Investigation | തൃശൂര്‍ പൂരം കലക്കിയതില്‍ ഡിജിപി യുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങി സര്‍ക്കാര്‍; അജിത് കുമാറിന്റെ ഇടപെടല്‍ പരിശോധിക്കാനും നീക്കം 

 
Government Launches Probe into Thrissur Pooram Mismanagement Allegations
Government Launches Probe into Thrissur Pooram Mismanagement Allegations

Photo Credit: Website Kerala Police

● 'റിപ്പോര്‍ട്ട് നല്‍കാന്‍ എഡിജിപി അഞ്ചു മാസം കാലതാമസം വരുത്തി'
● കണ്ടെത്തിയിരിക്കുന്നത് ഗുരുതരമായി വീഴ്ചകള്‍ 

തൃശ്ശൂര്‍: (KVARTHA) പൂരം കലക്കിയതില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഡിജിപി ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപവത്കരിച്ചായിരിക്കും അന്വേഷണമെന്നാണ് വിവരം. എഡിജിപി എംആര്‍ അജിത് കുമാറിന്റെ ഇടപെടല്‍ അന്വേഷിക്കാന്‍ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ മറ്റൊരു സംഘത്തേയും നിയോഗിക്കുമെന്നുള്ള വിവരവും പുറത്തുവരുന്നുണ്ട്.  അജിത് കുമാറിന്റെ വീഴ്ചകള്‍ അക്കമിട്ട് നിരത്തിയാണ് മുഖ്യമന്ത്രിക്ക് ഡിജിപി റിപ്പോര്‍ട്ട് നല്‍കിയത്.

ആരോപണ വിധേയനായ എഡിജിപി അജിത് കുമാര്‍ തന്നെയാണ് പൂരം കലങ്ങിയതുമായി ബന്ധപ്പെട്ട് സംഭവിച്ച കാര്യങ്ങള്‍ വിശദമാക്കി ഡിജിപിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സാധാരണ കീഴുദ്യോഗസ്ഥര്‍ നല്‍കുന്ന റിപ്പോര്‍ട്ട് അതേപടി ആഭ്യന്തര വകുപ്പിനു കൈമാറുകയാണ് ഡിജിപി ചെയ്തിരുന്നത്. എന്നാല്‍, ഈ വിഷയത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ആക്ഷേപമുള്ളതിനാല്‍ റിപ്പോര്‍ട്ട് ഡിജിപി വിശദമായി പരിശോധിച്ചു. തുടര്‍ന്ന് പൂരസമയത്ത് തൃശൂരില്‍ ഉണ്ടായിരുന്ന എഡിജിപി എംആര്‍ അജിത് കുമാര്‍ വരുത്തിയ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറുകയായിരുന്നു.

റിപ്പോര്‍ട്ടിലുള്ള കണ്ടെത്തലുകളില്‍ പൂരം അലങ്കോലപ്പെട്ടതില്‍ തൃശൂര്‍ പൊലീസ് കമ്മിഷണറായിരുന്ന അങ്കിത് അശോകനെ മാത്രം കുറ്റപ്പെടുത്തുന്നതായിരുന്നു. ദേവസ്വം ബോര്‍ഡിനെ അടക്കം പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും ചെയ്തു. ഈ റിപ്പോര്‍ട്ട് പൂര്‍ണമായും അംഗീകരിക്കാന്‍ തയാറാകാത്ത ഡിജിപി ഒരു വിയോജനക്കുറിപ്പോടെയാണ് ഇത് മുഖ്യമന്ത്രിക്ക് മുന്നിലെത്തിച്ചത്.

ഡിജിപി യുടെ റിപ്പോര്‍ട്ട് എഡിജിപി യുടെ റിപ്പോര്‍ട്ട് മാത്രം പരിഗണിച്ചുള്ളതല്ല. സ്പെഷല്‍ ബ്രാഞ്ചിന്റെ കണ്ടെത്തലുകളടക്കം പരിഗണിച്ചിട്ടുണ്ട്. അതാണ് മുഖ്യമന്ത്രിക്ക് മുന്നിലേക്കെത്തിയത്. എഡിജിപിയുടെ വീഴ്ചകള്‍ അക്കമിട്ടു നിരത്തിയ ഡിജിപി, പൂരം അലങ്കോലപ്പെട്ടതിലെ ഗൂഢാലോചന വിശദമായി അന്വേഷിക്കണമെന്നും ശുപാര്‍ശ ചെയ്തു. മന്ത്രിസഭായോഗം ഈ റിപ്പോര്‍ട്ട് പരിഗണിക്കുകയും നിയമോപദേശത്തിനായി പോകുകയും ചെയ്തു.

ക്രൈം ബ്രാഞ്ച് അന്വേഷണം, ജുഡീഷ്യല്‍ അന്വേഷണം എന്നിങ്ങനെ രണ്ട് തരത്തിലുള്ള അന്വേഷണത്തിനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. അതോടൊപ്പം ഡിജിപി യുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിക്കുന്നതും പരിശോധിക്കുന്നുണ്ട്. 

തൃശൂര്‍ പൂരത്തിന്റെ ഏകോപന ചുമതലയും മേല്‍നോട്ട ചുമതലയും ഉണ്ടായിരുന്നത് അജിത് കുമാറിനാണ്. അത്തരത്തില്‍ അദ്ദേഹത്തിന് കൃത്യമായ വീഴ്ചകളുണ്ടായെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. പൂരം അലങ്കോലപ്പെടുന്ന സാഹചര്യമുണ്ടായിട്ടും കൃത്യമായി ഇടപെട്ടില്ലെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.

പൂരം കലങ്ങിയതു സംബന്ധിച്ച് അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടും എഡിജിപി അഞ്ചു മാസം കാലതാമസം വരുത്തിയതായി ഡിജിപി ചൂണ്ടിക്കാട്ടി. പൂരം നടത്തിപ്പിന് പൊലീസ് ചീഫും പരിചയസമ്പന്നരായ കീഴുദ്യോഗസ്ഥരും ചേര്‍ന്നു തയാറാക്കിയ ക്രമീകരണങ്ങളില്‍ അവസാനനിമിഷം മാറ്റം വരുത്തി. 

സംഭവം നിയന്ത്രണത്തിന് അപ്പുറമായിട്ടും തൃശൂര്‍ പൊലീസ് ക്ലബ്ബിലുണ്ടായിരുന്ന എഡിജിപി ഇടപെട്ടില്ലെന്ന് ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നതായാണു സൂചന. മന്ത്രിമാര്‍ വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫായിരുന്നു. പുലര്‍ചെ മൂന്നരയോടെ അദ്ദേഹം തൃശൂരില്‍നിന്നു മൂകാംബിക ക്ഷേത്രത്തിലേക്കു പോയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

#ThrissurPooram #KeralaPolice #GovernmentProbe #LawAndOrder #AjithKumar #DGPInvestigation

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia