Yoga Clubs | സംസ്ഥാനത്ത് 10,000 യോഗ ക്ലബ്ബുകള്‍ സ്ഥാപിക്കും: സമൂഹത്തിന്റെ രോഗാതുരത കുറയ്ക്കുന്നതില്‍ ഈ അഭ്യാസത്തിന് പരമ പ്രധാന സ്ഥാനമുണ്ടെന്നും മന്ത്രി വീണാ ജോര്‍ജ്

 
Health Minister Veena George Says 10,000 yoga clubs will be established in the state, Thiruvananthapuram, News, Health Minister, Veena George, Yoga clubs, Established, Kerala News


കഴിഞ്ഞ വര്‍ഷം 1000 യോഗ ക്ലബ്ബുകള്‍ ആരംഭിച്ചു


600 ഓളം വനിതാ യോഗ ക്ലബ്ബുകളും ആരംഭിച്ചു


പുതുതായി തുടങ്ങുന്ന 10,000 യോഗ ക്ലബ്ബുകളിലും നല്ലൊരു ശതമാനം വനിതാ യോഗ ക്ലബ്ബുകള്‍ ഉണ്ടാകും

തിരുവനന്തപുരം: (KVARTHA) യോഗ പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഈ വര്‍ഷം പുതുതായി 10,000 യോഗ ക്ലബ്ബുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ വര്‍ഷം 1000 യോഗ ക്ലബ്ബുകള്‍ ആരംഭിച്ചു. കൂടാതെ 600 ഓളം വനിതാ യോഗ ക്ലബ്ബുകളും ആരംഭിച്ചു. പുതുതായി തുടങ്ങുന്ന 10,000 യോഗ ക്ലബ്ബുകളിലും നല്ലൊരു ശതമാനം വനിതാ യോഗ ക്ലബ്ബുകള്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. 

ശരാശരി ഒരു യോഗാ ക്ലബ്ബില്‍ 25 അംഗങ്ങള്‍ ഉണ്ടായാല്‍ 10,000 യോഗ ക്ലബ്ബിലൂടെ 2,50,000 പേര്‍ക്ക് യോഗ അഭ്യസിക്കാന്‍ സാധിക്കും. ഇതിലൂടെ സമൂഹത്തിന് ഉണ്ടാകുന്ന ആരോഗ്യകരമായ മാറ്റം വലുതാണെന്നും മന്ത്രി പറഞ്ഞു. പത്താമത് അന്താരാഷ്ട്ര യോഗ ദിനം സംസ്ഥാനതല ഉദ് ഘാടനം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ വര്‍ഷം ആരംഭിച്ച 1000 യോഗ ക്ലബ്ബുകളുടേയും 600 വനിതാ യോഗ ക്ലബ്ബുകളുടേയും പ്രവര്‍ത്തന റിപ്പോര്‍ട്ട് മന്ത്രിക്ക് സമര്‍പ്പിച്ചു.

'യോഗ വ്യക്തിക്കും സമൂഹത്തിനും' എന്നതാണ് ഈ വര്‍ഷത്തെ യോഗ ദിന സന്ദേശം. യോഗയ്ക്ക് ലോകമെമ്പാടും ലഭിക്കുന്ന അംഗീകാരം രാജ്യത്തിന് അഭിമാനമാണ്. 2014 ഡിസംബറിലാണ് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഇന്ത്യ അവതരിപ്പിച്ച പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കാന്‍ തുടക്കമിട്ടത്. 

വ്യക്തികളുടെ ശാരീരികവും മാനസികവും വൈകാരികവുമായ നിലനനില്‍പ്പിന് യോഗ അനിവാര്യമാണ്. പൊതുസമൂഹം ഇത് തിരിച്ചറിഞ്ഞതില്‍ വളരെ സന്തോഷവും അഭിമാനവുമുണ്ട്. ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള നിരവധി മാര്‍ഗങ്ങള്‍ നവ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നുണ്ട്. എന്നാല്‍ ചിലതിന് ഒരു ശാസ്ത്രീയ അടിസ്ഥാനവുമില്ല. 


ശരീരത്തിന്റേയും മനസിന്റേയും ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ് യോഗ. വ്യക്തിയേയും പ്രകൃതിയേയും ഉള്‍ക്കൊണ്ടുകൊണ്ടുള്ള ശാസ്ത്രീയമായ യോഗാഭ്യാസം രോഗങ്ങളെ അകറ്റി ശരീരത്തിന് നല്ല രോഗ പ്രതിരോധ ശേഷി നേടാനും സാധിക്കും.

നവകേരള കര്‍മ്മപദ്ധതിയിലെ 10 പ്രധാന പദ്ധതികളില്‍ ഒന്നാണ് ജീവിതശൈലീ രോഗങ്ങളെ അകറ്റി നിര്‍ത്തുക എന്നത്. മാതൃശിശു മരണം ഏറ്റവും കുറവ് കേരളത്തിലാണ്. ആയുര്‍ ദൈര്‍ഘ്യം ഏറ്റവും കൂടുതലും കേരളത്തിലാണ്. എന്നാല്‍ ജീവിതശൈലീ രോഗങ്ങള്‍ ഒരു വെല്ലുവിളിയായി നില്‍ക്കുന്നു. ഈ വെല്ലുവിളികളെ പ്രതിരോധിച്ച് സമൂഹത്തിന്റെ രോഗാതുരത കുറയ്ക്കുക എന്നതില്‍ യോഗയ്ക്ക് പരമ പ്രധാന സ്ഥാനമുണ്ട്. 

എല്ലാ വിഭാഗം ജനങ്ങള്‍ക്കും സൗജന്യമായി യോഗ അഭ്യസിപ്പിക്കുക എന്ന ഉദ്യമമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സമ്പൂര്‍ണ യോഗ പരിജ്ഞാനം നല്‍കി ആരോഗ്യവും ജീവിത ഗുണനിലവാരവും ഉറപ്പ് വരുത്താനാണ് പരിശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, എന്‍ എച്ച് എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കെ ജീവന്‍ ബാബു, നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. ഡി സജിത് ബാബു, ഐ എസ് എം ഡയറക്ടര്‍ ഡോ. കെ എസ് പ്രിയ, ഹോമിയോപ്പതി ഡയറക്ടര്‍ ഇന്‍ചാര്‍ജ് ഡോ. ബീന, ആയൂര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. ടി.ഡി. ശ്രീകുമാര്‍, ഹോമിയോപ്പതി മെഡിക്കല്‍ വിദ്യാഭ്യാസ പിസിഒ ഡോ. ടികെ വിജയന്‍, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. നന്ദകുമാര്‍, നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ ഡോ. ജയനാരായണന്‍, ഡോ. സജി എന്നിവര്‍ പങ്കെടുത്തു.

നിലവിലെ യോഗ ക്ലബ്ബുകളിലുള്ള അംഗങ്ങള്‍ പങ്കെടുത്ത മാസ് യോഗാ ഡെമോണ്‍സ്ട്രേഷനും സംഘടിപ്പിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia