Fraud | 'ആട് വിതരണത്തിൻ്റെ മറവിൽ സ്ത്രീകളെ ലക്ഷ്യമിട്ട് വൻ തട്ടിപ്പ് നടത്താൻ നീക്കം; മികച്ച സാമ്പത്തിക ലാഭമെന്ന് വാഗ്ദാനം'; വയനാട്ടിലും കോഴിക്കോട്ടും നിരവധി പേരെ വഴിയാധാരമാക്കിയവർ തന്നെയാണ് പിന്നിലെന്ന് ആരോപണം

 


/ വി എസ് ഉണ്ണികൃഷ്ണൻ

ചടയമംഗലം: (KVARTHA) സംസ്ഥാനത്ത് ആട് വിതരണത്തിൻ്റെ മറവിൽ സ്ത്രീകളെ ലക്ഷ്യമിട്ട് വൻ തട്ടിപ്പ് നടത്താനുള്ള നീക്കവുമായി ഒരു സംഘം ശ്രമം തുടങ്ങിയതായി പരാതി. ആട് ഫാമുകള്‍ക്ക് കേന്ദ്ര സർക്കാർ സബ്സിഡി അടക്കം ഒരു കോടി നല്‍കുന്ന പദ്ധതി വന്നതോടെയാണ് പുതിയ തട്ടിപ്പുമായി സംഘം രംഗത്ത് വന്നിരിക്കുന്നത്. കൊല്ലം ജില്ലയിലെ തെക്കുംഭാഗം കേന്ദ്രീകരിച്ച് 2019 ൽ രൂപവത്കരിച്ച ട്രസ്റ്റിൻ്റെ പേരിലാണ് സംസ്ഥാന വ്യാപകമായി വൻ തട്ടിപ്പിന് കളമൊരുക്കുന്നതെന്നാണ് ആക്ഷേപം.

Fraud | 'ആട് വിതരണത്തിൻ്റെ മറവിൽ സ്ത്രീകളെ ലക്ഷ്യമിട്ട് വൻ തട്ടിപ്പ് നടത്താൻ നീക്കം; മികച്ച സാമ്പത്തിക ലാഭമെന്ന് വാഗ്ദാനം'; വയനാട്ടിലും കോഴിക്കോട്ടും നിരവധി പേരെ വഴിയാധാരമാക്കിയവർ തന്നെയാണ് പിന്നിലെന്ന് ആരോപണം

2015 ൽ വയനാട് ജില്ലയിലെ ഉൾനാടൻ ഗ്രാമ പ്രദേശങ്ങൾ കേന്ദ്രമാക്കി സമാന രീതിയിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി മുങ്ങിയ സംഘം തന്നെയാണ് പുതിയ തട്ടിപ്പിന് പിന്നിലെന്നാണ് വിവരം. നീലഗിരി ഗോട്ട് മിൽക്ക് പ്രൊഡ്യൂസേഴ്സ് സൊസൈറ്റിയെന്ന പേരിൽ ട്രസ്റ്റ് രൂപീകരിച്ച് വയനാട്ടിൽ സംഘം തട്ടിപ്പ് നടത്തിയെന്നായിരുന്നു നേരത്തേയുണ്ടായ പരാതി. ജെഎൽജി ഗ്രൂപ്പുകൾ രൂപീകരിച്ചാണ് ആടുകളെ നൽകിയത്. ആടിന്റെ വിലയായി സംഘം ആവശ്യപ്പെട്ട തുക മാനന്തവാടി കോർപ്പറേഷൻ ബാങ്കിൽ നിന്നും ഓരോ ഗ്രൂപ്പിലെയും അംഗങ്ങൾക്ക് 25000 രൂപവീതം വായ്പയും സംഘം തരപ്പെടുത്തി നൽകിയിരുന്നുവെന്ന് പരാതിക്കാർ പറയുന്നു.

വായ്പ നല്കിയ തുക ആടുകളുടെ പാൽ സംഭരിച്ച് സൊസൈറ്റി തന്നെ അടച്ചു തീർക്കുമെന്നുമായിരുന്നു വാഗ്ദാനം. ഇതനുസരിച്ച് 200 രൂപവീതം നൽകി നിരവധി സ്ത്രീകൾ ജെഎൽജി ഗ്രൂപ്പുകളുണ്ടാക്കി. ഗ്രൂപ്പിലെ ഏഴ് അംഗങ്ങൾക്കുമായി 45 ആടുകളെ ലഭിക്കുന്നതിന് 2.25ലക്ഷം രൂപ ബാങ്കിൽ നിന്നും വായ്പയെടുത്ത് നീലഗിരി ഗോട്ട് മിൽക്ക് പ്രൊഡ്യൂസേഴ്സ് സൊസൈറ്റിയുടെ പ്രതിനിധികൾക്ക് നൽകി. പക്ഷേ ഇവർക്ക് നൽകിയത് ആരോഗ്യമില്ലാത്ത ആടുകളെയാണെന്നും ലഭിച്ച് ഏതാനും ആഴ്ചയ്ക്കുള്ളിൽ ആടുകൾ മിക്കവയും ചത്തുപോവുകയുമായിരുന്നുവെന്നാണ് ആരോപണം.

ഇതോടെ സ്ഥലം വിട്ട സംഘം പിന്നെ പൊങ്ങിയത് കോഴിക്കോടായിരുന്നു. ഇവിടം കേന്ദ്രീകരിച്ച് കുറ്റിമുല്ല കൃഷിയുടെ മറവിൽ തട്ടിപ്പ് നടത്തിയിരുന്നുവെന്നും പരാതിയുണ്ട്. വയനാട്, കോഴിക്കോട് എന്നിവിടങ്ങളിൽ തട്ടിപ്പിന് ഇരയായവർ നൽകിയ പരാതികളിൽ പൊലീസ് കേസെടുത്തിരുന്നെങ്കിലും മുഖ്യ പ്രതിയെ അറസ്റ്റ് ചെയ്യാനായില്ല. കുറ്റിമുല്ല തട്ടിപ്പിന് ഇരയായവരുടെ പരാതി സംബന്ധിച്ച് നിയമസഭയിൽ അന്നത്തെ കുറ്റ്യാടി എംഎ‍ൽഎയായിരുന്ന കെ കെ ലതിക ചോദ്യമുന്നയിച്ചുവെങ്കിലും നടപടികളുണ്ടായില്ല.

വയനാട്ടിലെ നടത്തിയ ആടു തട്ടിപ്പിന്റെ സമാന രീതിയിലാണ് പുതിയ തട്ടിപ്പും ഇവർ വിഭാവന ചെയ്തിരിക്കുന്നതെന്നാണ് ആക്ഷേപം. കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട 10 ജില്ലകൾ കേന്ദ്രീകരിച്ചാണ് പുതുതായി രൂപീകരിക്കുന്ന സംഘത്തിന്റെ പ്രവർത്തനമെന്നാണ് സംഘടനയുടെ പ്രധാന ഭാരവാഹിയെന്ന് അവകാശപ്പെടുന്നയാൾ വാട്സ് ആപ്പിലൂടെ പ്രചരിപ്പിച്ച ശബ്ദ സന്ദേശത്തിൽ പറയുന്നത്. ഇയാൾ ഇടുക്കി സ്വദേശിയാണെന്നാണ് വിവരം. കർഷകർ വാങ്ങുന്ന ആടുകളുടെ വിലയായ 50000 രൂപ ബാങ്കിൽനിന്നും ഓരോ ഗ്രൂപ്പിലെയും അംഗങ്ങൾക്ക് സംഘടിപ്പിച്ച് നൽകുമെന്നുമാണ് ഇവർ നല്കുന്ന വാഗ്ദാനം. ആടുകളുടെ പാൽ സംഭരിച്ച് സൊസൈറ്റി തന്നെ വായ്പഅടച്ചു തീർക്കുമെന്നും ഒരാൾക്ക് ആടൊന്ന് പതിനായിരം രൂപ നിരക്കിൽ അഞ്ച് ആടുകളെ നൽകുമെന്നുമാണ് പറയുന്നത്.

ഇതിനോടകം ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി രണ്ടായിരം രൂപ പ്രവേശന ഫീസ് വാങ്ങി നിരവധി സ്ത്രീകളെ അംഗങ്ങളാക്കി ജെഎൽജി ഗ്രൂപ്പുകളും രൂപീകരിച്ചിട്ടുണ്ട്. പാലിനും ഇറച്ചിക്കും അത്യുൽപാദന ശേഷിയുള്ള മലബാറി ഇനം ആടുകളെ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യുമെന്നാണ് ഇവരുടെ വാഗ്ദാനം. തങ്ങൾ നല്കുന്ന ഒരു ആടിൽ നിന്നും ദിവസം ഒന്നര ലിറ്റർ പാൽ ലഭിക്കുമെന്നും അഞ്ച് ആടിൽ നിന്നും ഏഴരലിറ്റർ പാൽ ലഭ്യമാകുമെന്നും ലിറ്റിന് 100 രൂപ നിരക്കിൽ സൊസൈറ്റി തന്നെ പാൽ സംഭരിക്കുമെന്നുമാണ് വാഗ്ദാനം.

ഒരു ദിവസം എഴുന്നൂറ്റിയമ്പത് രൂപയോളം വരുമാനം ഉണ്ടാവുമെന്നും മാസത്തിൽ ആയിരം രൂപയിൽ കുറവ് വായ്പ തിരിച്ചടച്ചാൽ തന്നെ വൻലാഭമാണ് ഇതു വഴി ലഭിക്കുകയെന്നും ഇവരെ സംഘം പറഞ്ഞ് വിശ്വസിപ്പിക്കുന്നത്. വയനാട്ടിലും ഇതേ രീതിയായിരുന്നു ഇവർ തട്ടിപ്പിനായി ഉപയോഗിച്ചതെന്നാണ് വിമർശനം.

Keywords: Fraud, Chadayamangalam, Kollam, Fraud, Kerala, Goat, Distribution, Women, Group, Wayanad, Idukki, Pathanamthitta, Kollam, Thiruvananthapuram, Milk,  Society, Fraud allegation in the name of goat.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia