Alert | കനത്ത മഴ: പീച്ചി ഡാം തുറന്നു; ജാഗ്രത പാലിക്കാൻ നിർദേശം; മണലി, കരുവന്നൂർ പുഴകളിൽ ജലനിരപ്പ് ഉയരാൻ സാധ്യത


കെ.എസ്.ഇ.ബിയുടെ വൈദ്യുതി ഉത്പാദനത്തിന് പരമിതിതമായ തോതില്‍ ജലം നല്‍കുന്നുണ്ടെങ്കിലും ഡാമിലേക്കുള്ള ശക്തമായ നീരൊഴുക്ക് മൂലം ജലനിരപ്പ് ഉയരുന്ന സാഹചര്യവും വരും ദിവസങ്ങളിലെ കനത്ത മഴ സാധ്യത കണക്കിലെടുത്തുമാണ് നടപടി
തൃശൂർ: (KVARTHA) വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതിനാല്‍ അധികജലം പുറത്തേക്കൊഴുക്കി ജലനിരപ്പ് ക്രമീകരിക്കുന്നതിന് പീച്ചി ഡാമിന്റെ നാല് ഷട്ടറുകള്‍ ഘട്ടംഘട്ടമായി 7.5 സെന്റിമീറ്റര്‍ വീതം തുറന്നു. സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് അധികജലം ഒഴുക്കുന്നത് മൂലം മണലി, കരുവന്നൂര്‍ പുഴകളിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനും ജില്ലാ കലക്ടറുമായ അർജുൻ പാണ്ഡ്യന്റെ നിർദ്ദേശപ്രകാരമാണ് ഷട്ടറുകൾ തുറന്നത്. നിലവിൽ ഡാമിലെ ജലനിരപ്പ് 78.25 മീറ്ററാണ്, പരമാവധി ജലനിരപ്പ് 79.25 മീറ്ററാണ്. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴ മൂലം ഡാമിലേക്ക് വൻതോതിൽ വെള്ളം ഒഴുകിയെത്തിയിരുന്നു.
കെ.എസ്.ഇ.ബിയുടെ വൈദ്യുതി ഉത്പാദനത്തിന് പരമിതിതമായ തോതില്‍ ജലം നല്‍കുന്നുണ്ടെങ്കിലും ഡാമിലേക്കുള്ള ശക്തമായ നീരൊഴുക്ക് മൂലം ജലനിരപ്പ് ഉയരുന്ന സാഹചര്യവും വരും ദിവസങ്ങളിലെ കനത്ത മഴ സാധ്യത കണക്കിലെടുത്തുമാണ് നടപടി. വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വൈകിട്ട് അഞ്ചിന് പീച്ചി ഡാമിന്റെ ഷട്ടറുകൾ 7.5 സെന്റീമീറ്ററിൽ നിന്നും 15 സെന്റീമീറ്റർ ആയി ഉയർത്തുമെന്നും അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
വാഴാനി ഡാം ഷട്ടറുകൾ എട്ടു സെന്റീമീറ്റർ ആയി ഉയർത്തി
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജലനിരപ്പ് ക്രമീകരിക്കുന്നതിന് വാഴാനി ഡാമിന്റെ നാല് സ്പിൽവേ ഷട്ടറുകൾ മൂന്ന് സെന്റിമീറ്റർ കൂടി തുറന്നു 8 സെന്റീമീറ്റർ ആക്കി ഉയർത്തിയതായും വടക്കാഞ്ചേരി പുഴയിലേക്ക് അധികജലം ഒഴുകുന്നതിനാൽ പ്രദേശവാസികൾ ജാഗ്രത പുലർത്തണമെന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.