Gathering | ലിറ്റററി ഫെസ്റ്റിന് പ്രൗഢ സമാപനം; വിദ്യാധരൻ മാസ്റ്ററുടെ സംഗീതത്തിൽ ലയിച്ച് കണ്ണൂർ
● മൂന്ന് ദിവസത്തെ സാഹിത്യോത്സവം വർണാഭമായി
● പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്ത ചർച്ചകളും സംവാദങ്ങളും നടന്നു
● കഥകളി ആചാര്യൻ പത്മശ്രീ സദനം ബാലകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു
കണ്ണൂർ: (KVARTHA) ലിറ്റററി ഫെസ്റ്റിന് പ്രൗഢമായ സമാപനം. സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ തന്റെ പ്രശസ്തമായ ഗാനം ആലപിച്ച് സദസ്സിനെ ആവേശഭരിതരാക്കിയതോടെ ഫെസ്റ്റ് മറ്റൊരു തലത്തിലേക്ക് ഉയർന്നു. മൂന്ന് ദിവസങ്ങളിലായി നടന്ന ഈ സാഹിത്യ ഉത്സവം കലകളുടെയും സംസ്കാരത്തിന്റെയും ഒരു ആഘോഷമായിരുന്നു.
സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടു നടത്തിയ പ്രസംഗത്തിനിടെയാണ് വിദ്യാധരൻ മാസ്റ്റർ തൻ്റെ പ്രശസ്തമായ ഗാനം ആലപിച്ചത്. സംഗീതം എല്ലാത്തിനും മുകളിലാണെന്നും കലകളെല്ലാം മനുഷ്യരെ കൂടുതൽ നല്ലവരാക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്താണ് ഏറ്റവും കൂടുതൽ സംഗീതങ്ങൾക്ക് താൻ ഈണം നൽകിയത്. തന്നെ അറിയാവുന്ന എന്നാൽ തനിക്ക് അറിയാവാത്ത പലരും തന്നെ ഫോണിൽ വിളിച്ചുവെന്നും അദ്ദേഹം പറഞ്ഞു
കഥകളി ആചാര്യൻ പത്മശ്രീ സദനം ബാലകൃഷ്ണൻ മുഖ്യാതിഥിയായി. കാനറ ബാങ്ക് സീനിയർ മാനേജർ പി ജിനോജ്, മുൻ മേയർ സുമാ ബാലകൃഷ്ണൻ മുണ്ടേരി ഗംഗാധരൻ, കെ.പി ജയ ബാലൻ, ടി. വി ബാലൻ, എം.രത്നകുമാർ എന്നിവർ സംസാരിച്ചു. ദിനകരൻ കൊമ്പിലാത്ത് സ്വാഗതം പറഞ്ഞു. മൂന്നാം ദിനത്തിൽ കേരളത്തിൻ്റെ ശബ്ദകലയെന്ന വിഷയത്തിൽ കെ.സി നാരായണൻ, കെ.വി സജയ്, മനോജ് കുറൂർ എന്നിവർ സംവദിച്ചു. ക്യൂറേറ്റിങ് ദ കൾച്ചറൽ സ്പേസ് എന്ന വിഷയത്തിൽ സദാനന്ദ് മേനോൻ, പ്രൊഫ ഇവി രാമകൃഷ്ണൻ, പി. പ്രേമചന്ദ്രൻ എന്നിവർ സംസാരിച്ചു. ബാലകൃഷ്ണൻ കൊയ്യാൽ മോഡറേറ്ററായി.
ജീവിതത്തിൽ നിന്നും കഥകൾ കണ്ടെടുക്കുന്നത് എന്ന സെഷനിൽ പി.വി ഷാജികുമാർ, വിനോദ് കൃഷ്ണ എന്നിവർ സംവദിച്ചു. എൻ.സി നമിത മോഡറേറ്ററായി. തുടർന്ന് നടന്ന കവി സമ്മേളനത്തിൽ കൽപ്പറ്റ നാരായണൻ, ദിവാകരൻ വിഷ്ണുമംഗലം, കണിമോൾ, അമൃത കേളകം എന്നിവർ പങ്കെടുത്തു. നാടകം ജീവിതം പറയുമ്പോൾ സംവാദത്തിൽ ജെ. ശൈലജ സന്തോഷ് കീഴാറ്റൂർ, സുരേഷ് ബാബു ശ്രീസ്ഥ, കെ.വി ശരത്ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
#KannurLiteraryFest #VidyadharanMaster #KeralaCulture #Music #Literature #Kerala