University Issues | യൂനിവേഴ്‌സിറ്റി വിഷയത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കുമില്ല, ഗവര്‍ണര്‍ കടുപ്പിച്ച് തന്നെ: സിപിഎം നേതാക്കളുടെ ബന്ധുക്കള്‍ക്ക് നിയമനം നല്‍കിയതിനെക്കുറിച്ച് അന്വേഷിക്കാന്‍ കമിഷനെ നിയമിച്ചേക്കും
Aug 20, 2022, 15:30 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) യൂനിവേഴ്‌സിറ്റി വിഷയത്തില്‍ സര്‍കാരുമായുള്ള പോരാട്ടത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന സൂചന നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സിപിഎം നേതാക്കളുടെ ബന്ധുക്കള്‍ക്ക് സര്‍വകലാശാലകളില്‍ നിയമനം നല്‍കിയതിനെക്കുറിച്ച് അന്വേഷിക്കാന്‍ കമിഷനെ നിയമിച്ചേക്കുമെന്ന റിപോര്‍ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
റിട. ഹൈകോടതി ജഡ്ജി, റിട.ചീഫ് സെക്രടറി, വിദ്യാഭ്യാസ വിദഗ്ധര്‍ എന്നിവരുള്‍പെടുന്ന കമിഷനെ നിയമിക്കാനാണ് ആലോചന. ഗവര്‍ണര്‍ ഇക്കാര്യത്തില്‍ നിയമവിദഗ്ധരുമായി ആശയവിനിമയം നടത്തിയതായുള്ള വിവരവും പുറത്തുവരുന്നു. ഇപ്പോള്‍ ഡെല്‍ഹിയിലുള്ള ഗവര്‍ണര്‍ 24ന് മടങ്ങിയെത്തിയശേഷം ഇക്കാര്യത്തില്‍ തീരുമാനം പ്രഖ്യാപിക്കും.
കേരള സര്‍വകലാശാല സെനറ്റ് യോഗം തനിക്കെതിരെ പ്രമേയം പാസാക്കിയതു സംബന്ധിച്ച് ഗവര്‍ണര്‍ വിവരങ്ങള്‍ തേടി. രാജ് ഭവന്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ കൈമാറി. സെനറ്റ് യോഗത്തില്‍ പ്രമേയം അവതരിപ്പിക്കുന്നതിന് അനുമതി നല്‍കിയ വൈസ് ചാന്‍സലര്‍ ഡോ. വി പി മഹാദേവന്‍ പിള്ളയ്‌ക്കെതിരെ നടപടി ഉണ്ടാകാനാണ് സാധ്യത. ഇദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യുകയോ പുറത്താക്കുകയോ ചെയ്യാന്‍ നിയമന അധികാരിയായ ഗവര്‍ണര്‍ക്ക് അധികാരമുണ്ട്. സെപ്റ്റംബറിലാണ് വിസിയുടെ കാലാവധി അവസാനിക്കുന്നത്.
പ്രമേയം പാസാക്കിയ സെനറ്റിന്റെ നടപടിയില്‍ ഗവര്‍ണര്‍ കടുത്ത അതൃപ്തിയിലാണ്. ചര്‍ച ചെയ്തു പരിഹരിക്കാവുന്ന വിഷയങ്ങള്‍ പ്രമേയത്തിലൂടെ പൊതുസമൂഹത്തിലേക്കു വലിച്ചിഴച്ചതിലാണ് ഗവര്‍ണര്‍ക്ക് അതൃപ്തി. വിസിയെ തിരഞ്ഞെടുക്കാനുള്ള സെര്‍ച് കമിറ്റി രൂപീകരിക്കാനുള്ള സമയം കഴിഞ്ഞതിനാലാണ് ചാന്‍സലറുടെയും യുജിസിയുടെയും പ്രതിനിധിയെ ഉള്‍പെടുത്തി കമിറ്റി രൂപീകരിച്ചത്.
സെനറ്റ് പ്രതിനിധിയുടെ പേര് ലഭ്യമാകുന്ന മുറയ്ക്ക് ഉള്‍പെടുത്താനും തീരുമാനിച്ചു. സെര്‍ച് കമിറ്റിയുടെ കാലാവധി മൂന്നു മാസമായതിനാല്‍ സെനറ്റ് പ്രതിനിധിയുടെ പേര് നിര്‍ദേശിക്കുന്നത് നീട്ടികൊണ്ടുപോയാല്‍ അതു കാലഹരണപ്പെടും. സെനറ്റ് പ്രതിനിധിയെ തിരഞ്ഞെടുത്താലേ സെര്‍ച് കമിറ്റി പൂര്‍ണമാകൂ.
സെര്‍ച് കമിറ്റിയുടെ ഘടനയില്‍ മാറ്റം വരുത്തുന്ന ബില്‍ വരുന്ന സഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുന്നതിനാല്‍ ബില്‍ പാസായശേഷം സെനറ്റ് പ്രതിനിധിയെ തിരഞ്ഞെടുക്കാനാണ് പാര്‍ടി തീരുമാനം. അതിനാല്‍ സെനറ്റ് പ്രതിനിധിയെ തിരഞ്ഞെടുക്കുന്നതിനുള്ള അജന്‍ഡ യോഗത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
Keywords: Governor Arif Mohammad Khan to order probe against Illegal Appointments in Universities, Thiruvananthapuram, News, Governor, Trending, Politics, University, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

