14 അടി ശിവപ്രതിമ അനാച്ഛാദനം: ഗവർണർക്ക് ആഹ്ളാദം; സർവ്വകലാശാലാ വിഷയത്തിൽ കരിങ്കൊടി!

 
Shiva statue at Taliparamba Rajarajeswari Temple
Shiva statue at Taliparamba Rajarajeswari Temple

Photo: Special Arrangement

● സനാതന ധർമ്മ പഠനത്തിനായി വിദ്യാഭ്യാസ കേന്ദ്രങ്ങളും ആശുപത്രികളും ക്ഷേത്രങ്ങളിൽ വേണമെന്ന് പറഞ്ഞു.
● 14 അടി ഉയരമുള്ള ശിൽപ്പം ഉണ്ണി കാനായി മൂന്നര വർഷമെടുത്താണ് പൂർത്തിയാക്കിയത്.
● ശിൽപ്പത്തിന് 4200 കിലോ ഭാരവും 40 ലക്ഷം രൂപയിലധികം ചെലവും വന്നു.
● കെ.എസ്.യു. സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരിയും ജില്ലാ പ്രസിഡന്റ് എം.സി. അതുലുമാണ് പ്രതിഷേധിച്ചത്.

കണ്ണൂർ: (KVARTHA) തനിക്കും കുടുംബത്തിനും ജീവിതത്തിലെ അഭിമാനകരമായ നിമിഷമാണ് ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ശിവപ്രതിമ അനാച്ഛാദനം ചെയ്യാൻ കിട്ടിയ അവസരമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പറഞ്ഞു. തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിൽ നടന്ന ശിവപ്രതിമ അനാച്ഛാദനം ചെയ്യുന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

എല്ലാ ക്ഷേത്രങ്ങളിലും നിർബന്ധമായും ഗോശാലകളും, സനാതന ധർമ്മ പഠനത്തിനായി വിദ്യാഭ്യാസ കേന്ദ്രങ്ങളും, ആശുപത്രികളും ആരംഭിക്കണമെന്നും വെങ്കല ശിവശിൽപ്പം അനാച്ഛാദനം ചെയ്ത ശേഷം ഗവർണർ അഭിപ്രായപ്പെട്ടു.

ശനിയാഴ്ച വൈകുന്നേരം ക്ഷേത്രപരിസരത്ത് നടന്ന ചടങ്ങിൽ ടി.ടി.കെ ദേവസ്വം പ്രസിഡന്റ് ടി.പി. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ, പ്രതിമ സമർപ്പിച്ച മൊട്ടമ്മൽ രാജൻ, കൈതപ്രം ദാമോദരൻ നമ്പൂതിരി, മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ബിജു ടി. ചന്ദ്രശേഖരൻ, ഓംകാരം ട്രസ്റ്റ് സ്ഥാപകൻ കമൽ കുന്നിരാമത്ത്, ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ടി.എസ്. സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

14 അടി ഉയരമുള്ള ഈ ശിൽപ്പം പ്രശസ്ത ശിൽപ്പി ഉണ്ണി കാനായി മൂന്നര വർഷമെടുത്താണ് പൂർത്തിയാക്കിയത്. 4200 കിലോയാണ് ശിൽപ്പത്തിന്റെ ഭാരം. ആദ്യം കളിമണ്ണിൽ തീർത്ത ശിൽപ്പം പ്ലാസ്റ്റർ ഓഫ് പാരീസിൽ മോൾഡ് എടുത്ത് മെഴുകിലേക്ക് രൂപമാറ്റം വരുത്തി വെങ്കലത്തിലേക്ക് കാസ്റ്റ് ചെയ്യുകയായിരുന്നു. 

നാൽപ്പത് ലക്ഷത്തിലേറെ രൂപയാണ് പ്രതിമക്ക് ചെലവഴിച്ചതെന്നാണ് വിവരം. പയ്യന്നൂർ കാനായിയിൽ ഉണ്ണി കാനായിയുടെ പണിപ്പുരയിൽ നിർമ്മിച്ച ശിൽപ്പം ക്രെയിൻ ഉപയോഗിച്ചാണ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെത്തിച്ചത്. ഒരു കൈ അരയിൽ ഊന്നി വലതുകൈ കൊണ്ട് അനുഗ്രഹിക്കുന്ന വിധത്തിലാണ് ശിൽപ്പം. കിഴക്കേ നടയിൽ ആലിൻ ചുവട്ടിൽ സ്ഥാപിച്ച ശിൽപ്പത്തോടൊപ്പം മനോഹരമായ പൂന്തോട്ടവും അലങ്കാരദീപങ്ങളും ഒരുക്കിയിട്ടുണ്ട്.

കണ്ണൂരിൽ ഗവർണർക്ക് നേരെ കെ എസ് യു കരിങ്കൊടി പ്രതിഷേധം

കണ്ണൂർ: സർവ്വകലാശാലകളിലെ കാവിവത്കരണത്തിൽ പ്രതിഷേധിച്ചുകൊണ്ട് കണ്ണൂരിലെത്തിയ ഗവർണർ രാജേന്ദ്ര അർലേക്കർക്ക് നേരെ കെ.എസ്.യു. നേതാക്കൾ കരിങ്കൊടി കാണിച്ചു പ്രതിഷേധിച്ചു. 

ശനിയാഴ്ച വൈകിട്ടാണ് സംഭവം. പയ്യാമ്പലം ഗസ്റ്റ് ഹൗസിന് മുൻപിലെ റോഡിൽ നിന്ന് ഫോർട്ട് റോഡിലേക്ക് കയറുന്നതിനിടെ റോഡരികിൽ കാത്തുനിന്ന കെ.എസ്.യു. സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരിയും ജില്ലാ പ്രസിഡന്റ് എം.സി. അതുലും ചേർന്ന് ഗവർണറുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാണിക്കുകയായിരുന്നു.

Shiva statue at Taliparamba Rajarajeswari Temple

റോഡരികിൽ കാത്തുനിന്ന നേതാക്കൾ ഗവർണറുടെ വാഹനവ്യൂഹത്തിന് നേരെ കൈയ്യിലുള്ള കറുത്ത തുണി ഉയർത്തി മുദ്രാവാക്യങ്ങൾ മുഴക്കി ചാടിവീഴുകയായിരുന്നു. ഗവർണർക്ക് എസ്കോർട്ടായി ഉണ്ടായിരുന്ന കണ്ണൂർ ടൗൺ സ്റ്റേഷനിലെ പോലീസ് സംഘം വാഹനം നിർത്തി നേതാക്കളെ ഓടിപ്പിടികൂടി ഗവർണറുടെ വാഹനവ്യൂഹം കടത്തിവിട്ടു.

 യൂണിവേഴ്സിറ്റികളുടെ കാവിവത്കരണത്തിനെതിരെയായിരുന്നു പ്രതിഷേധം. തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിൽ നിർമ്മിച്ച പരമശിവന്റെ വെങ്കലപ്രതിമ അനാച്ഛാദനം ചെയ്യുന്നതിനാണ് ഗവർണർ കണ്ണൂരിലെത്തിയത്. അവിടേക്ക് പോകുമ്പോഴാണ് കെ.എസ്.യു. പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.

 

Article Summary: Governor calls for Sanatana schools, cow shelters in temples; faces KSU black flag protest.

#KeralaPolitics #GovernorKerala #SanatanaDharma #KannurNews #KSUProtest #TempleInitiatives

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia