SWISS-TOWER 24/07/2023

ഗവി ദുരന്തം: വനം വകുപ്പ് പ്രതിക്കൂട്ടില്‍; ട്രക്കിംഗ് നിര്‍ത്തിവെച്ചു

 


ADVERTISEMENT

ഇടുക്കി: (www.kvartha.com 22/01/2015) പത്തനംതിട്ട ജില്ലാതിര്‍ത്തിയിലെ ഗവിയില്‍ ട്രക്കിംഗിനിടെ ആനയുടെ ചവിട്ടേറ്റ് ഗുജറാത്തി ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വനം വകുപ്പ് പ്രതിക്കൂട്ടില്‍. വനം വകുപ്പിന്റെ കീഴിലുളള കേരള വനം വികസന കോര്‍പറേഷന്റെ പാക്കേജ് ടൂറിസത്തിന്റെ ഭാഗമായുളള കാനനയാത്രയില്‍ ആവശ്യമായ മുന്‍ കരുതലുകള്‍ എടുക്കാത്തതാണ് ദുരന്തത്തിന് വഴിവെച്ചതെന്നതാണ് ആരോപണം.

സംഭവത്തെ തുടര്‍ന്ന് ഗവിയിലെ ട്രക്കിംഗ് നിര്‍ത്തിവെച്ചു. കൊല്ലപ്പെട്ട ഭുവേന്ദ്രര്‍ പി. റാവല്‍(52), ജാഗ്രുതി റാവല്‍(50) ദമ്പതികളുടെ കുടുംബത്തിന് കെ.എഫ്.ഡി.സി. അഞ്ചു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.

പെരിയാര്‍ കടുവ സങ്കേതത്തിനുള്ളിലാണ് ഗെവി. ശ്രീലങ്കന്‍ അഭയാര്‍ഥികളെ പുനരധിവസിപ്പിച്ച വനം വികസന കോര്‍പ്പറേഷന്റെ ഏലത്തോട്ടം നഷ്ടത്തിലായതിനെ തുടര്‍ന്നാണ് ഇവിടെ ഇക്കോ ടൂറിസം പരിപാടികള്‍ തുടങ്ങിയത്. ഓണ്‍ലൈന്‍ വഴിയാണ് പാക്കേജ് ടൂറിസത്തിനുള്ള രജിസ്‌ട്രേഷന്‍. വിദേശികളും കേരളത്തിനു പുറത്തുനിന്നുള്ളവരുമായി നിരവധിയാളുകളാണ് എത്തുന്നത്. താമസസൗകര്യം, ഹട്ടുകള്‍, ട്രക്കിംഗ്, ബോട്ടിംഗ്, കാനനസവാരി എന്നിവയാണ് പാക്കേജിലുള്ളത്്. ട്രക്കിംഗിന് ഗൈഡുകളുടെ സഹായത്തോടെയാണ് സഞ്ചാരികളെ അയ്ക്കുന്നത്. സംഭവദിവസം ആറു പേരെ മൂന്നു ഗ്രൂപ്പുകളായി തിരിച്ചാണ് കാട്ടിലേക്ക് അയച്ചത്.

ഉള്‍വനത്തിലേക്കു അയക്കുന്ന ഗൈഡുകള്‍ പരിശീലനം ലഭിച്ചവരാകണമെന്നും കൈവശം തോക്ക് ഉണ്ടാകണമെന്നും നിര്‍ദേശമുണ്ട്്. തോക്ക് ഉപയോഗിച്ച് മൃഗങ്ങളെ വെടിവയ്ക്കരുതെന്നും പ്രാണരക്ഷാര്‍ഥം ഭയപ്പെടുത്താനായി ഉപയോഗിക്കാമെന്നും പറയുന്നു. എന്നാല്‍ ഗവിയില്‍ ഗൈഡുകള്‍ക്ക് ഇത് അനുവദിച്ചിട്ടില്ല. ഏലത്തോട്ടം തൊഴിലാളികളായിരുന്ന തമിഴ് വംശജരെയാണ് ഗൈഡുകളായി നിയമിച്ചിരിക്കുന്നത്. വനത്തിനുള്ളില്‍ കടന്നുകൂടിയാല്‍ സഞ്ചാരികള്‍ക്ക് യാതൊരു സൗകര്യവുമില്ല. കുടിവെള്ളം പോലും കിട്ടില്ല. വാഹനം തകരാറിലായാല്‍ വഴിയില്‍ കിടക്കും. മൊബൈല്‍ ഫോണുകള്‍ക്ക് റേഞ്ചില്ലാത്ത സ്ഥലത്ത് വഴിയില്‍ വനം വകുപ്പിന്റെയോ, പോലിസിന്റെയോ സഹായം ലഭ്യമല്ല. വാഹനം പോകുന്ന വഴിയില്‍ ആനയെ കണ്ടാല്‍ ഒഴിച്ചു നിര്‍ത്താന്‍ പോലും പലയിടത്തും സ്ഥലമില്ല. ഗൈഡുകള്‍ക്ക് വയര്‍ലെസ് സെറ്റും നല്‍കിയിട്ടില്ല. അടുത്തിടെ നാല് കടുവകളെ ഒന്നിച്ച് കണ്ടെത്തിയ പച്ചക്കാനം റേഞ്ച് ഇതിന് സമീപമാണ്.

ഗവി ആനകള്‍ കൂടുതലായുള്ള സ്ഥലമാണ്. കടുവ, പുലി തുടങ്ങിയ മൃഗങ്ങളുടെയും സാന്നിധ്യം ഈ മേഖലയില്‍ കണ്ടെത്തിയിട്ടുണ്ട്. കാട്ടുപോത്ത് അടക്കമുള്ള മൃഗങ്ങളും സഞ്ചാരപഥത്തിലേക്കു കടന്നുവരാറുണ്ട്. വനമേഖലയിലൂടെ മാത്രം ആങ്ങമൂഴിയില്‍ നിന്ന് 70 കിലോമീറ്റര്‍ സഞ്ചരിക്കാമെന്നതാണ് ഗവി ടൂറിസത്തിന്റെ പ്രത്യേകത. വാഹനത്തിലുള്ള യാത്രയില്‍ പലപ്പോഴും കാട്ടാനകളും മറ്റു മൃഗങ്ങളും മുമ്പില്‍ പെടാറുള്ളതാണ്. സഞ്ചാരികളുടെ വാഹനങ്ങള്‍ ഇത്തരത്തില്‍ പലപ്പോഴും ആനകള്‍ ആക്രമിക്കാറുണ്ട്.

റാന്നി വൈല്‍ഡ് ലൈഫ് ഡിവിഷനിലെ ഗൂഡ്രിക്കല്‍ റേഞ്ച് വഴിയും വള്ളക്കടവ് റേഞ്ച് വഴിയും ഗവിയിലെത്തിച്ചേരാം. ഗൂഡ്രിക്കല്‍ റേഞ്ചിലെ ആങ്ങമുഴി വഴി 100 കിലോമീറ്റര്‍ സഞ്ചരിച്ച്‌വേണം ഇവിടെ എത്താന്‍. ഗവിയിലേക്കു പ്രവേശിക്കണമെങ്കില്‍ കെഎഫ്ഡിസി യുടെ ഇക്കോ ടൂറിസം പരിപാടിയിലെ നിശ്ചിത ഫീസ് അടയ്‌ക്കേണ്ടതുണ്ട്. ഇതിനു പുറമെ വള്ളക്കടവ് ചെക്ക് പോസ്റ്റില്‍ പ്രവേശനഫീസും നല്‍കണം.

അഞ്ചോളം ചെക്ക് പോസ്റ്റുകള്‍ തരണം ചെയ്തുവേണം ഗവിയിലെത്തിച്ചേരാന്‍. കൂടാതെ വൈദ്യുതി ബോര്‍ഡിന്റെ മൂന്നു ചെക്ക്‌പോസ്റ്റുകളുമുണ്ട്. കെ എസ് ഇ ബി യുടെ ശബരിഗിരി പദ്ധതിയുടെ നാല് അണക്കെട്ടുകള്‍ പിന്നിട്ടുവേണം ഗവിയിലെത്തിച്ചേരാന്‍. മൂഴിയാര്‍, കക്കി, ആനത്തോട്, കൊച്ചുപമ്പ അണക്കെട്ടുകളാണിത്. ഇവിടങ്ങളില്‍ വൈദ്യുതി ബോര്‍ഡ് ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

ഗവി ദുരന്തം: വനം വകുപ്പ് പ്രതിക്കൂട്ടില്‍; ട്രക്കിംഗ് നിര്‍ത്തിവെച്ചുദുരന്തത്തിനിരയായ അഹമ്മദാബാദ് ഐ.എസ്.ആര്‍.ഒ. സ്‌പേസ് ആപ്ലിക്കേഷന്‍ സെന്ററിലെ ശാസ്ത്രജ്ഞ ജാഗൃതി ബി. റാവല്‍, ഭര്‍ത്താവ് ഭുപേന്ദ്ര റാവല്‍ എന്നിവരുടെ മൃതദേഹങ്ങള്‍ വ്യാഴാഴ്ച നാട്ടിലേക്ക് കൊണ്ടുപോയി. ഭുപേന്ദ്ര റാവല്‍ അഹമ്മദാബാദിലെ കെ.എച്ച്.എസ്. ഫില്ലിങ് ആന്‍ഡ് പാക്കിങ് കമ്പനിയുടെ ഡെപ്യൂട്ടി ജനറല്‍ മാനേജരാണ്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:  Idukki, Murder, Elephant attack, Kerala, Gavi, Forest Department, Trucking, Stop.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia