ഇടുക്കിയില്‍ മെഗാ പട്ടയമേള ശനിയാഴ്ച; 15000 പട്ടയങ്ങള്‍ നല്‍കും

 


ഇടുക്കി: (www.kvartha.com 20/08/2015) സംസ്ഥാന സര്‍ക്കാരിന്റെ മെഗാ പട്ടയമേള ശനിയാഴ്ച ഇടുക്കി ഐ.ഡി.എ ഗ്രൗണ്ടില്‍ നടക്കും. 11 മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മെഗാപട്ടയ മേള ഉദ്ഘാടനം ചെയ്യും. റവന്യൂമന്ത്രി അടൂര്‍ പ്രകാശ് അധ്യക്ഷനായിരിക്കും. ധനകാര്യമന്ത്രി കെ.എം. മാണി, ജലവിഭവ വകുപ്പ് മന്ത്രി പി.ജെ. ജോസഫ്, ജനപ്രതിനിധികള്‍, രാഷ്ട്രീയ, സാമൂഹ്യ നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിക്കും. മലയോര കര്‍ഷകരുടെ കൈവശഭൂമിക്ക് പട്ടയം, ഭൂരഹിതരില്ലാത്തവര്‍ക്ക് ഭൂമി, വനഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് വനാവകാശനിയമ പ്രകാരം വനാവകാശ രേഖ തുടങ്ങി 15000ത്തിലേറെ പട്ടയങ്ങള്‍ മേളയോടനുബന്ധിച്ച് വിതരണം ചെയ്യുമെന്ന് ജില്ലാ കലക്ടര്‍ വി. രതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

1993ലെ പ്രത്യേക ഭൂമി പതിവ് ചട്ടപ്രകാരം 3066 ഉം 1964ലെ ഭൂമി പതിവ് ചട്ടപ്രകാരം 1760 ഉം 1964ലെ ഭൂമി പതിവ് ചട്ടപ്രകാരം 518ഉം ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ 8377 ഉം വനാവകാശ രേഖ 320ഉം ഹൈറേഞ്ച് കോളനൈസേഷന്‍ സ്‌കീം പ്രകാരം 110 ഉം മൂലമറ്റം എ.കെ.ജി കോളനിയില്‍ 93ഉം മുനിസിപ്പല്‍ ഭൂമിപതിവില്‍ തൊടുപുഴയില്‍ 88 ഉം പട്ടയങ്ങളാണ് മെഗാ പട്ടയമേളയോടനുബന്ധിച്ച് വിതരണം ചെയ്യുക.

പെരിഞ്ചാന്‍ കുട്ടിയില്‍ വനം വകുപ്പിന്റെ തേക്ക് പ്ലാന്റേഷനില്‍ നിന്നും വനം വകുപ്പ് കുടിയൊഴിപ്പിച്ചതായി അവകാശപ്പെടുന്ന വ്യക്തികള്‍ ആയിരത്തിലേറെ ദിവസങ്ങളായി ജില്ലാ കലക്ട്രേറ്റിനു മുന്‍പില്‍ നടത്തിവരുന്ന സമരം അവസാനിപ്പിക്കുന്നതിന്് വ്യക്തമായ പരിഹാര മാര്‍ഗങ്ങള്‍ക്ക് മെഗാ പട്ടയമേളയുടെ ഭാഗമായി രൂപം കൊടുത്തിട്ടുണ്ട്. സമരം ചെയ്യുന്ന വ്യക്തികളില്‍ ഭൂമി ലഭിക്കാന്‍ പൂര്‍ണമായോ ഭാഗികമായോ അര്‍ഹതയുള്ള എല്ലാവര്‍ക്കും പരമാവധി ഒരു ഏക്കര്‍ വരെ നല്‍കാനുള്ള ഭൂമി ദേവികുളം താലൂക്കിലെ കീഴാന്തൂരില്‍ ജില്ലാ കലക്ടര്‍ നേരിട്ട് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ഇടുക്കിയില്‍ മെഗാ പട്ടയമേള ശനിയാഴ്ച; 15000 പട്ടയങ്ങള്‍ നല്‍കും

ഭൂമി യഥാര്‍ത്ഥത്തില്‍ ആവശ്യമുള്ള വ്യക്തികള്‍ ഈ ഭൂമി പതിച്ചുലഭിക്കാന്‍ അപേക്ഷ നല്‍കിവരുന്നുണ്ട്. സര്‍ക്കാരില്‍ നിന്ന് ഉത്തരവ് ലഭിച്ചാലുടന്‍തന്നെ കണ്ടെത്തിയ ഭൂമി സമരം ചെയ്യുന്നവരില്‍ അര്‍ഹരായ ആദിവാസികള്‍ക്ക് പതിച്ചുനല്‍കി വര്‍ഷങ്ങളായി നീളുന്ന സമരം അവസാനിപ്പിക്കാനാണ് ജില്ലാ ഭരണകൂടം പരിശ്രമിക്കുന്നത്. ചുരുങ്ങിയത് 15000 പേര്‍ പട്ടയമേളയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 40,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള പന്തലാണ് തയ്യാറാക്കിയിരിക്കുന്നത്. 4000 പേര്‍ക്കുള്ള ഇരിപ്പിടം ക്രമീകരിച്ചതായും കലക്ടര്‍ അറിയിച്ചു.

Keywords: Idukki, Kerala, Patta, Grand Patta fest in Idukki, CM, Oommen Chandy.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia