Arrested | 'കൊച്ചി വിമാനത്താവളം വഴി സംസ്ഥാനത്തേക്ക് വിദേശ പാർസൽ സ്വര്‍ണക്കടത്ത്'; കസ്റ്റംസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

 


കൊച്ചി: (www.kvartha.com) കൊച്ചി വിമാനത്താവളം വഴി വിദേശപാഴ്‌സലിലൂടെ സംസ്ഥാനത്തേക്കുള്ള സ്വര്‍ണക്കടത്ത് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണെന്ന് ഞെട്ടിക്കുന്ന കണ്ടെത്തല്‍. വിദേശ പാർസൽ കള്ളക്കടത്തിന് കൂട്ടുനിന്നെന്ന പരാതിയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ അറസ്റ്റിലായി. കൊച്ചിന്‍ ഫോറിന്‍ പോസ്റ്റ് ഓഫിസിലെ സൂപ്രണ്ട് അഷുതോഷാണ് പിടിയിലായത്.

സ്വര്‍ണക്കടത്ത് സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ കസ്റ്റംസ് ഉദ്യോഗസ്ഥനെന്ന് ഡിആര്‍ഐ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്) അറിയിച്ചു. നേരത്തേ അറസ്റ്റിലായ സ്വര്‍ണക്കടത്തിന്റെ സൂത്രധാരന്‍ ശിഹാബില്‍ നിന്നാണ് കൂട്ടാളിയായ കസ്റ്റംസ് ഉദ്യോഗസ്ഥനെ കുറിച്ച് ഡിആര്‍ഐക്ക് വിവരം ലഭിക്കുന്നത്.

സംഭവത്തെ കുറിച്ച് ഡിആര്‍ഐ പറയുന്നത്: അഷുതോഷിന്റെ സഹായത്തോടെ ദുബൈയില്‍നിന്ന് വിദേശപാഴ്‌സല്‍ വഴി മൂന്നരക്കോടി രൂപയുടെ സ്വര്‍ണമാണ് കടത്തിയത്. ഒരാഴ്ച മുമ്പ് മലപ്പുറം മുന്നിയൂരില്‍ നിന്ന് 6.3 കിലോ സ്വര്‍ണവുമായി ആറ് പേര്‍ അറസ്റ്റിലായിരുന്നു. കോഴിക്കോട് സബ് പോസ്റ്റോഫിസില്‍ സ്വര്‍ണം അടങ്ങിയ പാഴ്‌സല്‍ കൈപ്പറ്റാനെത്തിയ സ്ത്രീയടക്കമാണ് ആറു പേരെ ഈ മാസം ഒന്‍പതിന് ഡിആര്‍ഐ അറസ്റ്റ് ചെയ്തത്. 

മലപ്പുറം മുന്നിയൂര്‍ ഗ്രാമ പഞ്ചായത് പരിധിയിലെ അസിയ, യാസിര്‍, റനീഷ് കോഴിക്കോട്ടുകാരായ ശിഹാബ്, ജസീല്‍, അബ്ദു എന്നിവരാണ് അറസ്റ്റിലായവര്‍. കൊച്ചിയില്‍ നിന്ന് കസ്റ്റംസ് പരിശോധന കഴിഞ്ഞെത്തിയ പാർസലുകളിലായിരുന്നു സ്വര്‍ണം. തേപ്പുപെട്ടിയും അടുക്കളയിലേക്കാവശ്യമായ ഉപകരണങ്ങളുമാണ് പാർസലിലുണ്ടായിരുന്നത്. 

ഇതിനുള്ളിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. ദുബൈയില്‍നിന്ന് കൊച്ചിയിലെ ഫോറിന്‍ പോസ്റ്റോഫിസിലെത്തിയ പാർസല്‍ ഇവിടെനിന്ന് ക്ലിയറന്‍സ് നല്‍കിയശേഷമാണ് കോഴിക്കോട്ടേക്ക് അയച്ചതെന്നും കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ 3.2 കോടി രൂപ വില വരുന്ന സ്വര്‍ണം അശുതോഷാണ് കസ്റ്റംസ് ക്ലിയര്‍ ചെയ്ത് നല്‍കിയതെന്ന് കണ്ടെത്തി. ഇതേത്തുടര്‍ന്നായിരുന്നു അറസ്റ്റ്.

Arrested | 'കൊച്ചി വിമാനത്താവളം വഴി സംസ്ഥാനത്തേക്ക് വിദേശ പാർസൽ സ്വര്‍ണക്കടത്ത്'; കസ്റ്റംസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍


ഫോറിന്‍ പോസ്റ്റോഫിസിലെത്തുന്ന പാർസലുകള്‍ ക്ലിയറന്‍സ് നല്‍കുന്ന ചുമതലയാണ് അഷുതോഷിന്. വിദേശത്ത് നിന്നയയ്ക്കുന്ന സ്വര്‍ണം അടങ്ങിയ പാർസലുകളുടെ വിവരങ്ങള്‍ സംഘം അഷുതോഷിനു കൈമാറും. ഇതു മറ്റുദ്യോഗസ്ഥരുടെ കണ്ണില്‍പ്പെടാതെ സുരക്ഷിതമായി ക്ലിയറന്‍സ് നല്‍കി അയയ്‌ക്കേണ്ട ഉത്തരവാദിത്തമായിരുന്നു അഷുതോഷിന്. കള്ളക്കടത്തു സംഘവുമായി അഷുതോഷിനുള്ള ബന്ധത്തിന്റെ തെളിവുകളും ഡിആര്‍ഐ ശേഖരിച്ചു. 

നേരത്തെയും സമാനമായ രീതിയില്‍ പാർസല്‍ വഴി സ്വര്‍ണം കടത്തിയതായും ഡിആര്‍ഐക്കു സംശയമുണ്ട്. കൂടുതല്‍ ഉദ്യോഗസ്ഥരുടെ പങ്കും സംശയിക്കുന്നു. ഇത് കണ്ടെത്താന്‍ അറസ്റ്റിലായ കസ്റ്റംസ് ഉദ്യോഗസ്ഥനെയുള്‍പെടെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

Keywords:  News, Kerala, Kerala-News, Top Headline, Smuggling, Gold, Gold Smuggling, Post Office, Gold smuggling through Foreign parcels: DRI arrested customs officer.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia