Inspection | സംസ്ഥാന വ്യാപകമായി ഹോടെലുകളില്‍ ജി എസ് ടി പരിശോധന; പ്രാഥമിക അന്വേഷണത്തില്‍ തന്നെ കണ്ടെത്തിയത് കോടികളുടെ നികുതി വെട്ടിപ്പെന്ന് അധികൃതര്‍


കഴിഞ്ഞ ആറു മാസമായി മേഖലയിലെ ചില സ്ഥാപനങ്ങള്‍ സംസ്ഥാന ജി എസ് ടി വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു
വ്യാപകമായ ക്രമക്കേട് കണ്ടെത്തിയ സ്ഥാപനങ്ങളുടെ ഉടമസ്ഥന്മാരുടെയും ബിസിനസ് പങ്കാളികളുടേയും വീടുകളിലും പരിശോധന
തിരുവനന്തപുരം: (KVARTHA) സംസ്ഥാന വ്യാപകമായി ഹോടെലുകളില്‍ നടത്തിയ ജി എസ് ടി പരിശോധനയില്‍ കണ്ടെത്തിയത് കോടികളുടെ നികുതി വെട്ടിപ്പെന്ന് അധികൃതര്‍. സംസ്ഥാനത്തെ 42 ഹോടെലുകളിലാണ് പ്രധാനമായും പരിശോധന നടത്തുന്നത്. റസ്റ്റോറന്റ് മേഖലയില്‍ നടക്കുന്ന വ്യാപക നികുതി വെട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ആറു മാസമായി മേഖലയിലെ ചില സ്ഥാപനങ്ങള്‍ സംസ്ഥാന ജി എസ് ടി വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. ഇതിന് പിന്നാലെയാണ് പരിശോധന.
വ്യാപകമായ ക്രമക്കേട് കണ്ടെത്തിയ സ്ഥാപനങ്ങളുടെ ഉടമസ്ഥന്മാരുടെയും ബിസിനസ് പങ്കാളികളുടേയും വീടുകളിലും ഇതോടൊപ്പം പരിശോധന നടക്കുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് വര്‍ഷം വെട്ടിച്ച തുകയും അത്ര തന്നെ തുക പിഴയും ഇത്രയും നാളത്തെ പലിശയും അടച്ചാല്‍ മാത്രമേ ഈ കേസ് അവസാനിക്കൂ എന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.
പലരും കാറ്ററിങ്, കല്യാണങ്ങള്‍, പാര്‍ടികള്‍, വ്യാപാര മേളകള്‍ എന്നിവിടങ്ങളിലും ഭക്ഷണം നല്‍കുന്നുണ്ടെങ്കിലും അതൊന്നും കണക്കില്‍പെടുത്താറില്ല. ഇത്തരക്കാര്‍ക്കാണ് പിടി വീഴുന്നത്. കഴിഞ്ഞ മേയില്‍ ആക്രി സ്ഥാപനങ്ങളില്‍ 'ഓപറേഷന്‍ പാം ട്രീ' എന്ന പേരില്‍ നടത്തിയ പരിശോധനയില്‍ 250 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഓപറേഷന്‍.