Controversy | ഹേമ കമ്മീഷന്‍ റിപോര്‍ട്ട് പൂര്‍ണമായും സ്വാഗതാര്‍ഹം; സമഗ്രമായ അന്വേഷണം വേണം; വേട്ടക്കാരുടെ പേര് എന്തിന് ഒഴിവാക്കി, ആരോപിതര്‍ അഗ്‌നിശുദ്ധി തെളിയിക്കട്ടെ എന്നും ജഗദീഷ്
റിപോര്‍ട്ട് വന്നതിനുശേഷം തെറ്റു ചെയ്യുന്നവരുടെ മനസില്‍ ഭയം വന്നിട്ടുണ്ട്.
തെറ്റോ ചൂഷണമോ സംഭവിച്ചാല്‍ ചോദിക്കാന്‍ സംവിധാനങ്ങളുണ്ടെന്ന് ആളുകള്‍ക്ക് തോന്നിയിട്ടുണ്ട്.
എല്ലായിടത്തും ചൂഷണമില്ല. ചൂഷണമുണ്ടെങ്കില്‍ അത് പരിഹരിക്കണം. അതിനുള്ള ശ്രമങ്ങളുണ്ടായില്ലെങ്കില്‍ ഇതുപോലെ ജനങ്ങളില്‍നിന്ന് ചോദ്യങ്ങള്‍ നേരിടേണ്ടിവരും
കൊച്ചി: (KVARTHA) ഹേമ കമ്മീഷന്‍ റിപോര്‍ട്ട് പൂര്‍ണമായും സ്വാഗതാര്‍ഹമെന്നും സമഗ്രമായ അന്വേഷണം വേണമെന്നും വ്യക്തമാക്കി അമ്മ എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം ജഗദീഷ്. വേട്ടക്കാരുടെ പേര് എന്തിന് റിപോര്‍ട്ടില്‍ ഒഴിവാക്കിയെന്നും ആരോപിതര്‍ അഗ്‌നിശുദ്ധി തെളിയിക്കട്ടെയെന്നും ജഗദീഷ് പറഞ്ഞു.
റിപോര്‍ട്ടിലെ ചില പേജുകള്‍ എന്തിന് ഒഴിവാക്കിയെന്ന വിശദീകരണം സര്‍ക്കാര്‍ നല്‍കേണ്ടി വരും. ഇരയായവരുടെ പേര് ഒഴിവാക്കാം. വേട്ടക്കാരുടെ പേര് ഒഴിവാക്കണമെന്ന് ആരും പറഞ്ഞിട്ടില്ല. കോടതിയില്‍ മുദ്രവച്ച കവറില്‍ റിപോര്‍ട്ടിന്റെ പൂര്‍ണരൂപത്തില്‍ കൂടുതല്‍ വിവരങ്ങളുണ്ടെങ്കില്‍ ശക്തമായ നടപടിയെടുക്കണം. ആ പുഴുക്കുത്തുകളെ പുറത്തുകൊണ്ടുവരണമെന്നും ജഗദീഷ് പറഞ്ഞു.
ഹേമ കമ്മിറ്റി റിപോര്‍ട്ട് ഇത്രയും കാലം പൂഴ്ത്തിവച്ചത് എന്തിനെന്നതില്‍ മതിയായ വിശദീകരണം ഇതുവരെ ലഭിച്ചിട്ടില്ല. റിപോര്‍ട്ട് അന്നുതന്നെ പ്രസിദ്ധീകരിച്ചിരുന്നെങ്കില്‍ ഇക്കാലം കൊണ്ടു വലിയ മാറ്റമുണ്ടായേനെ. ഇന്നു നടിമാര്‍ക്കു പരാതി പറയേണ്ടി വരില്ലായിരുന്നു. ഹേമ കമ്മിറ്റി റിപോര്‍ട്ട് വന്നതിനുശേഷം തെറ്റു ചെയ്യുന്നവരുടെ മനസില്‍ ഭയം വന്നിട്ടുണ്ട്.
തെറ്റോ ചൂഷണമോ സംഭവിച്ചാല്‍ ചോദിക്കാന്‍ സംവിധാനങ്ങളുണ്ടെന്ന് ആളുകള്‍ക്ക് തോന്നിയിട്ടുണ്ട്. എല്ലായിടത്തും ചൂഷണമില്ല. ചൂഷണമുണ്ടെങ്കില്‍ അത് പരിഹരിക്കണം. അതിനുള്ള ശ്രമങ്ങളുണ്ടായില്ലെങ്കില്‍ ഇതുപോലെ ജനങ്ങളില്‍നിന്ന് ചോദ്യങ്ങള്‍ നേരിടേണ്ടിവരുമെന്നും ജഗദീഷ് പറഞ്ഞു.
അമ്മയ്‌ക്കോ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനോ ചേംബറിനോ വിഷയത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും ജഗദീഷ് വ്യക്തമാക്കി. വാതിലില്‍ മുട്ടിയെന്ന് ഒരാള്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അതേകുറിച്ച് അന്വേഷിക്കണം. ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് മാറ്റിനിര്‍ത്തരുത്. ഒറ്റപ്പെട്ട സംഭവങ്ങളും അന്വേഷിക്കണമെന്നും ജഗദീഷ് പറഞ്ഞു. പല തൊഴിലിടത്തും ഇങ്ങനെയില്ലേ എന്ന ചോദ്യം അപ്രസക്തമാണ്. അത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാവിയില്‍ ഈ പ്രശ്‌നം പരിഹരിക്കാനാണു നമ്മള്‍ ശ്രമിക്കേണ്ടതെന്നും ജഗദീഷ് പറഞ്ഞു.
ജഗദീഷിന്റെ വാക്കുകള്‍:
റിപോര്‍ട്ടിലെ വിലയിരുത്തലുകളെ സാമാന്യവത്കരിക്കരുത്. വിജയിച്ച നടിയോ നടനോ വഴിവിട്ട പാതയിലൂടെ വന്നവരാണെന്നു ഹേമ കമ്മിറ്റി പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞെങ്കില്‍ വേദനയുണ്ടാക്കുന്നതാണ്. റിപ്പോര്‍ട്ടിലെ ചില പേജുകള്‍ എന്തിന് ഒഴിവാക്കിയെന്ന വിശദീകരണം സര്‍ക്കാര്‍ നല്‍കേണ്ടി വരും. ഇരയായവരുടെ പേര് ഒഴിവാക്കാം. വേട്ടക്കാരുടെ പേര് ഒഴിവാക്കണമെന്ന് ആരും പറഞ്ഞിട്ടില്ല. കോടതിയില്‍ മുദ്രവച്ച കവറില്‍ റിപോര്‍ട്ടിന്റെ പൂര്‍ണരൂപത്തില്‍ കൂടുതല്‍ വിവരങ്ങളുണ്ടെങ്കില്‍ ശക്തമായ നടപടിയെടുക്കണം. ആ പുഴുക്കുത്തുകളെ പുറത്തുകൊണ്ടുവരണം.
പേരുകള്‍ പുറത്തുവിടാന്‍ ഹൈക്കോടതി അനുവദിക്കുമെങ്കില്‍ അതു നടക്കട്ടെ. കോടതി എന്തു തീരുമാനമെടുത്താലും പൂര്‍ണമായി സഹകരിക്കും. ഏതെങ്കിലും വ്യക്തികള്‍ക്കെതിരെ കേസെടുക്കാന്‍ കോടതി പറഞ്ഞാല്‍ അവര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ അമ്മ തയാറാണ്. പവര്‍ ഗ്രൂപ്പ് ഒരു ആലങ്കാരിക പദമാണ്. സ്വാധീനമുള്ള വ്യക്തികളെന്നാകും ഉദ്ദേശിച്ചത്. എന്നാല്‍ പവര്‍ ഗ്രൂപ്പിനെപ്പറ്റി കേട്ടിട്ടില്ല. സ്വാധീനമുള്ള വ്യക്തികളുടെ ആധിപത്യം എന്നാകും ഉദ്ദേശിച്ചത്. മാഫിയ ഉണ്ടെന്ന് കരുതുന്നില്ല. കാസ്റ്റിങ് കൗച്ച് ചിലര്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അവരത് പറയുമ്പോള്‍ അന്നു പറയാത്തതെന്താ എന്ന് ചോദിക്കാനാവില്ല. അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും പരാതി ഉന്നയിക്കാം.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇത്രയും കാലം പൂഴ്ത്തിവച്ചത് എന്തിനെന്നതില്‍ മതിയായ വിശദീകരണം ഇതുവരെ ലഭിച്ചിട്ടില്ല. റിപോര്‍ട്ട് അന്നുതന്നെ പ്രസിദ്ധീകരിച്ചിരുന്നെങ്കില്‍ ഇക്കാലം കൊണ്ടു വലിയ മാറ്റമുണ്ടായേനെ. ഇന്നു നടിമാര്‍ക്കു പരാതി പറയേണ്ടി വരില്ലായിരുന്നു. ഹേമ കമ്മിറ്റി റിപോര്‍ട്ട് വന്നതിനുശേഷം തെറ്റു ചെയ്യുന്നവരുടെ മനസില്‍ ഭയം വന്നിട്ടുണ്ട്. തെറ്റോ ചൂഷണമോ സംഭവിച്ചാല്‍ ചോദിക്കാന്‍ സംവിധാനങ്ങളുണ്ടെന്ന് ആളുകള്‍ക്ക് തോന്നിയിട്ടുണ്ട്. എല്ലായിടത്തും ചൂഷണമില്ല. ചൂഷണമുണ്ടെങ്കില്‍ അത് പരിഹരിക്കണം. അതിനുള്ള ശ്രമങ്ങളുണ്ടായില്ലെങ്കില്‍ ഇതുപോലെ ജനങ്ങളില്‍നിന്ന് ചോദ്യങ്ങള്‍ നേരിടേണ്ടിവരും.
ഹേമ കമ്മിറ്റി അടിസ്ഥാനമാക്കി ഹൈക്കോടതി ഉചിതമായ തീരുമാനമെടുക്കും. അത് ഞങ്ങള്‍ക്ക് സ്വീകാര്യമായ കാര്യമാണ്. അതിനു ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കും. അറിവുള്ള കാര്യങ്ങള്‍ മൊഴിയായി രേഖപ്പെടുത്താനും തയ്യാറാണ്. ഹേമ കമ്മിറ്റി രൂപംകൊണ്ടതോടെയാണ് പരാതികള്‍ പറയാന്‍ വേദിയൊരുങ്ങിയത്.
സിനിമാ മേഖലയില്‍ വലിയ മാറ്റങ്ങള്‍ ഇക്കാലത്തുണ്ടായിട്ടുണ്ട്. എന്നു കരുതി അഞ്ചുകൊല്ലം മുന്‍പ് നടന്നാലും പത്തുകൊല്ലം മുന്‍പ് നടന്നാലും ലൈംഗിക ചൂഷണം സ്വാഗതം ചെയ്യപ്പെടേണ്ട കാര്യമല്ല. അതിനെതിരെ നടപടിയെടുക്കണം. അമ്മയിലെ ആര്‍ക്കെങ്കിലും എതിരെ പരാതി വന്നിട്ടുണ്ടെങ്കില്‍ അവര്‍ അഗ്‌നിശുദ്ധി തെളിയിക്കട്ടെയെന്നും ജഗദീഷ് പറഞ്ഞു.
ദിലീപിന്റെ കേസില്‍ സംഘടനയില്‍ തീരുമാനം വരുന്നതിന് മുന്‍പ് തന്നെ ദിലീപ് രാജിവച്ചു. അയാള്‍ക്കെതിരെ പിന്നീട് അമ്മ അച്ചടക്ക നടപടി എടുക്കേണ്ട കാര്യമില്ല. അക്കാര്യത്തില്‍ കോടതിയാണ് ഇനി വിധി പറയേണ്ടത്. ആക്രമിക്കപ്പെട്ട നടിക്ക് നീതികിട്ടണമെന്ന കാര്യത്തില്‍ അമ്മ ഉറച്ചുനില്‍ക്കുകയാണ്. ആരാണ് കുറ്റവാളിയെന്ന് കോടതി തീരുമാനിക്കും.
കോടതിവിധി അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. ഇന്റേണല്‍ കമ്മിറ്റി പഴുതുകള്‍ ഉള്ള സംവിധാനമാണ്. യഥാര്‍ഥത്തില്‍ ഒരു തൊഴിലിടത്തില്‍ കമ്മിറ്റി രൂപീകരിക്കാം. ഒരോ സിനിമയിലും ഓരോ കമ്മിറ്റി വേണോ, അതോ സിനിമാമേഖലയ്ക്ക് മൊത്തമായിട്ട് ഒന്നുമതിയോ എന്നു തീരുമാനിക്കണമെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു.
ആരോപണങ്ങള്‍ ആര്‍ക്കുനേരെ വന്നാലും അന്വേഷിക്കപ്പെടണം. അതിക്രമങ്ങള്‍ക്കെതിരെ ഒന്നിച്ചുനിന്ന് പരിഹാരം കണ്ടെത്തണം. ഹേമകമ്മിറ്റിയുടെ മുന്നില്‍ പറഞ്ഞ കാര്യങ്ങള്‍ പരാതിയായി അമ്മയ്ക്ക് ലഭിച്ചിട്ടില്ല. അതിനര്‍ഥം ചൂഷണം നടന്നുണ്ടാകില്ലെന്നല്ല, നടന്നിട്ടുണ്ടാകാം. അതുണ്ടായവര്‍ തന്നെയാകണം പരാതി പറഞ്ഞിട്ടുള്ളത്. അത് എങ്ങനെയാണ് പരിഹരിക്കേണ്ടതെന്ന് ജസ്റ്റിസ് ഹേമ നിര്‍ദേശിച്ചാല്‍ അതും അമ്മ പരിഗണിക്കും. അവസരം നിഷേധിക്കപ്പെട്ടു എന്ന് ഒരു നടി പറയുമ്പോള്‍ അത് അന്വേഷിക്കണം. നിഷേധിച്ചതാര്, എന്തുകൊണ്ട് നിഷേധിച്ചു എന്നീ കാര്യങ്ങളും ചോദിച്ചു മനസ്സിലാക്കണം- എന്നും ജഗദീഷ് പറഞ്ഞു.
#HemaCommission #Jagadeesh #KeralaCinema #AMMA #MalayalamFilm #Investigation