Girders | യാത്രാ ദുരിതത്തിന് പരിഹാരമാവുന്നു; കൊടുവള്ളി റെയില്‍വെ പാലത്തില്‍ ഗര്‍ഡറുകള്‍ സ്ഥാപിച്ചു


റെയില്‍വേയുടെ മെല്ലെപ്പോക്ക് നയം കാരണം കഴിഞ്ഞ നാലു മാസമായി കൊടുവള്ളി റെയില്‍വേ മേല്‍പാലത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ നിലച്ച നിലയിലായിരുന്നു
ഒക്ടോബറില്‍ മേല്‍പാലം പൂര്‍ത്തിയാക്കാനാണ് ഉദ്യോഗസ്ഥതല തീരുമാനം
തലശേരി: (KVARTHA) നിര്‍മാണത്തിലുള്ള കൊടുവള്ളി റെയില്‍വേ മേല്‍പാലത്തിന്റെ (Koduvalli railway bridge)
അതീവ ദുഷ്‌കരമായ ഗര്‍ഡര്‍ (Girders) സ്ഥാപിക്കല്‍ പ്രവൃത്തി തുടങ്ങി. കഴിഞ്ഞ ദിവസം രാത്രിയാണ് ഗര്‍ഡര്‍ സ്ഥാപിക്കല്‍ പ്രവൃത്തി തുടങ്ങിയത്. കനത്ത മഴയെ (Heavy Rain) അതിജീവിച്ചുകൊണ്ടാണ് അത്യാധുനിക യന്ത്രങ്ങളുടെയും വിദഗ്ധ തൊഴിലാളികളുടെയും സഹായത്തോടെ ടണ്‍ കണക്കിന് ഭാരമുള്ള ഏഴ് ഗര്‍ഡറുകള്‍ രണ്ട് തൂണുകളില്‍ സ്ഥാപിച്ചത്.
ഇരട്ടപ്പാളത്തിന് മുകള്‍ ഭാഗത്തെ ഗര്‍ഡറുകള്‍ സ്ഥാപിക്കുമ്പോള്‍ അപകട സാധ്യത ഒഴിവാക്കാന്‍ തത്സസമയം പോവുന്ന വാഹനങ്ങള്‍ തലശേരി - കണ്ണൂര്‍ ദേശീയ പാതയില്‍ പിടിച്ചിടുകയായിരുന്നു. പുറമേനിന്നുമെത്തിച്ച ഗര്‍ഡറുകള്‍ പ്രീ-സ്‌ട്രെസ്ഡ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഉയര്‍ത്തി വെച്ചത്. ഗര്‍ഡറിന് മീതെ സ്ലാബ് വാര്‍ക്കല്‍ പ്രവൃത്തികളും വൈകാതെ തീര്‍ക്കാനാണ് തീരുമാനം.
റെയില്‍വേയുടെ മെല്ലെപ്പോക്ക് നയം കാരണം കഴിഞ്ഞ നാലു മാസമായി കൊടുവള്ളി റെയില്‍വേ മേല്‍പാലത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ നിലച്ച നിലയിലായിരുന്നു. ഇതേ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം തലശേരി മണ്ഡലം എംഎല്‍എ കൂടിയായ സ്പീകര്‍ എഎന്‍ ശംസീര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചു ചേര്‍ത്തത്. റെയില്‍വെയുടെ ഭാഗത്തുള്ള പണികള്‍ രണ്ടു മാസത്തിനകം സമാന്തരമായും ഇരുഭാഗത്തുള്ള പണികള്‍ മൂന്ന് മാസത്തിനകവും പൂര്‍ത്തിയാക്കാമെന്നും യോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് സ്പീകര്‍ നിര്‍ദേശം നല്‍കി.
ഒക്ടോബറില്‍ മേല്‍പാലം പൂര്‍ത്തിയാക്കാനാണ് ഉദ്യോഗസ്ഥതല തീരുമാനം. കൊടുവള്ളിയില്‍ നിന്ന് 314 മീറ്റര്‍ നീളത്തിലും 10.05 മീറ്റര്‍ വീതിയിലും രണ്ടു വരി പാതയാണ് മേല്‍പാലത്തില്‍ സജ്ജമാക്കിയിരുന്നത്. 21.4 കോടി രൂപയാണ് നിര്‍മാണ ചെലവ്. കൊടുവള്ളി ഇല്ലിക്കുന്നിലെ കയറ്റവും റെയില്‍വേ ഗേറ്റ് കുരുക്കും ഒഴിവാക്കി പിണറായി, മമ്പറം അഞ്ചരക്കണ്ടി, കണ്ണൂര്‍ വിമാന താവളം എന്നിവിടങ്ങളിലേക്ക് എളുപ്പം യാത്ര ചെയ്യാന്‍ റെയില്‍വേ മേല്‍പാലത്തിലൂടെ കഴിയും.
തലശേരി - അഞ്ചരക്കണ്ടി റോഡിലെ കൊടുവള്ളി ലെവല്‍ ക്രോസ് യാത്രക്കാര്‍ക്ക് നിരന്തരം തലവേദനയുണ്ടാക്കുന്നതാണ്. റെയില്‍വെ ലെവല്‍ ക്രോസ് ബാര്‍ വാഹനങ്ങള്‍ ഇടിച്ച് തകരുന്നത് കാരണം വാഹനങ്ങള്‍ മണിക്കൂറുകളോളം കുടുങ്ങുന്ന സാഹചര്യമുണ്ടാകാറുണ്ട്. അന്‍പതിലേറെ സ്വകാര്യ ബസുകള്‍ ഇതുവഴി സര്‍വീസ് നടത്തുന്നുണ്ട്. ലെവല്‍ ക്രോസ് തുടര്‍ചയായി അടയുന്നത് കാരണം ലക്ഷ്യസ്ഥാനത്ത് എത്താന്‍ വിദ്യാര്‍ഥികള്‍ക്കും തൊഴിലാളികള്‍ക്കും കഴിയാറില്ല ഇതിന് പരിഹാരമായാണ് റെയില്‍വേ മേല്‍പാലം വരുന്നത്.