Silverline project | സില്‍വര്‍ലൈന്‍ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാനായി നിയോഗിക്കപ്പെട്ട റവന്യൂ ജീവനക്കാരെ തിരിച്ചു വിളിച്ച് സര്‍കാര്‍; ഇനി മുന്നോട്ടുപോക്ക് കേന്ദ്രസര്‍കാര്‍ തീരുമാനം അറിഞ്ഞശേഷം
Nov 19, 2022, 20:19 IST
തിരുവനന്തപുരം: (www.kvartha.com) സില്‍വര്‍ലൈന്‍ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാനായി നിയോഗിക്കപ്പെട്ട റവന്യൂ ജീവനക്കാരെ തിരിച്ചു വിളിക്കാന്‍ സര്‍കാരിന്റെ തീരുമാനം. ആറു മാസമായി പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കാത്ത സാഹചര്യത്തിലാണ് ജീവനക്കാരെ താല്‍കാലികമായി തിരിച്ചു വിളിക്കുന്നത്. 11 ജില്ലകളിലായി 205 റവന്യൂ ജീവനക്കാരെയാണ് സില്‍വര്‍ലൈന്‍ പദ്ധതിക്കായി നിയോഗിച്ചിരുന്നത്. ഇവര്‍ക്ക് ഓഫീസും മറ്റ് സൗകര്യങ്ങളും ലഭ്യമാക്കിയിരുന്നു.
എന്നാല്‍ പ്രതിഷേധങ്ങളെ തുടര്‍ന്ന് സാമൂഹികാഘാത പഠനം ഇതുവരെ തുടങ്ങാനായിട്ടില്ല. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനു മുന്‍പായി സില്‍വര്‍ലൈനായി കല്ലിടുന്ന പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചിരുന്നു. റവന്യൂ വകുപ്പിലെ മറ്റു പദ്ധതികള്‍ക്കായി ജീവനക്കാരുടെ സേവനം പ്രയോജനപ്പെടുത്തും. സില്‍വര്‍ലൈനില്‍ കേന്ദ്ര സര്‍കാര്‍ നിലപാട് വന്നതിനുശേഷം ജീവനക്കാരെ പദ്ധതിക്കായി നിയോഗിക്കാമെന്നാണ് സര്‍കാര്‍ തലത്തിലെ തീരുമാനം.
എന്നാല്‍ സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിക്കുകയാണെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് കെറെയില്‍ അധികൃതര്‍ പറഞ്ഞു. ഇതു സംബന്ധിച്ച് സര്‍കാരില്‍നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കെ റെയില്‍ പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെയും റവന്യൂമന്ത്രിയുടെയും ഓഫിസും വ്യക്തമാക്കി.
കേന്ദ്രനുമതിയും ഡിപിആറും സാമൂഹിക ആഘാത പഠനവും പൂര്‍ത്തിയാകാതെ സില്‍വര്‍ ലൈന്‍ ഭൂമി ഏറ്റെടുക്കാനാകില്ലെന്ന് ഹൈകോടതിയും വിധിച്ചിരുന്നു.
സില്‍വര്‍ലൈന്‍ പദ്ധതിയില്‍ അനിശ്ചിതത്വം ഉണ്ടായതോടെ വായ്പ എടുക്കല്‍ പദ്ധതികളില്‍നിന്ന് സില്‍വര്‍ലൈന്‍ തല്‍കാലത്തേക്കു പിന്‍മാറിയിരുന്നു. ഹഡ്‌കോ വാഗ്ദാനം ചെയ്ത 3000 കോടി വായ്പയുടെ അംഗീകാരപത്രം പുതുക്കിയില്ല. റെയില്‍വേ ഫിനാന്‍സ് കോര്‍പറേഷന്‍ നല്‍കാമെന്നേറ്റ വായ്പയും സ്വീകരിച്ചില്ല.
ജൈക പദ്ധതി ഉപയോഗിച്ചു നടപ്പിലാക്കുന്ന പദ്ധതികളില്‍നിന്ന് സില്‍വര്‍ലൈനെ കേന്ദ്ര ധനമന്ത്രാലയം അടുത്തിടെ ഒഴിവാക്കിയിരുന്നു. 63,941 കോടി രൂപയാണ് പദ്ധതിയുടെ ചെലവായി പ്രതീക്ഷിക്കുന്നത്. കേന്ദ്ര റെയില്‍ മന്ത്രാലയത്തില്‍നിന്ന് തത്വത്തില്‍ അനുമതി ലഭിച്ചതിനെ തുടര്‍ന്നാണ് പ്രാഥമിക ഭൂമി ഏറ്റെടുക്കാല്‍ നടപടികളുമായി സര്‍കാര്‍ മുന്നോട്ടുപോയത്.
Keywords: Government to call back revenue officials assigned to acquire land for Silverline project, Thiruvananthapuram, News, Government-employees, Office, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.