'തന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത നക്ഷത്രം പൊലീസ് യൂണിഫോമിലേതല്ല, ചെഗുവേരത്തൊപ്പിയിലേത്'; കസ്റ്റംസിനോട് ടിപി വധക്കേസ് പ്രതി ശാഫി
Jul 13, 2021, 15:41 IST
കൊച്ചി: (www.kvartha.com 13.07.2021) കസ്റ്റംസ് തന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത നക്ഷത്രം പൊലീസ് യൂണിഫോമിലേതല്ല, ചെഗുവേരത്തൊപ്പിയിലേതാണെന്ന് ടി പി വധക്കേസ് പ്രതി മുഹമ്മദ് ശാഫി. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് ക്വടേഷന്‍ കേസില്‍ കസ്റ്റംസിന്റെ ചോദ്യം ചെയ്യലിലാണ് ശാഫിയുടെ മൊഴി. ചോദ്യം ചെയ്യല്‍ തുടരുകയാണ്.
അതേസമയം അര്‍ജുന്‍ ആയങ്കിക്ക് അന്തര്‍ സംസ്ഥാന കള്ളക്കടത്ത് റാക്കറ്റുമായി ബന്ധമുണ്ടെന്നും റിമാന്‍ഡ് നീട്ടണമെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. കൊടിസുനിയും ശാഫിയുമടങ്ങുന്ന സംഘം കണ്ണൂര്‍ സ്വര്‍ണക്കടത്തിന്റെ രക്ഷാധികാരികളാണെന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചത്. സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതി അര്‍ജുന്‍ ആയങ്കിയുമായി ശാഫിക്ക് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച ശാഫിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതും.
ശാഫിയുടെ വീട്ടില്‍ കസ്റ്റംസ് നടത്തിയ റെയ്ഡില്‍ പൊലീസ് യൂണിഫോമില്‍ ഉപയോഗിക്കുന്ന തരം നക്ഷത്രമടക്കം കണ്ടെത്തിയിരുന്നു. ലാപ്‌ടോപും പിടിച്ചെടുത്തിരുന്നു. എന്നാല്‍ തനിക്ക് സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്ന നിലപാടിലാണ് ശാഫി.
കസ്റ്റംസ് കണ്ടെടുത്ത നക്ഷത്രം പൊലീസ് യൂണിഫോമിലേതല്ല, ചെഗുവേരത്തൊപ്പിയിലേതാണെന്ന് ശാഫി ചോദ്യം ചെയ്യലില്‍ മൊഴി നല്‍കി. ലാപ് ടോപ് സഹോദരിയുടേതാണ്. തന്റെ വിവാഹത്തിന് ആറായിരം പേരെത്തിയിരുന്നുവെന്നും അര്‍ജുന്‍ ആയങ്കി അതിലുണ്ടോ എന്ന് അറിയില്ലെന്നും ശാഫി നേരത്തേ പറഞ്ഞിരുന്നു.
അതേസമയം, സ്വര്‍ണക്കടത്തില്‍ രണ്ടുപേരെക്കൂടി കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. മുഹമ്മദ് ശാഫിക്കും അര്‍ജുന്‍ ആയങ്കിക്കും സിം കാര്‍ഡ് എടുത്ത് നല്‍കിയ സക്കീനയുടെ മകന്‍ അജ്മലും സുഹൃത്ത് ആശിഖുമാണ് കസ്റ്റഡിയിലുള്ളത്. ഇവരെയും ചോദ്യം ചെയ്യുകയാണ്.
സ്വര്‍ണക്കടത്തില്‍ കൂടുതല്‍ പേര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും വലിയ അളവില്‍ സ്വര്‍ണം ഇന്‍ഡ്യയിലെത്തിച്ചെന്നുമാണ് കസ്റ്റംസിന്റെ വാദം. അര്‍ജുന്‍ ആയങ്കിയെ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കസ്റ്റംസ് ഹൈകോടതിയെ സമീപിച്ചേക്കും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.