CV Balakrishnan | സര്‍ഗാത്മകതയെ ആവിഷ്‌കരിക്കുന്നതിന് പൊലീസുകാര്‍ സര്‍കാരിന്റെ അനുമതിപത്രം വാങ്ങണമെന്ന ഉത്തരവ് ഫാസിസ്റ്റ് നടപടിയാണെന്ന് സി വി ബാലകൃഷ്ണന്‍

 


പയ്യന്നൂര്‍: (www.kvartha.com) സര്‍ഗാത്മകതയെ ആവിഷ്‌കരിക്കുന്നതിന് പൊലീസുകാര്‍ സര്‍കാരിന്റെ അനുമതിപത്രം വാങ്ങണമെന്ന ഉത്തരവ് ജനാധിപത്യത്തിന് നിരക്കാത്ത ഫാസിസ്റ്റ് നടപടിയാണെന്ന് പ്രമുഖ എഴുത്തുകാരന്‍ സി വി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ഇങ്ങനെ ഒരു ഉത്തരവ് ഇറക്കാന്‍ എന്ത് സവിശേഷ സാഹചര്യമാണ് കേരളത്തില്‍ ഇപ്പോഴുണ്ടായിട്ടുള്ളതെന്ന് സര്‍കാര്‍ വെളിപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 

അര നൂറ്റാണ്ട് മുമ്പ് സര്‍കാര്‍ അനുമതി വാങ്ങാതെ സാഹിത്യ രചന നടത്തിയ ചില ജീവനക്കാര്‍ക്കെതിരെ കേരളത്തില്‍ അച്ചടക്ക നടപടിയെടുത്തിരുന്നു. എന്നാല്‍ പിന്നീട് ആ നിലപാടില്‍ ലിബറലായ മാറ്റങ്ങള്‍ വന്നപ്പോള്‍ എഴുത്തിലും അഭിനയത്തിലുമുള്‍പെടെ സര്‍കാര്‍ സര്‍വീസിലുള്ളവര്‍ ധാരാളമായി കടന്നുവന്നു. ഉന്നതനായ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ റെകോര്‍ഡിങ് സ്റ്റുഡിയോ നടത്തുന്ന സാഹചര്യവും നമ്മള്‍ കണ്ടതാണ്. പല പൊലീസുകാരും സിനിമക്കാരായി. 

പൊലീസുകാരായതുകൊണ്ട് മാത്രം കലയിലുള്ള താല്‍പര്യം മാറ്റിവെയ്ക്കണമെന്ന് പറയാന്‍ കഴിയില്ല. കാക്കിക്കുള്ളിലെ കലാഹൃദയം എന്നത് വെറും ആലങ്കാരിക പ്രയോഗം മാത്രമല്ല. എല്ലാ നേരത്തും ഇട്ട് നടക്കുന്ന ഒന്നല്ല അവരുടെ യൂനിഫോം. അത് അഴിച്ചുമാറ്റുന്ന സന്ദര്‍ഭങ്ങളില്‍ അവര്‍ വെറും മനുഷ്യരാകുന്നു. ആ സമയത്താണ് സര്‍ഗാത്മക പ്രക്രിയ സംഭവിക്കുന്നത്. ഒരു പ്രതിയെ പിടിക്കാന്‍ പോകുന്ന സമയത്തല്ല കഥയെഴുതാനും കവിതയെഴുതാനും ചിന്തിക്കുന്നത്. അഭിനയിക്കുന്നതോ കഥ എഴുതുന്നതോ കവിത എഴുതുന്നതോ ഒന്നും കുറ്റകരമായ കാര്യമായി കാണേണ്ടതല്ല. 

ഹിറ്റ്‌ലറുടെ ജര്‍മനിയിലും സ്റ്റാലിന്റെ കാലത്ത് റഷ്യയിലും എല്ലാം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് ഏര്‍പെടുത്തിയ വിലക്കുകള്‍ ഫാസിസത്തിന്റെ ഭാഗമാണ്. ഭരണകൂടത്തിന് അഹിതമായി എഴുതുകയോ പറയുകയോ ചെയ്യുന്നതിന് വിലക്ക് കല്‍പ്പിച്ചതാണ് ഫാസിസത്തിന്റെ ചരിത്രം. പലരും തടങ്കല്‍ പാളയത്തിലടയ്ക്കപ്പെടുകയോ പലായനം ചെയ്യുകയോ ഉണ്ടായി. ചില ചരിത്രകാരന്മാരും സാഹിത്യകാരന്മാരും ഇങ്ങനെയുള്ള ഘട്ടങ്ങളില്‍ ആത്മഹത്യ ചെയ്യേണ്ടിയും വന്നു. 

സര്‍ഗാത്മകമായ ആവിഷ്‌കാരങ്ങള്‍ക്ക് വിലക്ക് ഏര്‍പെടുത്താനുള്ള തീരുമാനം സാമാന്യ യുക്തിക്ക് നിരക്കുന്നതല്ല. തികച്ചും ജനാധിപത്യ വിരുദ്ധമാണത്. ഈ കടുംപിടുത്തത്തെയാണ് ഫാസിസം എന്ന് വിശേഷിപ്പിക്കേണ്ടത് - അദ്ദേഹം ചൂണ്ടിക്കാട്ടി. 

പയ്യന്നൂര്‍ സര്‍ഗജാലകം ഗാന്ധി പാര്‍കില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ശ്രീജിത്ത് കാനായിയുടെ 'പോത്താങ്കണ്ണന്‍' കഥാസമാഹാരം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ഗജാലകം പ്രസിഡണ്ട് എ കെ ഈശ്വരന്‍ അധ്യക്ഷത വഹിച്ചു. ബേക്കല്‍ ഡിവൈഎസ്പി സി കെ സുനില്‍കുമാര്‍ പുസ്തകം ഏറ്റുവാങ്ങി. ഡോ.ഹരികുമാര്‍ ചങ്ങമ്പുഴ പുസ്തകം പരിചയപ്പെടുത്തി.  

അധ്യാപക സര്‍വീസില്‍ നിന്ന് വിരമിച്ച നിരൂപകന്‍ എ വി പവിത്രനെ ചടങ്ങില്‍ ആദരിച്ചു. ഡോ. പത്മനാഭന്‍ കാവുമ്പായി, മാധവന്‍ പുറച്ചേരി, കെ എം സുലോചന ടീചര്‍, കെ കെ ഫല്‍ഗുനന്‍, ബാബു പെരിങ്ങേത്ത്,  മഹേഷ് പി പി, പ്രദീപന്‍ മമ്പലം, എ വി പവിത്രന്‍, ശ്രീജിത്ത് കാനായി തുടങ്ങിയവര്‍ പ്രസംഗിച്ചു. എന്‍ വി ഗംഗാധരന്‍ മാസ്റ്റര്‍ സ്വാഗതവും ഹരിപ്രസാദ് തായിനേരി നന്ദിയും പറഞ്ഞു.

CV Balakrishnan | സര്‍ഗാത്മകതയെ ആവിഷ്‌കരിക്കുന്നതിന് പൊലീസുകാര്‍ സര്‍കാരിന്റെ അനുമതിപത്രം വാങ്ങണമെന്ന ഉത്തരവ് ഫാസിസ്റ്റ് നടപടിയാണെന്ന് സി വി ബാലകൃഷ്ണന്‍


Keywords:  News, Kerala-News, Kerala, News-Malayalam, CV Balakrishnan, Creativity-Ban, Fascism, Govt-Action, Police, Government action that banned creativity is Fascism: CV Balakrishnan.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia