Shipbuilding Excellence | വിമാനവാഹിനി മുതൽ റോ റോ വരെ: കൊച്ചിൻ ഷിപ്‌യാർഡിന്റെ അത്ഭുത ലോകം

 
Image of Cochin Shipyard Crane
Image of Cochin Shipyard Crane

Photo Credit: Website/ COCHIN SHIPYARD LIMITED

● 'കൊച്ചിന്‍ ഷിപ്പിയാർഡ്‌'  എന്ന നാമം ഇന്ത്യക്കാരുടെ പ്രത്യേകിച്ച് കേരളീയരുടെ നാവിൽ ഉള്ള ഒന്നാണ്. 
● കൊച്ചിന്‍ ഷിപ്പിയാർഡിൻ്റെ ചരിത്രത്തെ ഉദ്ദേശിച്ച് ഹാരിസ് എന്നയാൾ എഴുതിയ കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്. 

റോക്കി എറണാകുളം

(KVARTHA) കൊച്ചിന്‍ ഷിപ്പ് യാർഡ്‌ (Cochin Shipyard - കൊച്ചി കപ്പൽ നിർമ്മാണശാല) എന്നാൽ കൊച്ചിക്കാരുടെ മാത്രമല്ല ഇന്ത്യക്കാരുടെ മുഴുവൻ അഭിമാനമാണ്. കൊച്ചിയുടെയും രാജ്യത്തിന്റെയും അഭിമാനമായ ഷിപ്പ് യാർഡ്‌ നേരിട്ടും അല്ലാതെയും നല്‍കുന്ന തൊഴില്‍ അവസരം  പതിനായിരത്തിന്‌ മുകളിലാണ്‌ എന്ന് കേൾക്കുമ്പോൾ അത് ആരെയും പുളകം കൊള്ളിക്കുക സ്വഭാവികം. മാത്രമല്ല, മെച്ചപ്പെട്ട ജീവിത സാഹചര്യവും കൊച്ചിന്‍ ഷിപ്പ് യാർഡ്‌ നല്‍കുന്നു എന്നത് വിസ്മരിക്കാനാവുന്നതല്ല. 

'കൊച്ചിന്‍ ഷിപ്പിയാർഡ്‌'  എന്ന നാമം ഇന്ത്യക്കാരുടെ പ്രത്യേകിച്ച് കേരളീയരുടെ നാവിൽ ഉള്ള ഒന്നാണ്. പക്ഷേ, ഇതിൻ്റെ സവിശേഷതകളും ചരിത്രവും അറിയാവുന്നവർ നന്നെ കുറവ്. അറിയണം നമ്മുടെ സ്വന്തം കപ്പൽ ശാലയുടെ മഹത്വവും അതിൻ്റെ ചരിത്രവും. കൊച്ചിന്‍ ഷിപ്പിയാർഡിൻ്റെ ചരിത്രത്തെ ഉദ്ദേശിച്ച് ഹാരിസ് എന്നയാൾ എഴുതിയ കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്. 

കുറിപ്പിൽ പറയുന്നത്: കൊച്ചിയുടെ അഭിമാനമാണ്‌ കൊച്ചിന്‍ ഷിപ്പ് യാർഡ്‌. കൊച്ചിയുടെ ലാന്റ്‌ മാർക്കാണ്‌ ഷിപ്പ് യാർഡിൽ ഉയർന്ന്‌ നില്‍ക്കുന്ന രണ്ട്‌ ഭീമകാരനായ ക്രയിന്‍. ഈ അടുത്ത്‌ മൂന്നാറിന്റെ ഉയരം കൂടിയ മലനിരകളില്‍ നിന്ന്‌ താഴെക്ക്‌ നോക്കിയപ്പോള്‍ ഒരു ചെറിയ പൊട്ട്‌പോലെ കണ്ടതും ഈ ക്രെയിനാണ്‌. കൊച്ചിയുടെ അടയാളം. ഏതൊരു കൊച്ചിക്കാരനും അഭിമാനം തോന്നുന്ന നിമിഷം കൊച്ചിയുടെ അടയാളം. കപ്പലും, ചീനവലയും. നമ്മുടെ കൊച്ചിന്‍ കോർപ്പറേഷന്റെ കൊടി അടയാളം പോലും കടലില്‍ നിന്ന്‌ കയറിവരുന്ന കപ്പലാണ്‌. നീല കടലും. 

ഷിപ്പിയാർഡില്‍ ഡോക്കിന്റെ (ഡോക്ക്‌ കപ്പല്‍ നിർമ്മാണത്തിനും, അറ്റകുറ്റപണിക്കും കപ്പല്‍ അടുപ്പിക്കുന്ന പ്രത്യേക സ്ഥലം) ഇരുവശങ്ങളിലുള്ള ക്രയങ്ങളിലൂടെ റെയിലില്‍ ഓടുന്ന രണ്ട്‌ ഭീമകാരനായ ക്രയിനുകളാണ്‌. നമ്മള്‍ കാണുന്ന 'ചുവന്ന അടയാളം' ഈ ക്രയിനുകളുടെ ഉയർത്താനുള്ള ശേഷി ഒരണ്ണത്തിന്റെത്‌ 150 ടണ്‍, അടുത്തത്‌ 300 ടണ്‍. 150 ടണ്‍ ഉയർത്താനുള്ള ക്രയിനിന്റെ ആകെ ഭാരം 1200 ടണ്‍ ആണ്‌. ഈ ക്രയിനുകള്‍ ആണ്‌ ഷിപ്പിയാർഡിന്റെ ശക്‌തി. വലിയ ഭാരങ്ങള്‍ വഹിച്ച്‌ ഡോക്കിന്റെ ഏത്‌ ഭാഗത്തും എത്തുന്നു. മുകള്‍ ഭാഗം ഫുള്‍ എയർകണ്ടീഷനാണ്‌ ഇതിന്റെ നീളം 95 മീറ്റർ, 5.50 മീറ്റർ വീതിയും. കണ്‍ട്രോള്‍ റൂമും കേബിളുമെല്ലാം ഇതിനകത്താണ്‌. 

കൊച്ചിൻ ഷിപ്പിയാർഡിന്റെ ചരിത്രം

ഇന്ത്യക്ക്‌ സ്വതന്ത്യ്രം ലഭിച്ച്‌ കഴിഞ്ഞിട്ടും ഇന്ത്യക്ക്‌ ആകെ ഒരു കപ്പല്‍ ശാലയെ ഉണ്ടായിരുന്നുള്ളു ആന്ധ്രയിലെ വിശാഖപട്ടണത്തുള്ള കപ്പല്‍ ശാല. 1941 ല്‍ സ്‌റ്റീം നാവിഗേഷന്‍ ആണ്‌ സ്ഥാപിച്ചത്‌.  ഇന്ത്യപോലുള്ള മൂന്ന്‌ ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട രാജ്യത്ത്‌ കപ്പലും കപ്പല്‍ നിർമ്മാണശാലയും വികസനത്തിന്‌ ആവശ്യമാണ്‌. പറ്റിയ സ്ഥലം അന്വേഷണം തുടങ്ങി. ഇതിനായി യുകെ ബെയ്‌സ് ആയ ഒരു കമ്മിറ്റിയാണ്‌ കൊച്ചിയെ തിരഞ്ഞെടുത്തത്‌. അറബിക്കടലുമായുള്ള സാമീപ്യവും, തുറമുഖം, കപ്പല്‍ ചാനല്‍, റെയില്‍, റോഡ്‌, കടല്‍ മാർഗ്ഗം എത്തിചേരാനുള്ള സൗകര്യം ഇതെല്ലാം പരിഗണിച്ചിരുന്നു. 

കൊച്ചിന്‍ ഷിപ്പിയാർഡിന്റെ യഥാർത്ഥ പേര്‌ 'സെക്കന്റ്‌ ഷിപ്‌ബില്‍ ഡിംഗ്‌യാർഡ്‌' എന്നായിരുന്നു പദ്ധതി ആസൂത്രണം ചെയ്യുമ്പോള്‍. 1959 ല്‍ കേന്ദ്രസർക്കാർ തീരുമാനത്തില്‍ എത്തിച്ചേർന്നു. 1960 ല്‍ കപ്പല്‍ശാലക്കായ്‌ 100 ഏക്കർ സ്ഥലം കേരള സർക്കാർ അക്വയർ ചെയ്തു. ഇവിടെ ആ കാലത്ത്‌ ഏതാണ്ട്‌ 500 കുടുംബങ്ങള്‍ താമസിച്ചിരുന്നു. എല്ലാ വികസനത്തിലും സാധാരണക്കാരനാണ്‌ വികസനത്തിന്റെ ആദ്യപ്രഹരം ഏറ്റുവാങ്ങുന്നത്‌. പലരും പിടിച്ച്‌നില്‍ക്കാന്‍ കഴിയാതെ കുടിയിറങ്ങി. ഇന്നും തേവര കനാലിന്റെ ഭാഗത്ത്‌ ചെറുകോളനിയായി അവരുണ്ട്‌.

ഷിപ്പിയാർഡ്‌ വരണം എന്ന്‌ പറഞ്ഞുള്ള അനുകൂലികള്‍ വികസനത്തിനായ് മുറവിളികൂട്ടി.  അവർ പ്രതിഷേധകപ്പലുകള്‍ വരെ ഉണ്ടാക്കി കായലില്‍ ഒഴുക്കി. ആ കപ്പലിന്‌ ഒരു പേരുമിട്ടു എസ്‌ എസ്‌ കൊച്ചിന്‍ റാണി. പത്രപ്രവർത്തകനായ കെ എം റോയ്‌ ആണ്‌ ഇതിന്‌ നേത്യത്വം നല്‍കിയത്‌. വെണ്ടുരുത്തി പാലം മുതല്‍ ഫിഷറീസ്‌ പ്രാജക്‌റ്റ്‌ വരെയുള്ള സ്ഥലം 170 ഏക്കർ സ്ഥലം കപ്പല്‍ നിർമ്മാണത്തിനായ്‌ ഏറ്റെടുത്തു. ആ കാലഘട്ടത്താല്‍ കൊച്ചിക്കാർക്ക്‌ എറണാകുളം സിറ്റിയിലേക്ക്‌ പോകാനുള്ള റോഡ്‌ ഇന്നത്തെ ഷിപ്പിയാർഡിന്‌ അകത്ത്‌ കൂടിയായിരുന്നു. ഒരു ക്രിസ്‌ത്യന്‍ പള്ളിയും ഇവിടെയുണ്ടായിരുന്നു. 

ഇന്ന്‌ ഷിപ്പിയാർഡ്‌ ഇറങ്ങാനുള്ള ബസ്‌ സ്‌റ്റോപ്പിന്റെ പേര്‌ അറ്റ്‌ലാന്റീസ്‌ എന്നാണ്‌. ആ പേര്‌ വരാന്‍ കാരണം അവിടെ അറ്റ്‌ലാന്റീസ്‌ എന്ന ഒരു ഹോട്ടല്‍ ഉണ്ടായിരുന്നു. 1972 ഏപ്രില്‍ 29 ന്‌ ഇന്ത്യയുടെ  ഉരുക്ക്‌ വനിത എന്ന്‌ അറിയപ്പെട്ട പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയാണ്‌ കൊച്ചിന്‍ ഷിപ്പിയാർഡിന്‌ തറക്കല്ല്‌ ഇടുന്നത്‌. കൊച്ചിന്‍ ഷിപ്പിയാർഡിന്റെ എംബ്ലം വരച്ചത്‌ കൊച്ചിന്‍ ഷിപ്പിയാർഡിലെ ആദ്യകാല തൊഴിലാളിയായ അബ്‌ദുള്‍ ഖാദർ എന്ന വ്യകതിയാണ്‌. നമ്മുടെ ഷിപ്പിയാർഡ്‌ നിർമ്മിച്ചത്‌ ജപ്പാന്‍കാരാണ്‌. ജപ്പാനിലെ മിത്‌സുബിഷി ഹെവി ഇന്‍ഡ്‌സട്രീസിന്റെ സാങ്കേതിക സഹകരണം ജപ്പാന്‍ തുറമുഖ നിർമ്മാണത്തിലും ക്വാളിറ്റിയിലും മികച്ച്‌ നിന്നിരുന്നു ആ കാലത്ത്‌. 

1972 ല്‍ നിർമ്മാണം തുടങ്ങി 1981 ആയപ്പോഴേക്കും കപ്പലിന്റെ അറ്റകുറ്റപണികള്‍ നടത്താന്‍ തുടങ്ങി. 1982 ആയപ്പോഴേക്കും ഒന്നാംഘട്ടം പൂർത്തിയായി നാവിക സേനയുടെ കപ്പലുകള്‍, എണ്ണകപ്പല്‍, വ്യവസായ ആവശ്യത്തിനുള്ള കപ്പല്‍ കോസ്‌റ്റ്‌ഗാർഡ്‌, ഫിഷറീസ്‌.... എന്നിവയുടെ അറ്റകുറ്റപണികള്‍, ഏതാണ്ട്‌ 2000 ഷിപ്പുകളുടെ അറ്റകുറ്റപണികള്‍ നടത്തി കഴിഞ്ഞു. ഇന്ത്യയുടെ അഭിമാന കപ്പലുകള്‍ പണിതു. ഇന്ന് ലോകത്ത്‌ നിന്ന്‌ പല ഓർഡറുകളും  വരുന്നു. 

നമ്മുടെ ഫോർട്ട്‌കൊച്ചി വൈപ്പിന്‍ റോ റോ ചെറിയ തുകക്ക്‌ പണിത്‌ തന്നു (മൂന്നര കോടിക്ക്‌ ഒരണ്ണം, ഇപ്പോള്‍ ഒരണ്ണം 15 കോടിയാണ്‌ പറയുന്നത്‌). ഏതയാലും കൊച്ചിയുടെയും രാജ്യത്തിന്റെയും അഭിമാനമായ ഷിപ്പിയാർഡ്‌ നേരിട്ടും അല്ലാതെയും നല്‍കുന്ന തൊഴില്‍ അവസരം പതിനായിരത്തിന്‌ മുകളിലാണ്‌. മികച്ച തൊഴില്‍ അവസരവും മെച്ചപ്പെട്ട ജീവിത സാഹ്‌ജര്യവും കൊച്ചിന്‍ ഷിപ്പിയാർഡ്‌ നല്‍കുന്നു'.

കേരളത്തിന്റെ നെഞ്ചോട് ചേർന്ന് വളർന്ന കൊച്ചിൻ ഷിപ്‌യാർഡ്, നമ്മുടെ സംസ്ഥാനത്തിന്റെ അഭിമാനമാണ്. വിമാനവാഹിനി കപ്പലുകൾ പോലുള്ള വൻ കപ്പലുകൾ നിർമ്മിച്ച ഈ കപ്പൽ നിർമ്മാണ ശാല, ഇന്ത്യയുടെ നാവികശക്തിയിൽ നിർണായക പങ്കു വഹിക്കുന്നു. കൊച്ചിൻ ഷിപ്‌യാർഡിന്റെ ചരിത്രം, നമ്മുടെ വ്യവസായ വികസനത്തിന്റെയും സാങ്കേതിക നേട്ടങ്ങളുടെയും സാക്ഷിയാണ്. ഈ അറിവ്, പ്രത്യേകിച്ച് വിദ്യാർത്ഥികൾക്ക്, നമ്മുടെ രാജ്യത്തിന്റെ വ്യവസായ രംഗത്തെക്കുറിച്ചുള്ള വ്യാപകമായ ഒരു ധാരണ നൽകും. അതുകൊണ്ട്, ഈ അമൂല്യമായ വിവരങ്ങൾ നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും പങ്കുവെക്കാൻ മറക്കരുത്.

#CochinShipyard #NavalHeritage #ShipbuildingIndia #PrideOfIndia #KeralaIndustry #MaritimeStrength

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia