Security Breach | 'അതീവ സുരക്ഷാ മേഖലയായ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് മുകളിലൂടെ സ്വകാര്യ ഹെലികോപ്റ്റര്‍ രാത്രിയില്‍ 5 തവണ പറന്നു'; സുരക്ഷാ വീഴ്ച ആരോപിച്ച് ഭരണസമിതി; ദുരുഹതകള്‍ക്ക് വഴിയൊരുക്കുന്നു, രഹസ്യങ്ങള്‍ പുറത്തുകൊണ്ടുവരണമെന്ന് സര്‍കാരിനോട് ആവശ്യപ്പെട്ട് കുമ്മനം
Aug 5, 2023, 08:27 IST
തിരുവനന്തപുരം: (www.kvartha.com) അതീവ സുരക്ഷാ മേഖലയായ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് മുകളിലൂടെ ജൂലൈ 28ന് സ്വകാര്യ കംപനിയുടെ ഹെലികോപ്റ്റര്‍ സഞ്ചരിച്ച സംഭവത്തില്‍ സുരക്ഷാ വീഴ്ച ആരോപിച്ച് ക്ഷേത്ര ഭരണസമിതി. രാത്രി ഏഴ് മണിയോടെ, അഞ്ചു തവണ ഹെലികോപ്റ്റര്‍ ക്ഷേത്രത്തിന് മുകളിലൂടെ പറന്നുവെന്നാണ് റിപോര്‍ട്.
ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നത് ആശങ്കാജനകമായ വാര്‍ത്തയാണെന്ന് ഭരണസമിതിയിലെ കേന്ദ്രസര്‍കാര്‍ പ്രതിനിധി കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഭക്തജനങ്ങള്‍ ആശങ്കയിലാണ്. ക്ഷേത്ര നിലവറയില്‍ കോടിക്കണക്കിന് രൂപ വില മതിക്കുന്ന സ്വര്‍ണശേഖരം കണ്ടെത്തിയ ശേഷം വലിയ സുരക്ഷയാണ് ക്ഷേത്രത്തില്‍ ഏര്‍പെടുത്തിയിരിക്കുന്നത്. വിമാനം പറന്നത് നിസ്സാരമായി കാണാനാകില്ല. സര്‍കാര്‍ ഇക്കാര്യം ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം ഫേസ്ബുകിലൂടെ പറഞ്ഞു.
ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിനു മുകളില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ഹെലികോപ്റ്റര്‍ വട്ടമിട്ട് പറന്നതിനെക്കുറിച്ചു വിശദമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. പരാതിയുടെ കോപി സഹിതമാണ് അദ്ദേഹം എഫ്ബി കുറിപ്പ് നല്‍കിയത്. വളരെ ഉത്കണ്ഠ ഉയര്‍ത്തുന്ന സംഭവമാണെന്നും ഭക്തര്‍ ആശങ്കയിലാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. രാത്രി ഏഴ് മണിയ്ക്ക് ക്ഷേത്രത്തില്‍ പൂജ നടക്കുമ്പോഴാണ് ഇത് ഉണ്ടായത്. ഈ സംഭവം യാദൃശ്ചികമായി കാണാന്‍ കഴിയില്ല. മാത്രവുമല്ല ഒറ്റപ്പെട്ട സംഭവമായി തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
അവിടെ കോടിക്കണക്കിന് രൂപയുടെ വില പിടിപ്പുള്ള ആഭരണവും സ്വര്‍ണശേഖരങ്ങളുമുണ്ട്. 200ലധികം പൊലീസുകാര്‍ അവിടെ സുരക്ഷാ കാര്യങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍,? ആകാശത്ത് ഇത്തരത്തില്‍ ഹെലികോപ്റ്റര്‍ വട്ടമിട്ട് പറന്നിട്ടുണ്ടെങ്കില്‍ അത് നിസാരമായി തള്ളിക്കളയാനുള്ളതല്ല. ആകാശ മാര്‍ഗം ക്ഷേത്രത്തിന് മുകളിലൂടെ യാത്ര ചെയ്യാന്‍ പാടില്ലെന്ന നിയമം നിലനില്‍ക്കുമ്പോഴാണ് അവിടെ ഹെലികോപ്റ്റര്‍ എത്തിയത്. ഇത് ദുരുഹതകള്‍ക്ക് വഴിയൊരുക്കുന്നു. കൂടാതെ അത് ഒരു സ്വകാര്യ ഹെലികോപ്റ്റടറാണ്' - കുമ്മനം പറഞ്ഞു. ഇതിന്റെ രഹസ്യങ്ങള്‍ പുറത്തുകൊണ്ടുവരണമെന്നും കുമ്മനം സര്‍കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ സ്വകാര്യ വിമാനക്കംപനിയുടെ ഉടമസ്ഥതയിലുള്ള ചെറു വിമാനമാണ് പറന്നതെന്നാണ് പൊലീസ് വിശദീകരണം. സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് സിറ്റി പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ വിലയിരുത്തല്‍. വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ നിര്‍ദേശിച്ച വഴിയിലൂടെയാണ് സഞ്ചരിച്ചതെന്ന് ഏവിയേഷന്‍ അധികൃതര്‍ പൊലീസിനോട് വ്യക്തമാക്കി. സൈന്യത്തില്‍ നിന്നു വിരമിച്ച പൈലറ്റുമാര്‍ സ്വകാര്യ വിമാനക്കംപനികളില്‍ പ്രവേശിക്കുന്നതിന് മുന്‍പ് ഇത്തരം പരിശീലന പറത്തലുകള്‍ നടത്താറുണ്ടെന്ന് പൊലീസ് പറഞ്ഞു.
Keywords: News, Kerala, Kerala-News, Religion, Religion-News, Security Breach, Helicopter, Sri Padmanabhaswamy Temple, Kummanam Rajasekharan, FB Post, Helicopter flew over Sri Padmanabhaswamy temple in 5 times at night; Alleges security breach.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.