Politics | ജി കാർത്തികേയൻ വിട വാങ്ങിയിട്ട് 10 വർഷം; തിരുത്തൽ വാദിയായ ആദർശവാദി

 
G. Karthikeyan's 10th Death Anniversary
G. Karthikeyan's 10th Death Anniversary

Photo Credit: Facebook/ G Karthikeyan

● കേരളത്തിൽ രണ്ടു തവണ മന്ത്രിയും നിരവധി തവണ എംഎൽഎയും ഒരുതവണ സ്പീക്കറും ആയിരുന്നു ജി കെ.
● 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേവലം രണ്ട് സീറ്റിന്റെ ഭൂരിപക്ഷത്തിന് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ അദ്ദേഹം സ്പീക്കറായി.
● വായനയും സഹൃദയത്വവുമായിരുന്നു ജികെയുടെ സവിശേഷത.
● നിയമസഭാ സമ്മേളനം നടന്നുകൊണ്ടിരിക്കെ മരണമടയുന്ന ആദ്യത്തെ സ്പീക്കർ ആയിരുന്നു ജി കെ.
● 1978-ൽ കോൺഗ്രസിലുണ്ടായ പിളർപ്പിൽ കാർത്തികേയൻ കെ. കരുണാകരനൊപ്പം അടിയുറച്ചു നിന്നു.

നവോദിത്ത് ബാബു 

(KVARTHA) കേരള രാഷ്ട്രീയത്തിലെ  ആദർശ സാന്നിധ്യമായിരുന്നു ജി. കാർത്തികേയൻ. കക്ഷി രാഷ്ട്രീയത്തിന്റെ വേലിക്കെട്ടിനപ്പുറത്ത്  സാമൂഹികവും ആദർശ പരവുമായ ഇടപെടലുകൾ നടത്തി കോൺഗ്രസിന്റെ ധൈഷണിക മുഖമായിരുന്ന  കാർത്തികേയൻ  കരളിൽ ബാധിച്ച അർബുദ രോഗത്തെ തുടർന്ന്  തന്റെ 66-ാമത് വയസ്സിൽ  ഈ ലോകത്തോട് വിടവാങ്ങിയിട്ട് 10 വർഷം തികഞ്ഞു.

കേരളത്തിൽ രണ്ടു തവണ മന്ത്രിയും  (1995-ലെ എ.കെ. ആന്റണി മന്ത്രിസഭയിൽ വിദ്യുച്ഛക്തി വകുപ്പ് മന്ത്രിയായും 2001-ലെ ആന്റണി മന്ത്രിസഭയിൽ ഭക്ഷ്യ-പൊതുവിതരണ, സാംസ്‌കാരിക മന്ത്രിയായും) നിരവധി തവണ എംഎൽഎയും ഒരുതവണ സ്പീക്കറും ആയിരുന്നു ജി കെ യെന്ന് സൗഹൃദ ലോകത്തിൽ അറിയപ്പെടുന്ന  കാർത്തികേയൻ. കോൺഗ്രസിന്റെ നിയമസഭാ കക്ഷി ഉപനേതാവ്, ചീഫ് വിപ്പ് സ്ഥാനങ്ങളും കൈകാര്യം ചെയ്തിട്ടുണ്ട്.

2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ  കേവലം രണ്ട് സീറ്റിന്റെ ഭൂരിപക്ഷത്തിന് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ കഴിഞ്ഞ നിയമസഭയിലെ കോൺഗ്രസ് നിയമസഭാ കക്ഷി ഉപ നേതാവായിരുന്ന കാർത്തികേയൻ ഒരു പ്രധാന വകുപ്പിൽ മന്ത്രി ആയിരിക്കും എന്ന് ഉറപ്പിച്ചു നിൽക്കെ പാർട്ടി അദ്ദേഹത്തെ പരിഗണിച്ചത് കാറ്റും കോളും നിറഞ്ഞ്  ഏതു സമയവും പ്രക്ഷുബ്ധമായേക്കാവുന്ന  സംസ്ഥാന നിയമസഭ സ്പീക്കർ എന്ന പദവിയിലേക്കായിരുന്നു. ദീർഘിച്ച കാലത്തെ നിയമസഭാ പ്രവർത്തി പരിചയം കൊണ്ട് ഈ സാഹചര്യങ്ങൾ തരണം ചെയ്യാൻ കാർത്തികേയന് സാധിക്കുമെന്ന് മുഖ്യമന്ത്രിയായ ഉമ്മൻചാണ്ടിക്കും പാർട്ടി നേതൃത്വത്തിനും വിശ്വാസമായിരുന്നു. 

പാർട്ടി പ്രവർത്തനം ജീവിതത്തിൽ എന്തിനേക്കാളും മുകളിലായികാണുന്ന ജി കെ ക്ക് സ്പീക്കർ പദവി എന്നത് ഉൾക്കൊള്ളാൻ പറ്റുന്ന ഒന്നായിരുന്നില്ല എങ്കിലും  പാർട്ടി നേതൃത്വത്തോട് അചഞ്ചലമായ കൂറ് പുലർത്തുന്ന വ്യക്തി എന്ന നിലയിൽ ആ സ്ഥാനം സ്വീകരിക്കുകയായിരുന്നു.  അങ്ങിനെ കേരള നിയമസഭയുടെ പതിനെട്ടാമത് സ്പീക്കറായി ജി കെ ചുമതലയേറ്റു.   തന്റെ സ്വഭാവ രീതികൾ  അവിടെയും എഴുതി ചേർത്തിട്ടാണ്  ആ പദവിയിലിരിക്കെ ജി കെ ഭൂമിയിൽ നിന്നും  യാത്രയായത്. സ്പീക്കറുടെ സ്വകാര്യ സൈന്യം എന്നറിയപ്പെടുന്ന വാച്ച് ആൻറ് വാർഡിന്  അവരുടെ അധികാരപരിധി വെട്ടിക്കുറച്ചതിനു പുറമേ പ്രതിപക്ഷ എംഎൽഎമാരെ പൂർണമായും വിശ്വാസത്തിൽ എടുത്ത്  സഭാ നടപടികൾ നിയന്ത്രിച്ചുകൊണ്ടുപോകാൻ ജികെക്ക് സാധിച്ചു എന്ന് കാലം തെളിയിക്കുകയുണ്ടായി. 

വായനയും സഹൃദയത്വവുമായിരുന്നു ജികെയുടെ സവിശേഷത.  സ്പീക്കർ പദവിയിൽ ഇരുന്നപ്പോൾ നിയമസഭാ മന്ദിരത്തിൽ ഗാന്ധി സ്മൃതി മണ്ഡപവും  മഴവെള്ള സംഭരണിയും തുടങ്ങിയത് ആ സഹൃദയത്വത്തിന്റെ  നേർക്കാഴ്ചയായിരുന്നു. നിയമസഭാ സമ്മേളനം നടന്നുകൊണ്ടിരിക്കെ  മരണമടയുന്ന ആദ്യത്തെ സ്പീക്കർ ആയിരുന്നു ജി കെ. പദവിയിലിരിക്കേ മരണമടയുന്ന രണ്ടാമത് സ്പീക്കറും. കെ എം സിതി സാഹിബ് ആണ് ഇപ്രകാരം മരണമടഞ്ഞ ആദ്യ സ്പീക്കർ. 

1949 ജനുവരി 20-ന് തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ ജനിച്ച കാർത്തികേയൻ പിതാവിന്റെ ജോലിയുടെ ഭാഗമായി ഏറെക്കാലം കേരളത്തിന് പുറത്താണ് പഠിച്ചത്.   ഐഎ എസ് എന്ന ലക്ഷ്യവുമായി കൊല്ലത്ത് കോളേജിൽ പഠനം തുടങ്ങിയ കാർത്തികേയൻ  വഴിതെറ്റി കെഎസ്‌യുവിലൂടെ  രാഷ്ട്രീയക്കാരൻ ആയി മാറുകയായിരുന്നു. 

1978-ൽ കോൺഗ്രസിലുണ്ടായ പിളർപ്പിൽ കാർത്തികേയൻ കെ. കരുണാകരനൊപ്പം അടിയുറച്ചു നിന്നു. എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗത്തിന് പത്ര മാധ്യമങ്ങൾ ആദർശ മുഖം നൽകിയ കാലഘട്ടത്തിൽ അതിന് പിന്നാലെ പോകാതെ ലീഡർ കെ കരുണാകരന്റെ രാഷ്ട്രീയ സ്ഥയിര്യതക്ക് പുറകെ പോയി തന്റെ പ്രവൃത്തിയും കഴിവും ആത്മവിശ്വാസവമുള്ള സമീപന രീതിയും വഴി  സാധാരണ കോൺഗ്രസ് പ്രവർത്തകരുടെ നെഞ്ചിൽ സ്ഥാനം പിടിച്ച നേതാവായിരുന്നു കാർത്തികേയൻ. കെ കരുണാകരനോടും ഇന്ദിരാഗാന്ധിയോടും  അചഞ്ചലമായ കൂറ് പ്രഖ്യാപിച്ച നേതാവ്. 

പാർട്ടിയുടെ പിളപ്പിനെ തുടർന്ന്  
കെ.എസ്.യു. സംസ്ഥാന പ്രസിഡണ്ട് , യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ  വഹിച്ചത് വഴിയാണ് കാർത്തികേയൻ കേരള രാഷ്ട്രീയത്തിൽ ശ്രദ്ധിക്കപ്പെട്ടത്.  1982-ൽ തിരുവനന്തപുരം നോർത്ത് മണ്ഡലത്തിൽ മത്സരിച്ച ഇദ്ദേഹം സി.പി.എം. നേതാവ് കെ. അനിരുദ്ധനെ പരാജയപ്പെടുത്തി ആദ്യമായി നിയമസഭയിലെത്തി. എന്നാൽ 1987-ൽ ഇതേ മണ്ഡലത്തിൽ എം.വിജയകുമാറിനോട് പരാജയപ്പെട്ടു. പിന്നീട് തുടർച്ചയായി അഞ്ചു തവണ ജി. കാർത്തികേയൻ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1991, 1996, 2001, 2006 വർഷങ്ങളിൽ ആര്യനാട് നിന്നും 2011-ൽ അരുവിക്കരയിൽ നിന്നുമാണ് നിയമസഭയിലെത്തിയത്. 

സ്പീക്കർ പദവിയിലിരിയ്ക്കേ 66-ാമത് വയസ്സിൽ, അർബുദബാധയെത്തുടർന്ന് ബെംഗളൂരുവിലെ എച്ച്.സി.ജി. ആശുപത്രിയിൽ വച്ച് 2015 മാർച്ച്‌ ഏഴിന് അദ്ദേഹം അന്തരിച്ചു. . അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് ഉപതിരെഞ്ഞെടുപ്പിലൂടെ രണ്ടാമത്തെ മകൻ കെ.എസ്.ശബരീനാഥൻ വിജയിച്ചു എം.എൽ.എയായിരുന്നു.

G. Karthikeyan, a respected political figure in Kerala, passed away 10 years ago. He was known for his dedication to the Congress party and his contributions as a minister and speaker.

#GKarthikeyan, #KeralaPolitics, #CongressLeader, #PoliticalLegacy, #RememberingGK, #IndianPolitics

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia