പ്രകൃതിവാതകവും ഇന്ധനവും ഇനി കശുമാങ്ങയില്‍ നിന്നും

 


പ്രകൃതിവാതകവും ഇന്ധനവും ഇനി കശുമാങ്ങയില്‍ നിന്നും
കാസര്‍കോട് : പ്രകൃതിവാതകവും ഇന്ധനവും ഇനി കശുമാങ്ങയില്‍ നിന്നും ലഭിക്കും. കശുമാങ്ങയില്‍ നിന്നു പ്രകൃതിവാതകവും ഇന്ധനവും ഉല്‍പ്പാദിപ്പിക്കുന്ന പരീക്ഷണം എറെകുറേ പൂര്‍ത്തിയായി കഴിഞ്ഞു. കേരള പ്ലാന്റേഷന്‍ കോര്‍പറേഷന്‍ മുംബൈയിലെ ഭാഭാ ആറ്റമിക് റിസര്‍ച്ച് സെന്ററിനു കീഴിലുള്ള ന്യൂക്ലിയര്‍ സയന്‍സ് റിസര്‍ച്ച് ഫൗണ്ടേഷന്റെ സഹകരണത്തോടെ നടത്തിയ പരീക്ഷണത്തിലാണ് കശുമാങ്ങയില്‍ നിന്നു വാഹനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഇന്ധനം ഉണ്ടാക്കാമെന്നു കണ്ടുപിടുത്തം നടത്തിയത്. 

വികസിത രാജ്യങ്ങളിലും യൂറോപ്യന്‍ രാജ്യങ്ങളിലും വാഹനങ്ങളില്‍ ഇന്ധനമായി പ്രകൃതിവാതകം ഉപയോഗിക്കുന്നുണ്ട്. അമേരിക്കയില്‍ 6 ശതമാനവും യൂറോപ്യന്‍ രാജ്യങ്ങളില്‍ 5 ശതമാനവും ബ്രസീലില്‍ 18 ശതമാനവും ആസ്‌ത്രേലിയയില്‍ 10 ശതമാനവും ഇങ്ങനെ പ്രകൃതിവാതകം ഉപയോഗിച്ചു വാഹനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ഇന്ത്യയില്‍ പ്രകൃതിവാതകം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെ എണ്ണം 10 ശതമാനമായി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി ആരംഭിച്ചിട്ടുണ്ട്. 'C2H6O' എന്ന രാസനാമത്തില്‍ അറിയപ്പെടുന്ന എഥനോള്‍ കശുമാങ്ങയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ടെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. ചെലവു കുറഞ്ഞ ഇന്ധനങ്ങള്‍ ഉല്‍പ്പാദിപ്പിക്കാന്‍ സാധിച്ചാല്‍ പെട്രോളിയം വിലവര്‍ധന പിടിച്ചുനിര്‍ത്താനും ഇറക്കുമതിയില്‍ കാര്യമായ കുറവു വരുത്താനും സാധിക്കുമെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദ്ഗദ്ധര്‍ പറയുന്നത്.

വര്‍ഷംതോറും ആയിരക്കണക്കിനു ടണ്‍ കശുമാങ്ങയാണ് കേരളത്തില്‍ നശിച്ചുപോകുന്നത്. കശുമാങ്ങ സംഭരിച്ച് ഇതില്‍നിന്നു പ്രകൃതിവാതകങ്ങളും മറ്റ് ഉല്‍പ്പന്നങ്ങളും ഉണ്ടാക്കുന്ന സാങ്കേതികവിദ്യ ആവിഷ്‌കരിക്കാനുള്ള ഗവേഷണം രണ്ടു വര്‍ഷമായി നടന്നുവരുന്നതായി പ്ലാന്റേഷന്‍ കോര്‍പറേഷന്‍ മലബാര്‍ പൈലറ്റ് പ്രൊജക്ട് മാനേജര്‍ ജസ്റ്റിന്‍ പറഞ്ഞു. കശുമാങ്ങയില്‍ നിന്നു പ്രകൃതിവാതകം ശേഖരിച്ച ശേഷം ബാക്കി വരുന്നതില്‍ നിന്നു കാലിത്തീറ്റയും ശീതളപാനീയങ്ങളും ഉണ്ടാക്കാനും സാധിക്കും. ഏറ്റവും ചെലവു കുറഞ്ഞ രീതിയിലുള്ള ഇന്ധനം മാര്‍ക്കറ്റില്‍ എത്തിക്കുക എന്ന ലക്ഷ്യവുമായാണ് കോര്‍പറേഷന്‍ പ്രവര്‍ത്തനം മുന്നോട്ടുപോവുന്നത്. 

കാസര്‍കോട് ജില്ലയിലെ മുളിയാര്‍ പഞ്ചായത്തില്‍ 1.25 കോടി രൂപ ചെലവില്‍ കശുവണ്ടി സംസ്‌കരണ ഫാക്ടറിയും പത്തനംതിട്ട ജില്ലയിലെ കൊടുമണ്ണില്‍ റബര്‍ ഫാക്ടറിയും സ്ഥാപിക്കും. പേരാമ്പ്രയില്‍ അഞ്ചു കോടി രൂപ ചെലവില്‍ റബര്‍ ഫാക്ടറി സ്ഥാപിക്കാനും കോര്‍പറേഷന്‍ തീരുമാനിച്ചിട്ടുണ്ട്. അതിരപ്പിള്ളിയില്‍ അഞ്ചു കോടി രൂപ ചെലവില്‍ ഓയില്‍പാം ഫാക്ടറി സ്ഥാപിക്കും. പ്ലാന്റേഷന്‍ കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള ഓയില്‍പാം പ്ലാന്റേഷനില്‍ നിന്നു സംഭരിക്കുന്ന കായകള്‍ ഉപയോഗിച്ച് എണ്ണ ഉല്‍പ്പാദിപ്പിക്കുമെന്നും ചെയര്‍മാന്‍ വര്‍ഗീസ് ജോര്‍ജ് പറഞ്ഞു. 


Keywords: K asaragod, Petrol, Kerala, Fuel, Cashew fruit 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia