കെ റെയില്‍ പദ്ധതി സര്‍കാര്‍ നടപ്പിലാക്കുക തന്നെ ചെയ്യുമെന്ന്‌ കോടിയേരി

 


കണ്ണൂര്‍: (www.kvartha.com 10.04.2022) കെ റെയില്‍ പദ്ധതി എല്‍ഡിഎഫ് സര്‍കാര്‍ നടപ്പിലാക്കുക തന്നെ ചെയ്യുമെന്ന് പാര്‍ടി സമ്മേളന വേദിയില്‍ കോടിയേരി. ജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റാന്‍ പാര്‍ടി പ്രവര്‍ത്തകര്‍ ഇടപെടണമെന്ന് സിപിഎം സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

കെ റെയില്‍ പദ്ധതി സര്‍കാര്‍ നടപ്പിലാക്കുക തന്നെ ചെയ്യുമെന്ന്‌ കോടിയേരി

സിപിഎം പാര്‍ടി കോണ്‍ഗ്രസിന്റെ സമാപന സമ്മേളനത്തിന്റെ ഭാഗമായി കണ്ണൂര്‍ ജവഹര്‍ സ്‌റ്റേഡിയത്തില്‍ സജ്ജമാക്കിയ ഇ കെ നായനാര്‍ വേദിയില്‍ സ്വാഗത പ്രസംഗം നടത്തുകയായിരുന്നു കോടിയേരി. കെ റെയിലിന് വേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കി കൊണ്ടു മാത്രമേ എല്‍ഡിഎഫ്‌സര്‍കാര്‍ ഭൂമി ഏറ്റെടുക്കകയുള്ളൂ.

ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു കൊണ്ട് സമരം നടത്തുകയാണ് പ്രതിപക്ഷം ചെയ്യുന്നത്. എന്നാല്‍ അവരുടെ കൂട്ടത്തില്‍ നിന്നും തന്നെ ഇതിനെതിരെ എതിര്‍ ശബ്ദം ഉയര്‍ന്നു കഴിഞ്ഞു. കഴിഞ്ഞ ദിവസം പാര്‍ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത കെ വി തോമസ് പറഞ്ഞതും ഈക്കാര്യമാണ്. പാര്‍ടി കോണ്‍ഗ്രസിനെ തെറ്റായി റിപോര്‍ട് ചെയ്യാന്‍ ചിലമാധ്യമങ്ങള്‍ ശ്രമിച്ചുവെന്നും കോടിയേരി പറഞ്ഞു. മാധ്യമങ്ങള്‍ വിചാരിച്ച ചില കാര്യങ്ങള്‍ അവരുദ്ദേശിച്ച പോലെ നടന്നില്ല. കേരളത്തിലെ ചിലമാധ്യമങ്ങള്‍ക്ക് ചില സൂക്കേടുകളുണ്ട്. അതു അടുത്ത കാലത്തൊന്നും മാറാന്‍ പോകുന്നില്ല. നിങ്ങളിങ്ങനെ ഞങ്ങള്‍ക്കെതിരെ എഴുതുമ്പോള്‍ ഞങ്ങള്‍ ശക്തിപ്പെടുകയാണ് ചെയ്യുന്നത്.

കഴിഞ്ഞ അസംബ്‌ളി തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഭൂരിപക്ഷം കിട്ടിയില്ലേ. അതുകൊണ്ടു നിങ്ങള്‍ ഇനിയും എഴുതണം. എങ്കില്‍ മാത്രമേ ഞങ്ങള്‍ ശക്തിപ്പെടുകയുള്ളൂവെന്ന് കോടിയേരി പറഞ്ഞു. പാര്‍ടിയില്‍ ബംഗാള്‍ ഘടകവും കേരളവും തമ്മില്‍ വ്യത്യസ്ത അഭിപ്രായമുണ്ടെന്നാണ് ചിലര്‍ എഴുതിയത്. അങ്ങനെയാണെങ്കില്‍ ഒറ്റക്കെട്ടായി സംഘടനാ റിപോര്‍ടും പ്രമേയങ്ങളും അവതരിപ്പിക്കാന്‍ കഴിയുമായിരുന്നുവെന്നോയെന്നും കോടിയേരി ചോദിച്ചു.

കണ്ണൂരില്‍ സിപിഎമിന്റെ 170 പ്രവര്‍ത്തകരുടെ ജീവനാണ് നഷ്ടപ്പെട്ടത്. ഏറ്റവും ഒടുവില്‍ തലശേരി പുന്നോലിലെ ഹരിദാസനെ മത്സ്യതൊഴിലാളിയുടെ കാലറുത്ത് ആര്‍എസ്എസ് കൊന്നു. അവര്‍ മാത്രമല്ല കോണ്‍ഗ്രസും മുസ്‌ലിം ലീഗും എസ്ഡിപിഐയുമെല്ലാം പാര്‍ടിക്കെതിരെ കടന്നാക്രമണം നടത്തിയിട്ടുണ്ട്. എന്നാല്‍ അതുകൊണ്ടൊന്നും ഈ പാര്‍ടിക്ക് ഒരു പോറല്‍ പോലും ഏല്‍പ്പിക്കാന്‍ കഴിയില്ലെന്നു ഈ പാര്‍ടി കോണ്‍ഗ്രസിന്റെ വിജയം തെളിയിക്കുന്നതായി കോടിയേരി പറഞ്ഞു.


Keywords: Kannur, Kerala, News, Government, Kodiyeri Balakrishnan, Politics, LDF, CPM, Government will implement K-Rail project: Kodiyeri.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia