Garbage Problem | അതിരൂക്ഷമായ മാലിന്യപ്രശ്നത്താല്‍ പൊറുതിമുട്ടി ജീവിതം, കണ്‍സ്ട്രക്ഷന്‍ കംപനിയുടെ ലേബര്‍ കാംപ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ചുമായി പ്രദേശവാസികള്‍

 


കണ്ണൂര്‍: (KVARTHA) അതിരൂക്ഷമായ മാലിന്യപ്രശ്നത്താല്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ കണ്‍സ്ട്രക്ഷന്‍ കംപനിയുടെ ലേബര്‍ കാംപ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച് നടത്തി. ഒറന്നിടത്ത് ചാല്‍, കുളപ്പുറം പ്രദേശത്തെ മാലിന്യ പ്രശ്‌നം പരിഹരിക്കുകയും വിളയാങ്കോട് ഒറന്നിടത്ത് ചാല്‍- മണ്ടൂര്‍ നബാര്‍ഡ് റോഡ് ഗതാഗത യോഗ്യമാക്കുകയും ചെയ്യണമെന്ന പ്രദേശവാസികളുടെ ആവശ്യം അംഗീകരിക്കപ്പെടാത്തതിനെ തുടര്‍ന്നാണ് കണ്‍സ്ട്രക്ഷന്‍ ലേബര്‍ കാംപ് അടച്ച് പൂട്ടുക, മാലിന്യ പ്രശ്‌നം പരിഹരിക്കുക, ജനജീവിതം സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രദേശവാസികള്‍ പ്രത്യക്ഷ സമരത്തിനിറങ്ങിയത്.

Garbage Problem | അതിരൂക്ഷമായ മാലിന്യപ്രശ്നത്താല്‍ പൊറുതിമുട്ടി ജീവിതം, കണ്‍സ്ട്രക്ഷന്‍ കംപനിയുടെ ലേബര്‍ കാംപ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ചുമായി പ്രദേശവാസികള്‍

വ്യാഴാഴ്ച (02.11.2023) രാവിലെ ഒമ്പത് മണിയോടെയാണ് ഒറന്നിടത്ത് ചാലിലെ കണ്‍സ്ട്രക്ഷന്‍ കംപനി ഓഫീസിലേക്ക് പ്രദേശവാസികള്‍ പ്രതിഷേധവുമായി ബഹുജനമാര്‍ച് നടത്തിയത്. ജനകീയ സമരസമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ടിവി കുഞ്ഞിക്കണ്ണന്‍, കെവി മുരളി കൃഷ്ണന്‍, കണ്ണൂര്‍ ജില്ലാ പഞ്ചായത് മെമ്പര്‍ സിപി ഷിജു, ചെറുതാഴം പഞ്ചായത് പ്രസിഡന്റ് എം ശ്രീധരന്‍, സിപിഎം മാടായി എരിയാ സെക്രടറി കെ പത്മനാഭന്‍ എന്നിവര്‍ ബഹുജന മാര്‍ചിന് നേതൃത്വം നല്‍കി.

നവംബര്‍ മൂന്ന് മുതല്‍ അനിശ്ചിതകാല ഉപരോധസമരവും ആരംഭിക്കും. സിപിഎം മാടായി ഏരിയാ സെക്രടറി കെ പത്മനാഭന്‍ മാര്‍ച ഉദ്ഘാടനം ചെയ്തു. മാര്‍ചില്‍ സ്ത്രീകളും കുട്ടികളും ഉള്‍പെടെ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

ദേശീയപാത നിര്‍മാണം കരാറെടുത്ത കണ്‍സ്ട്രക്ഷന്‍ കംപനിയുടെ കീഴിലെ തൊഴിലാളികള്‍ക്ക് മതിയായ അടിസ്ഥാന സൗകര്യം ഒരുക്കാതെ ഒറന്നിടത്ത് ചാലില്‍ താമസിക്കുന്നതിനാല്‍ പ്രാഥമിക കര്‍മം ഉള്‍പെടെ ഒഴിഞ്ഞ പറമ്പിലാണ് നിര്‍വഹിക്കുന്നത്.

മഴയത്ത് സമീപ പ്രദേശത്തെ വീടുകളിലേക്ക് ഇത് ഒഴുകിപോവുകയും കുടിവെളളത്തില്‍ പോലും മാലിന്യം കലരുന്ന സാഹചര്യവും ഉയര്‍ന്നുവന്നപ്പോള്‍ പഞ്ചായത് അധികൃതരും, എം വിജിന്‍ എംഎല്‍എയും പലവട്ടം ചര്‍ച നടത്തി കണ്‍സ്ട്രക്ഷന്‍ കംപനി മേധാവികളുമായി ധാരണയിലെത്തിയിരുന്നു.

എന്നാല്‍ കംപനി ഈ തീരുമാനങ്ങള്‍ പാലിക്കാതെ ജനജീവിതം ദുസ്സഹമാകുന്ന സാഹചര്യമാണുളളത്. ഇക്കാര്യങ്ങളൊന്നും പരിഹരിക്കാത്ത സാഹചര്യത്തില്‍ പ്രദേശവാസികള്‍ യോഗം ചേര്‍ന്ന് ജനകീയ സമരസമിതി രൂപവത്കരിക്കുകയായിരുന്നു. ചെറുതാഴം ഗ്രാമപഞ്ചായത് ആറാം വര്‍ഡ് അംഗം ടിവി കുഞ്ഞിക്കണ്ണന്‍ ചെയര്‍മാനും, കെവി മുരളീകൃഷ്ണന്‍ കണ്‍വീനറുമായ സമരസമിതിയാണ് ശക്തമായ സമരവുമായി മാലിന്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നത് വരെ മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരിക്കുന്നത്.

ദേശീയപാത വികസനപ്രവൃത്തിക്ക് ആവശ്യമായ നിര്‍മാണ സാമഗ്രികള്‍ സ്റ്റോക് ചെയ്യുന്നതും വാഹനം പാര്‍ക് ചെയ്യുന്നതും ഒറന്നിടത്ത് ചാലിലാണ്. വലിയ വാഹനം നിരന്തരമായി വിളയാങ്കോട് ഒറന്നിടത്ത് ചാല്‍ -മണ്ടൂര്‍ നബാര്‍ഡ് റോഡിലൂടെ പോകുന്നതിനാല്‍ റോഡ് പൂര്‍ണമായും പൊട്ടിപൊളിഞ്ഞിരിക്കുകയാണ്. കാല്‍നട യാത്രപോലും ചെയ്യാന്‍ സാധിക്കാതെ റോഡ് തകര്‍ന്ന സാഹചര്യത്തില്‍ റോഡ് റീടാര്‍ ചെയ്ത് ഗതാഗത യോഗ്യമാക്കുന്നതിന് കണ്‍സ്ട്രക്ഷന്‍ കംപനി തയാറാകണമെന്നാണ് പ്രദേശവാസികളുടെ മറ്റൊരു ആവശ്യം.

Keywords:  Garbage Problem; Residents took protest march to the labor camp office of the construction company, Kannur, News, Garbage Problem, Protest, Natives, Labour Camp, Road, Vehicles, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia