Massive Raid | തൃശ്ശൂരിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ ജി എസ് ടി ഇന്റലിജന്‍സ് വിഭാഗം പിടിച്ചെടുത്തത് കിലോ കണക്കിന് സ്വര്‍ണം; ഓരോ നീക്കവും അതീവ രഹസ്യമായി
● പിടിച്ചെടുത്തത് 104 കിലോ സ്വര്‍ണം
● റെയ്ഡിനായി വിന്യസിച്ചത് 640 ഉദ്യോഗസ്ഥരെ
● ഓരോ സ്ഥാപനങ്ങളും മാസങ്ങളായി നിരീക്ഷണത്തില്‍
● ബസ് സഞ്ചരിച്ചത് ഉല്ലാസയാത്ര, അയല്‍ക്കൂട്ട സംഘങ്ങളെന്നുള്ള ബാനറില്‍
തൃശൂര്‍: (KVARTHA) തൃശൂരിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ ജി എസ് ടി ഇന്റലിജന്‍സ് വിഭാഗം പിടിച്ചെടുത്തത് കിലോ കണക്കിന് സ്വര്‍ണം. അതീവ രഹസ്യമായും ആസൂത്രിതമായും നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത 104 കിലോ സ്വര്‍ണമാണ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.
അവസാന നിമിഷം വരെ റെയ്ഡില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ക്ക് പോലും തങ്ങള്‍ എന്താണ് ചെയ്യുന്നതെന്നകാര്യം അറിയില്ലായിരുന്നു. ട്രെയിനിങ് എന്ന പേരില്‍ കൊച്ചിയിലേക്ക് വിളിച്ചുവരുത്തിയ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ വാഹനങ്ങള്‍ ഒഴിവാക്കി വിനോദസഞ്ചാരികളെന്ന പേരില്‍ ടൂറിസ്റ്റ് ബസുകളിലും വാനുകളിലും തൃശൂരില്‍ എത്തിക്കുകയായിരുന്നു.ആകെ 640 ഉദ്യോഗസ്ഥരെയാണ് റെയ്ഡിനായി വിന്യസിച്ചതെന്ന് സംസ്ഥാന ജി എസ് ടി ഇന്റലിജന്‍സ് വിഭാഗം ഡെപ്യൂട്ടി കമ്മിഷണര്‍ ദിനേശ് കുമാര്‍ പറഞ്ഞു.
സംഭവത്തെ കുറിച്ച് ദിനേശ് കുമാര്‍ പറയുന്നത്:
റെയ്ഡിനെക്കുറിച്ച് വളരെ ഉയര്‍ന്ന ഏതാനും ചില ഉദ്യോഗസ്ഥര്‍ക്കു മാത്രമേ അറിവുണ്ടായിരുന്നുള്ളു. തിരഞ്ഞെടുത്ത നാലഞ്ച് ഉദ്യോഗസ്ഥര്‍ മാസങ്ങളായി തൃശൂര്‍ ജില്ലയിലെത്തി രഹസ്യമായി കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ടായിരുന്നു. അവരാണ് പരിശോധിക്കേണ്ട സ്ഥാപനങ്ങളെ കണ്ടെത്തിയത്. റെയ്ഡിന് ഉദ്യോഗസ്ഥരെ എത്തിക്കാനായി എറണാകുളം ജില്ലയില്‍ ഇന്റലിജന്‍സ് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്കുവേണ്ടി പ്രത്യേക പരിശീലനം എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചു.
തൃശൂരില്‍ ഓഡിറ്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്കും ട്രെയിനിങ് സംഘടിപ്പിച്ചു. രണ്ടിലും പങ്കെടുക്കാനെത്തിയ ഉദ്യോഗസ്ഥരില്‍ നിന്നാണ് റെയ്ഡിനുള്ളവരെ ഒരുമിപ്പിച്ചെടുത്തത്. കഴിഞ്ഞ ആറുമാസമായി അന്വേഷണം നടക്കുന്നുണ്ടെങ്കിലും റെയ്ഡ് തുടങ്ങുന്നതുവരെ രഹസ്യസ്വഭാവം സൂക്ഷിച്ചായിരുന്നു ഓരോ നടപടികളും.
എറണാകുളം ജില്ലയില്‍ നിന്ന് ടൂറിസ്റ്റ് ബസിലാണ് ഉദ്യോഗസ്ഥരെ ഇവിടെയെത്തിച്ചത്. അഞ്ച് ടൂറിസ്റ്റ് ബസുകളിലും ഏഴു വാനുകളിലുമായാണ് തൃശൂര്‍ വടക്കുംനാഥന്റെ ഗ്രൗണ്ടില്‍ ഉദ്യോഗസ്ഥരെ ഇറക്കിയത്. കഴിഞ്ഞദിവസം റെയ്ഡ് നടക്കുന്നതുവരെ ഉദ്യോഗസ്ഥര്‍ക്കു ഇതുസംബന്ധിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നില്ല.
ഉല്ലാസയാത്ര, അയല്‍ക്കൂട്ട സംഘങ്ങളെന്ന തരത്തിലുള്ള ബാനറായിരുന്നു ടൂറിസ്റ്റ് ബസുകള്‍ക്ക് നല്‍കിയിരുന്നത്. ആര്‍ക്കും സംശയം തോന്നാത്ത തരത്തില്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ ഉപയോഗിക്കാതെയാണ് റെയ്ഡിന് ഒരുക്കം നടത്തിയത്. റെയ്ഡ് നടത്തിയ ഓരോ സ്ഥലത്തും ആ കേന്ദ്രത്തിന്റെ പ്രത്യേകത അനുസരിച്ചു കുറഞ്ഞത് പത്തു ഉദ്യോഗസ്ഥരെയെങ്കിലും നിയോഗിച്ചിരുന്നു.
നാലു പേരെയും 15 പേരെയും നിയോഗിച്ച സ്ഥലങ്ങളുണ്ട്. ബുധനാഴ്ച രാവിലെ മുതല്‍ ഇപ്പോള്‍ വരെയും ഈ 640 ഉദ്യോഗസ്ഥര്‍ ഉറങ്ങാതെ ജോലി ചെയ്യുകയാണ്. ബുധനാഴ്ച രാവിലെ ഒന്‍പതു മണിക്കു തുടങ്ങിയ പ്രോസസ് ആണ്. വ്യാഴാഴ്ച വൈകിട്ടോടെയേ നടപടികള്‍ അവസാനിക്കൂ. പിടിച്ചെടുത്ത സ്വര്‍ണം ട്രഷറിയിലേക്കു മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
#GSTRaid #ThrissurGold #KeralaCrime #SecretOperation #GoldSeizure #GST