Ganapathi Vattam | 'ഗണപതി വട്ട'മാക്കിയാൽ പാവപ്പെട്ടവൻ്റെ വയർ നിറയുമോ, തൊഴിൽ ലഭിക്കുമോ? ഇതാണോ ഇന്ത്യയുടെ വികസനം!

 


 മിന്റാ മരിയ തോമസ്

(KVARTHA) വയനാട് എം പി ആയാൽ സുൽത്താൻ ബത്തേരിയുടെ പേര് ഗണപതി വട്ടം എന്ന് ആക്കി മാറ്റുമെന്ന് വയനാട് ലോക്സഭാ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയും ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റുമായ കെ. സുരേന്ദ്രൻ പറഞ്ഞിരിക്കുകയാണ്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം പ്രതികരണങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയായിലും മറ്റും വന്നുകൊണ്ടിരിക്കുന്നത്. നാടിനെ വർഗീയ വത്കരിക്കുകയാണ് സുരേന്ദ്രൻ്റെ ലക്ഷ്യമെന്ന് വിമർശിക്കുന്നവരും ഏറെയാണ്.

Ganapathi Vattam | 'ഗണപതി വട്ട'മാക്കിയാൽ പാവപ്പെട്ടവൻ്റെ വയർ നിറയുമോ, തൊഴിൽ ലഭിക്കുമോ? ഇതാണോ ഇന്ത്യയുടെ വികസനം!

 പള്ളിപൊളിച്ച് അമ്പലം പണിയുന്നവർ ഇതല്ല ഇതിനപ്പുറവും ചെയ്യുമെന്ന അഭിപ്രായങ്ങളും ഉയർന്നു വരുന്നുണ്ട്. ഇപ്പോൾ വയനാടൻ ജനത അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം ഇതാണോ എന്ന് ചോദിക്കുന്നവരും കുറവല്ല. വന്യമൃഗ ഭീഷണിയിൽ ജനങ്ങൾ പൊറുതിമുട്ടുമ്പോൾ അത്തരമൊരു പ്രശ്നമൊന്നും കാണാതെ ഇതൊക്കെ ഉയർത്തിക്കൊണ്ടുവരുന്നിനുള്ള ചേതോവികാരം എന്താണെന്ന് സംശയിക്കുന്നവരും ഒരുപാട് ഉണ്ട്.

താൻ ജയിച്ചാൽ സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്ന് മാറ്റുമെന്നാണ് ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സുരേന്ദ്രൻ പറഞ്ഞത്. 'സുല്‍ത്താൻസ് ബാറ്ററി അല്ല. അത് ഗണപതി വട്ടമാണ്. അത് ആര്‍ക്കാണ് അറിയാത്തത്. ടിപ്പു സുല്‍ത്താന്‍റെ അധിനിവേശം കഴിഞ്ഞിട്ട് എത്രകാലമായി. അതിന് മുമ്പ് എന്തായിരുന്നു പേര് എന്ന് എല്ലാവര്‍ക്കും അറിയാമെന്നും കെ സുരേന്ദ്രൻ പറയുകയുണ്ടായി. ടിപ്പു സുല്‍ത്താൻ വരുന്നതിന് മുമ്പ് അങ്ങനെ ഒരു സ്ഥലമുണ്ടായിരുന്നില്ലേ? കോണ്‍ഗ്രസിനും എല്‍ഡിഎഫിനും അതിനെ സുല്‍ത്താൻ ബത്തേരി എന്ന് പറയുന്നതിനാണ് താല്‍പര്യം. അക്രമിയായ ഒരാളുടെ പേരില്‍ ഇത്രയും നല്ലൊരു സ്ഥലം അറിയപ്പെടുന്നത് എന്തിനാണെന്ന ചോദ്യമാണ് താൻ ചോദിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു.

ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ ഉത്തരേന്ത്യയിൽ നിരവധി സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും പേര് മാറ്റിയിട്ടുണ്ട്. ഇതിന്‍റെ ചുവടുപിടിച്ചാണ് കേരളത്തിൽ സുൽത്താൻ ബത്തേരിയുടെ പേര് മാറ്റണമെന്ന് സുരേന്ദ്രൻ ആവശ്യമുന്നയിച്ചത്. കെ സുരേന്ദ്രൻ്റെ പ്രസ്താവന വന്നതിന് പിന്നാലെ പ്രമുഖ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ. എൻ കുറുപ്പിൻ്റെ പ്രസ്താവനയും ഇപ്പോൾ സാമൂഹ്യ മധ്യത്തിൽ വൈറൽ ആകുകയാണ്. സുൽത്താൻ ബത്തേരി ഗണപതി വട്ടമാക്കിയാൽ പാവപ്പെട്ടവന്റെ വയറ് നിറയുമോ? എന്ന ചോദ്യമാണ് അദ്ദേഹം ഉന്നയിക്കുന്നത്.

ഇന്ത്യയിൽ ഭരിക്കുന്ന പാർട്ടിയുടെ സ്ഥാനാർഥി, സുൽത്താൻ ബത്തേരി എന്ന പേര് ഗണപതി വട്ടമാക്കി മാറ്റുമെന്ന് പറയുകയാണ്. അങ്ങനെ ചെയ്താൽ പാവപ്പെട്ട വയറ് നിറയുമോ?, ആദിവാസികളുടെ ജീവിത പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമോ? വന്യജീവി ഭീഷണി ഇല്ലാതാകുമോ?. ജീവൽ പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടാനാണീ ഇത്തരം വിവാദ പ്രസ്താവനകൾ പുറത്തുവിടുന്നതെന്നും കെ.കെ.എൻ കുറുപ്പ് പറഞ്ഞു. അടിസ്ഥാന പ്രശ്നങ്ങളെ കുറിച്ച് ചിന്തിക്കുകയും ചർച്ചയാക്കുകയുമാണിപ്പോൾ വേണ്ടത്. എന്നാൽ, അത്തരം സന്ദർഭങ്ങൾ ഒഴിവാക്കാനുള്ള ബോധപൂർവമായ ശ്രമമാണിപ്പോൾ നടക്കുന്നത്. ഗണപതി വട്ടം എന്ന് ഇന്ന് വിളിക്കുന്ന ക്ഷേത്രം ഒരു ജൈനക്ഷേത്രമായിരുന്നുവെന്നത് 1973-ൽ അവിടെ സന്ദർശിച്ചപ്പോൾ ബോധ്യപ്പെട്ടതാണ്. അമ്പലത്തിന്റെ നാലുഭാഗത്തുമുള്ള കൊത്തുപണികളും ചിത്രങ്ങളും അത് ബോധ്യപ്പെടുത്തിയതായി കുറുപ്പ് പറയുന്നു.

എളംകുളം കുഞ്ഞൻപിള്ളയുടെ പുസ്തകത്തിൽ ഈ ക്ഷേത്രം ഗണപതിക്ഷേത്രമാണെന്ന് എഴുതി കണ്ടു. ഇക്കാര്യത്തെ കുറിച്ച് ഞാൻ എളംകുളം കുഞ്ഞൻ പിള്ളയോട് അന്വേഷിച്ചപ്പോൾ ഞാൻ അവിടെ പോയില്ലെന്ന മറുപടിയാണ് ലഭിച്ചത്. ചരിത്ര ബോധമില്ലാതെയാണ് ഇത്തരക്കാർ സംസാരിക്കുന്നതെന്നും കെ.കെ.എൻ കുറുപ്പ് ഒരു ഓൺലൈൻ മാധ്യമത്തോട് പറഞ്ഞു. ഈ വിഷയം ഇപ്പോൾ പൊതുസമൂഹവും ഏറ്റുപിടിച്ചിരിക്കുകയാണ്. ഇതാണോ ഇന്ത്യയുടെ വികസനം പേര് മാറ്റിയാൽ പെട്രോൾ വില കുറയുമോ തൊഴിൽ ലഭിക്കുമോ തുടങ്ങിയ ചോദ്യങ്ങളും സാധാരണക്കാർ സോഷ്യൽ മീഡിയായിലും മറ്റും ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റിനോട് ചോദിക്കുന്നുണ്ട്.

പേരിടാനല്ല, പാവങ്ങൾക്ക് ജോലിയും ആശ്രിതർക്ക് ശുശ്രൂഷയും പൊതുജനത്തിന് ഉപകരിക്കുന്ന വിധം മാറ്റങ്ങളും ആണ് വേണ്ടത്. ഒരു പേര് മാറ്റിയാൽ ലോകം നന്നാവുമെങ്കിൽ എന്തെളുപ്പം. പള്ളി ഇരുന്ന സ്ഥാനത്ത് മുൻപ് അമ്പലമുണ്ടെന്ന് പറഞ്ഞ് പള്ളി പൊളിച്ച് ആ സ്ഥലത്ത് അമ്പലം പണിതവർ ഇനിയും അധികാരത്തിൽ എത്തിയാൽ ഇതല്ല, ഇതിനപ്പുറവും ചെയ്യുമെന്ന് വിശ്വസിക്കുന്നവരാണ് കക്ഷിരാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കുന്ന ഇന്നാട്ടിലെ സാധാരണ ജനങ്ങളെന്ന അഭിപ്രായങ്ങളും ഇതിനിടയിൽ ഉയർന്നുവന്നു.

Keywords: News, Malayalam News, Politics,  Election, K Surendran, BJP, Sulthan Bathery, Ganapathi Vattam: Criticism arises against K Surendran
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia