Initiative | നിർധനരായ ചെറുപ്പക്കാർക്കുള്ള സൗജന്യ ജി.ഡി.എ കോഴ്സ്: ആസ്റ്റർ മെഡ്‌സിറ്റിയിൽ ആദ്യ ബാച്ച് വിജയകരമായി പൂർത്തിയാക്കി


● കോഴ്‌സ് ദേശീയ നൈപുണ്യവികസന അതോറിറ്റിയുടെ അംഗീകാരത്തോടെയാണ് നടത്തുന്നത്.
● സർക്കാർ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്ക് അനുസരിച്ചുള്ള ശമ്പളം.
കൊച്ചി: (KVARTHA) നിർധനരായ യുവാക്കൾക്ക് ആരോഗ്യ സേവന രംഗത്ത് തൊഴിൽ അവസരങ്ങൾ ഒരുക്കുന്ന ലക്ഷ്യത്തോടെ ആസ്റ്റർ മെഡ്‌സിറ്റി സൗജന്യമായി നടത്തുന്ന ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് (ജി.ഡി.എ) കോഴ്‌സിന്റെ ആദ്യ ബാച്ച് വിജയകരമായി പൂർത്തിയായി. അടിസ്ഥാന ആരോഗ്യസംരക്ഷണ നൈപുണ്യം നേടുന്നതിനുള്ള തൊഴിലധിഷ്ഠിത കോഴ്സാണിത്.
കഴിഞ്ഞ വർഷം ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്ത ഈ കോഴ്‌സിന്റെ സർട്ടിഫിക്കറ്റ് വിതരണ ചടങ്ങ് അദ്ദേഹം തന്നെ എറണാകുളത്ത് വെച്ച് നിർവഹിച്ചു. ആറ് മാസം ദൈർഘ്യമുള്ള ഈ കോഴ്‌സ് ദേശീയ നൈപുണ്യവികസന അതോറിറ്റിയുടെ അംഗീകാരത്തോടെയാണ് നടത്തുന്നത്. ആദ്യ മൂന്ന് മാസം സ്റ്റൈപെൻഡും നൽകുന്ന ഈ കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് ആസ്റ്റർ ആശുപത്രികളിൽ സ്ഥിരം ജോലി ലഭിക്കും. സർക്കാർ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്ക് അനുസരിച്ചുള്ള ശമ്പളം ലഭിക്കുന്ന ജോലിയാണ് ജി.ഡി.എ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് കിട്ടുന്നത്.
ആസ്റ്റർ മെഡ്‌സിറ്റി നടപ്പിലാക്കുന്ന ഈ പദ്ധതി പാവപ്പെട്ട കുടുംബങ്ങളിലെ ജോലി ആഗ്രഹിക്കുന്ന ചെറുപ്പക്കാർക്ക് ആരോഗ്യസേവന രംഗത്ത് മികച്ച ഭാവി പടുത്തുയർത്തുന്നതിന് സഹായിക്കുന്ന ഒന്നാണ്. നിരവധിയാളുകളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് ഈ കോഴ്സ് വഴിയൊരുക്കിയെന്നും ഹൈബി ഈഡൻ എംപി പറഞ്ഞു. യുവാക്കൾക്കിടയിൽ തൊഴിൽ നൈപുണ്യം വികസിപ്പിക്കുന്നതിനും ജോലിസാധ്യതകൾ വർധിപ്പിക്കുന്നതിനുമുള്ള ആസ്റ്റർ മെഡ്സിറ്റിയുടെ ശ്രമങ്ങളുടെ തെളിവാണ് ഈ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയിലെ ആസ്റ്റർ മെഡ്സിറ്റിയുടെ മെഡിക്കൽ അഫയേഴ്‌സ് വിഭാഗം മേധാവി ഡോ. ടി.ആർ. ജോൺ, ആസ്റ്റർ ഇന്ത്യയുടെ നഴ്‌സിംഗ് മേധാവി ശ്രീമതി തങ്കം രാജരത്തിനം, കേരള മെഡിക്കൽ ഓഫിസർ ഡോ. സൂരജ്, ആസ്റ്റർ കേരളയുടെ മാനുഷികവിഭവശേഷി വിഭാഗം മേധാവി ശ്രീ. ബ്രിജു മോഹൻ, ആസ്റ്റർ മെഡ്സിറ്റി ഓപ്പറേഷൻസ് മേധാവി ധന്യ ശ്യാമളൻ എന്നിവർക്കൊപ്പം കോഴ്സ് പൂർത്തിയാക്കിയവരുടെ മാതാപിതാക്കളും പരിപാടിയിൽ പങ്കെടുത്തു.
#AsterMedcity #GDACourse #FreeTraining #HealthcareJobs #Kerala #India #SocialImpact #SkillDevelopment