Suspended | 'സർവത്ര അഴിമതി'; ഗ്രാമപഞ്ചായത് സെക്രടറിയെ സസ്പെൻഡ് ചെയ്തു

 


ഇടുക്കി: (www.kvartha.com) ഗുരുതര കൃത്യ വിലോപം നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് നെടുംകണ്ടം മുൻ ഗ്രാമപഞ്ചായത് സെക്രടറിയെ സസ്പെൻഡ് ചെയ്തു. നിലവില്‍ ആലപ്പുഴ വെണ്മണി പഞ്ചായത് സെക്രടറിയായി ജോലി ചെയ്യുന്ന എ വി അജികുമാറിനെതിരെയാണ് നടപടിയെടുത്തത്. ഇയാളെ സസ്പെൻഡ് ചെയ്തതായി തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപല്‍ ഡയറക്ടര്‍ അറിയിച്ചു.
 
Suspended | 'സർവത്ര അഴിമതി'; ഗ്രാമപഞ്ചായത് സെക്രടറിയെ സസ്പെൻഡ് ചെയ്തു



എ വി അജികുമാര്‍ നെടുംകണ്ടം പഞ്ചായത് സെക്രടറി ആയിരിക്കെ നിരവധി ക്രമക്കേടുകള്‍ നടത്തിയതായാണ് തദ്ദേശ സ്വയം ഭരണ വകുപ്പ് ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരുന്നു. അധികൃതർ പറയുന്നതിങ്ങനെ: 'വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ മറവില്‍ 16.56 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നു. ആവശ്യമായ രേഖകള്‍ ഇല്ലാതെ പഞ്ചായത് സെക്രടറിയുടെ പേരില്‍ 74 ലക്ഷം രൂപയും ചിലവഴിച്ചിട്ടുണ്ട്. 2022-23 സാമ്പത്തിക വര്‍ഷത്തിലെയും 2023 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുമുള്ള തനത് തുക വിനിയോഗത്തിലാണ് ക്രമക്കേടുകള്‍ നടന്നിട്ടുള്ളത്.

മാലിന്യ സംസ്‌കരണ പ്ലാന്റ്, റോഡ്, തോട്, ചെക് ഡാം എന്നിവിടങ്ങളില്‍ നിന്നും മണ്ണ്, മണല്‍, ചെളി എന്നിവ നീക്കം ചെയ്ത ഇനത്തില്‍ നല്‍കിയ വൗചറുകളിലാണ് കൃത്രിമം നടന്നിരിക്കുന്നത്. പഞ്ചായത് കമിറ്റി തീരുമാനങ്ങളോ പ്രൊജക്ടുകളോ സാങ്കേതിക വിഭാഗത്തിന്റെ റിപോര്‍ടോ ഇല്ലാതെ എല്‍എസ്ജിഡി എൻജിനീയറിംഗ് വിഭാഗത്തിന്റെ എസ്റ്റിമേറ്റ് ഇല്ലാതെയുമാണ് മിക്ക പണികളും ചെയ്തിരിക്കുന്നത്. നിയമാനുസൃതമുള്ള കരാറുകളിലും ഏര്‍പെട്ടിട്ടില്ല. കൂടാതെ ഒരു പദ്ധതിക്കും മേല്‍നോട്ടം ഉണ്ടായിരുന്നില്ല'.

അപാകതകള്‍ സംബന്ധിച്ച പഞ്ചായത് ജീവനക്കാരുടെ കുറിപ്പുകളും പഞ്ചായത് സെക്രടറി പരിഗണിച്ചിരുന്നില്ലെന്നും മണ്ണ്, മണല്‍ തുടങ്ങിയവ ലേലം ചെയ്ത തുക പഞ്ചായതിന്റെ അകൗണ്ടില്‍ ചേര്‍ത്തിട്ടില്ലെന്നും കണ്ടെത്തി. കമിറ്റി തീരുമാനവും ജിഎസ്ടി ബിലും ഇല്ലാതെ സ്വകാര്യ സ്ഥാപനത്തിന് 65,000 രൂപ നല്‍കിയിട്ടുണ്ട്, മാലിന്യം നീക്കം ചെയ്ത തൊഴിലാളികള്‍ക്ക് ഒരേ കയ്യക്ഷരത്തില്‍ തയാറാക്കിയ വൗചറുകള്‍ക്ക് പണം നല്‍കിയത് ക്രമക്കേടാണെന്നും ഓഡിറ്റ് വിഭാഗം കണ്ടെത്തി. പഞ്ചായത്ത് വാഹനങ്ങളുടെ അറ്റകുറ്റപ്പണികളിലും ക്രമക്കേട് നടത്തിയിട്ടുണ്ടെന്ന് റിപോർട് പറയുന്നു.

Keywords:  News, Kerala, Kerala-News, Idukki-News, Suspended, Nedumkandam, Idukki News, Grama Panchayat Secretary suspended

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia