ഡോക്ടര്‍ നടത്തിയ പരിശോധനയിലാണ് അതിജീവിതയും മാതാപിതാക്കളും ഇക്കാര്യം അറിഞ്ഞത്. അപ്പോഴേക്കും ഗര്‍ഭസ്ഥശിശുവിന്  25 ആഴ്ചയും ആറു ദിവസവും പിന്നിട്ടിരുന്നു. തുടര്‍ന്ന് ഗര്‍ഭഛിദ്രത്തിന് അനുമതി തേടി അതിജീവിതയുടെ മാതാപിതാക്കള്‍ കീഴ് ക്കോടതിയെ സമീപിച്ചെങ്കിലും അനുമതി നിഷേധിക്കുകയായിരുന്നു. പിന്നാലെയാണ് കുടുംബം  ഈ മാസം 22ന് ഹൈകോടതിയെ സമീപിച്ചത്. അപ്പോള്‍ ഗര്‍ഭസ്ഥശിശുവിന് 26 ആഴ്ചയും അഞ്ച് ദിവസവും ആയിരുന്നു പ്രായം.

പ്രത്യുല്‍പാദനം നടത്താനുള്ള അവകാശം സ്ത്രീയുടേതാണെന്നും ഗര്‍ഭം വേണോ എന്നു തീരുമാനിക്കുന്നതു വ്യക്തിസ്വാതന്ത്ര്യത്തില്‍പ്പെട്ട കാര്യമാണെന്നും സുപ്രീം കോടതി ഉത്തരവുള്ള കാര്യം ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ബലാത്സംഗത്തിന് ഇരയായി ഗര്‍ഭിണിയായത് അതിജീവിതയെ ശാരീരികവും മാനസികവുമായി ബാധിച്ചിട്ടുണ്ട് എന്നും വാദിച്ചു.

തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയോട് അതിജീവിതയെ പരിശോധിക്കാന്‍ ഹൈകോടതി നിര്‍ദേശിച്ചു. ഗര്‍ഭഛിദ്രം നടത്തുകയാണെങ്കില്‍ പോലും കുട്ടിയെ ജീവനോടെയേ പുറത്തെടുക്കാന്‍ സാധിക്കൂ എന്നായിരുന്നു മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയത്. മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്‌നന്‍സി നിയമം അനുസരിച്ച് 20 ആഴ്ച വരെയാണു ഗര്‍ഭഛിദ്രം നടത്താനുള്ള അനുമതി.

പ്രത്യേക സാഹചര്യങ്ങളില്‍ വിദഗ്ധ മെഡിക്കല്‍ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ 24 ആഴ്ച വരെ ഗര്‍ഭഛിദ്രം നടത്താം എന്നാണ് നിയമം. സ്ത്രീയുടെ ശരീരത്തിന്മേല്‍ അവര്‍ക്കാണ് അവകാശമെന്നത് ശരിയാകുമ്പോഴും ഗര്‍ഭഛിദ്ര നിയമത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമോ എന്ന് കോടതി വിധിന്യായത്തില്‍ ആരാഞ്ഞു.

കാരണം, ഗര്‍ഭസ്ഥ ശിശു 26 ആഴ്ച പിന്നിട്ടിരിക്കുന്നു എന്നതും ജീവനോടെയേ പുറത്തെടുക്കാന്‍ സാധിക്കൂ എന്നും മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് പറയുന്നു. ഈ സാഹചര്യത്തില്‍ ഗര്‍ഭഛിദ്രം നടത്താന്‍ നിയമം അനുവദിക്കുന്നില്ല. ബലാത്സംഗത്തിന് ഇരയായ അതിജീവിതയെ പ്രസവം ശാരീരികവും മാനസികവുമായി ബാധിക്കുമെന്നു ബോര്‍ഡ് പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ മെഡിക്കല്‍ ബോര്‍ഡ് വിശദമായ അഭിപ്രായം രേഖപ്പെടുത്തിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 

ഈ സാഹചര്യത്തില്‍ ഗര്‍ഭഛിദ്രം നടത്തണമെന്ന ആവശ്യം തള്ളുകയാണെന്നും കോടതി വ്യക്തമാക്കി. തുടര്‍ന്നാണു പ്രസവശേഷം കുട്ടിയെ ദത്തുനല്‍കാന്‍ അതിജീവിതയും മാതാപിതാക്കളും താല്‍പര്യപ്പെടുന്നു എങ്കില്‍ സര്‍ക്കാര്‍ അതിനുള്ള സൗകര്യം ചെയ്യണമെന്നു കോടതി നിര്‍ദേശിച്ചത്.

#HighCourt #Kerala #MolestSurvivor #AbortionRights #LegalDecision #Adoption

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia