Heavy Rush | ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്; ദര്‍ശന സമയം 3 മണിക്കൂര്‍ വര്‍ധിപ്പിച്ചു; മതിയായ പൊലീസ് സംവിധാനമില്ലെന്ന് പരാതി


● ഉച്ചയ്ക്ക് ഒരു മണിക്ക് നടയടക്കുന്നതിന് പകരം മൂന്നു മണി വരെ ഭക്തര്‍ക്ക് ദര്‍ശനസൗകര്യം
● വൈകിട്ട് അഞ്ചു മണിക്ക് നട തുറക്കുന്നതിനു പകരം നാലുമണിക്ക് ദര്‍ശനത്തിനായി നട തുറക്കും
● തിരക്ക് നിയന്ത്രിക്കാനാകാതെ പാടുപെട്ട് പൊലീസ്
ശബരിമല: (KVARTHA) ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക് അനുഭവപ്പെടുന്നതിനാല്‍ ദര്‍ശന സമയം മൂന്നു മണിക്കൂര്‍ വര്‍ധിപ്പിച്ചു. മാസപൂജാ സമയത്ത് ഇത്രയും തിരക്കു വരുന്നത് ഇത് ആദ്യമാണെന്ന് അധികൃതര്‍ പറഞ്ഞു. ഇതേതുടര്‍ന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് നടയടക്കുന്നതിന് പകരം മൂന്നു മണി വരെ ഭക്തര്‍ക്ക് ദര്‍ശനസൗകര്യം അനുവദിച്ചു. വൈകിട്ട് അഞ്ചു മണിക്ക് നട തുറക്കുന്നതിനു പകരം നാലുമണിക്ക് ദര്‍ശനത്തിനായി നട തുറക്കുമെന്നും അധികൃതര്‍ അറിയിച്ചു.
സന്നിധാനത്ത് ദര്‍ശനത്തിനായി മലകയറി എത്തിയ തീര്‍ഥാടകരുടെ വന്‍ തിരക്കാണ് ശനിയാഴ്ച രാവിലെ മുതല്‍ അനുഭവപ്പെട്ടത്. പതിനെട്ടാംപടി കയറാനുള്ള നിര ശരംകുത്തി വരെ നീണ്ടു. ആറു മണിക്കൂര്‍ വരെ കാത്തു നിന്നാണ് അയ്യപ്പന്മാര്‍ ദര്‍ശനം നടത്തുന്നത്.
തിരക്കു നിയന്ത്രിക്കാന്‍ മതിയായ പൊലീസ് സംവിധാനവുമില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. 170 പൊലീസുകാരാണ് ആകെയുള്ളത്. ഇവര്‍ മൂന്ന് ഷിഫ്റ്റായിട്ടാണ് ഡ്യൂട്ടി. മിനിറ്റില്‍ 85 മുതല്‍ 90 പേരെ വരെ പതിനെട്ടാംപടി കയറ്റിയാലേ തിരക്കു കുറയ്ക്കാന്‍ കഴിയൂ. എന്നാല്‍ തിരക്കിന് അനുസരിച്ച് പൊലീസ് സംവിധാനം ഇല്ലാത്തതിനാല്‍ നന്നേ ബുദ്ധിമുട്ട് അനുഭവപ്പെടുകയാണ്.
ഒരു മിനിറ്റില്‍ പരമാവധി 50 മുതല്‍ 52 പേര്‍ വരെയാണ് പടികയറുന്നത്. ഇതിനിടെ നടപ്പന്തലില്‍ വരി നില്‍ക്കാതെ പതിനെട്ടാംപടിക്കു താഴെ ബാരിക്കേഡിനു പുറത്ത് തിക്കും തിരക്കും കൂട്ടുന്നവരും ഉണ്ട്. ഇവരെ നിയന്ത്രിക്കാന്‍ ആളില്ല. വാവരു നട, അഴിയുടെ ഭാഗം, മഹാ കാണിക്ക എന്നിവിടങ്ങളിലാണ് നിയന്ത്രണമില്ലാതെ തിക്കും തിരക്കും കൂട്ടുന്നത്.
പതിനെട്ടാംപടി കയറാന്‍ മണിക്കൂറുകള്‍ കാത്തു നില്‍ക്കുന്ന തീര്‍ഥാടകര്‍ക്ക് ചുക്കു വെള്ളം കൊടുക്കാന്‍ വലിയ നടപ്പന്തലില്‍ മാത്രമാണ് ദേവസ്വം ബോര്‍ഡ് ക്രമീകരണം ചെയ്തിട്ടുള്ളത്. സന്നിധാനത്തിലെ ശബരി ഗസ്റ്റ് ഹൗസ്, സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ്, പില്‍ഗ്രീം സെന്ററുകള്‍ എന്നിവയില്‍ തീര്‍ഥാടന അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ സന്നിധാനത്ത് താമസ സൗകര്യവും കുറവാണ്, വില്ലനായി മഴയും ഉണ്ട്.
#Sabarimala, #AyyappaDevotees, #Pilgrimage, #CrowdControl, #DarshanTimeExtended, #KeralaNews