Governor's Stand | 'ഔദ്യോഗിക സന്ദര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ അനുമതി വേണം; അല്ലാത്തപക്ഷം എപ്പോഴും സ്വാഗതം'; നയം വ്യക്തമാക്കി രാജ് ഭവന്‍
● തന്റെ കത്തുകളോട് പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയാറാകാത്തത് ഗവര്‍ണറെ ചൊടിപ്പിച്ചിരുന്നു
● പിന്നാലെ കടുത്ത തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തു
തിരുവനന്തപുരം: (KVARTHA) രാജ്യതാല്‍പര്യത്തെ ബാധിക്കുന്ന ഗൗരവമുള്ള കാര്യത്തെക്കുറിച്ച് അന്വേഷിക്കാന്‍ വിളിച്ചിട്ട് വരാതിരുന്ന ചീഫ് സെക്രട്ടറിയും ഡിജിപിയും ഇനി ഒരു കാര്യത്തിനും രാജ് ഭവനിലേക്ക് വരേണ്ടതില്ലെന്ന കടുത്ത തീരുമാനം കഴിഞ്ഞദിവസം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എടുത്തിരുന്നു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഗവര്‍ണര്‍ തന്റെ ഈ തീരുമാനം അറിയിച്ചത്. എന്നാല്‍ തന്റെ പ്രതികരണത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് ഇപ്പോള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വാര്‍ത്താ കുറിപ്പിലൂടെയാണ് ഗവര്‍ണര്‍ ഇക്കാര്യം അറിയിച്ചത്.
ഔദ്യോഗിക കാര്യത്തിന് രാജ് ഭവനിലേക്ക് വരാന്‍ ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയുടെ അനുമതി വാങ്ങിയിരിക്കണമെന്നും വ്യക്തിപരമായ കാര്യങ്ങള്‍ക്കാണെങ്കില്‍ ഉദ്യോഗസ്ഥരെ എപ്പോഴും സ്വാഗതം ചെയ്യുന്നുവെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
'രാജ്ഭവനിലേക്ക് ഔദ്യോഗിക ആവശ്യത്തിനായി വരുന്ന ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് ഇതുവരെ വന്നിരുന്നത്. രാജ് ഭവന്‍ ഇതു തടഞ്ഞിരുന്നില്ല. ഇനിമുതല്‍ മുഖ്യമന്ത്രിയുടെ അനുമതി ഇല്ലാതെ ഉദ്യോഗസ്ഥരെ രാജ് ഭവനില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്താന്‍ അനുവദിക്കില്ല. വ്യക്തിപരമായ കാര്യങ്ങള്‍ക്കാണെങ്കില്‍ ഉദ്യോഗസ്ഥരെ എപ്പോഴും സ്വാഗതം ചെയ്യുന്നു' - എന്നും രാജ് ഭവന്‍ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു.
തന്റെ കത്തുകളോട് പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയാറാകാത്തത് ഗവര്‍ണറെ ചൊടിപ്പിച്ചിരുന്നു. അതുകൊണ്ടാണു ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ് ഭവനില്‍ വന്നു വിശദീകരിക്കാന്‍ നിര്‍ദേശിച്ചതെന്ന് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി ചുമതലപ്പെടുത്താതെ തന്നെ എത്രയോ കാര്യങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ രാജ് ഭവനില്‍ വരാറുണ്ട്.
നിയമസഭ വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചിരിക്കെ ഓര്‍ഡിനന്‍സ് ഇറക്കണമെന്ന ആവശ്യവുമായി അടുത്തിടെ രണ്ട് വകുപ്പു സെക്രട്ടറിമാരെയും കൂട്ടി ചീഫ് സെക്രട്ടറി വന്നിരുന്നു. എന്നാല്‍ വിയോജിപ്പുണ്ടായിട്ടും അംഗീകരിച്ചതായും ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.
#KeralaGovernor #RajBhavan #OfficialVisits #Governance #KeralaPolitics #ChiefMinister