Education Bandh | മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റ് ലഭിക്കാത്തതില്‍ മനംനൊന്ത് വിദ്യാര്‍ഥിനി മരിച്ച സംഭവം; കേരളത്തില്‍ വെള്ളിയാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് ഫ്രറ്റേണിറ്റി മൂവ് മെന്റ്
 

 
Malappuram Plus 1 student's death; Fraternity Movement calls for education bandh in Kerala on Friday, Thiruvananthapuram, News, Malappuram Plus 1 student's death, Education Bandh, Press Meet, Kerala news


ഫ്രറ്റേണിറ്റി മൂവ് മെന്റ് സംസ്ഥാന പ്രസിഡന്റ് കെഎം ശെഫ്‌റിന്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്


പുതിയ ബാചുകള്‍ അനുവദിച്ച് ഉത്തരവിറക്കണമെന്നും  ആവശ്യം
 

തിരുവനന്തപുരം: (KVARTHA) കേരളത്തില്‍ വെള്ളിയാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് ഫ്രറ്റേണിറ്റി മൂവ് മെന്റ്. രണ്ടാം ഘട്ട അലോട്ട് മെന്റ് പൂര്‍ത്തിയായശേഷവും മലബാറില്‍ തുടരുന്ന പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിക്കിടെ മലപ്പുറം പരപ്പനങ്ങാടിയില്‍ രണ്ടാംഘട്ട അലോട്ട് മെന്റിന് ശേഷവും സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചും ആവശ്യമായ പുതിയ ബാചുകള്‍ അടിയന്തിരമായി അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് കേരളത്തില്‍ വെള്ളിയാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് ഫ്രറ്റേണിറ്റി മൂവ് മെന്റ് സംസ്ഥാന പ്രസിഡന്റ് കെഎം ശെഫ്‌റിന്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വിദ്യാര്‍ഥിനിയുടെ മരണത്തിന് ഉത്തരവാദി കേരള മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമാണ്. ഇനിയൊരു കുട്ടി ഇത്തരത്തില്‍ കേരളത്തില്‍ മരിക്കാന്‍ ഇടവരരുത്. അതിന് പുതിയ ബാചുകള്‍ അനുവദിച്ച് ഉത്തരവിറക്കണമെന്നും ശെഫ് റിന്‍ ആവശ്യപ്പെട്ടു.

കേരളത്തില്‍ ഈ വര്‍ഷത്തെ എസ് എസ് എല്‍ സി ഫലം പുറത്തുവന്ന് പ്ലസ് വണ്‍ അലോട്ട് മെന്റ് പ്രക്രിയ ആരംഭിച്ചതിനു ശേഷവും സംസ്ഥാനത്തെ മലബാര്‍ ജില്ലകളില്‍ ഹയര്‍സെകന്‍ഡറി സീറ്റ് പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. മലബാര്‍ ജില്ലകളില്‍ ഏകജാലക സംവിധാനത്തിലൂടെ ഈ വര്‍ഷം പ്ലസ് വണ്ണിന് അപേക്ഷിച്ചിട്ടുള്ളവര്‍ 2,46,086 വിദ്യാര്‍ഥികളാണ്. 

ജൂണ്‍ 11ന് വൈകിട്ട് പ്രസിദ്ധീകരിച്ച രണ്ടാം അലോട്ട് മെന്റിന് ശേഷം 1,27,181 വിദ്യാര്‍ഥികള്‍ക്ക് മലബാറില്‍ സീറ്റ് ലഭിച്ചിട്ടില്ല. മലബാര്‍ ജില്ലകളില്‍ ബാക്കി ലഭ്യമായിട്ടുള്ള 42, 641 സീറ്റുകളിലേക്ക് കൂടി ഇനി പ്രവേശനം ലഭിച്ചാലും 84,540 വിദ്യാര്‍ഥികള്‍ മലബാറില്‍ സീറ്റ് ഇല്ലാതെ പുറത്തു നില്‍ക്കേണ്ടിവരും. 

വിവിധ ജില്ലകളിലെ സീറ്റ് പര്യാപ്തത:

 

പാലക്കാട്- 17794

 

മലപ്പുറം-32239

 

കോഴിക്കോട്-16600

 

വയനാട്-3073

 

കണ്ണൂര്‍ -9313

 

കാസര്‍കോട്-5521
 

സീറ്റുകളുടെ കുറവ് എന്ന യാഥാര്‍ഥ്യത്തെ സര്‍കാര്‍ ഇപ്പോഴും ബോധപൂര്‍വം മറച്ചുവെക്കാനാണ് ശ്രമിക്കുന്നത്. പുതിയ സ്ഥിരം ബാച് അനുവദിച്ചുകൊണ്ട് പ്രശ്ന പരിഹാരം നടത്തുന്നതിന് പകരം മാര്‍ജിനല്‍ സീറ്റ് വര്‍ധനവെന്ന അങ്ങേയറ്റം വിദ്യാര്‍ഥി ദ്രോഹ നടപടികള്‍ തുടരുകയാണ് സംസ്ഥാന സര്‍കാര്‍ ചെയ്യുന്നത് എന്നും ശെഫ് റിന്‍ ആരോപിച്ചു.

കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ പ്ലസ് വണ്‍ സീറ്റ് ലഭിക്കാത്ത സാഹചര്യത്തില്‍ മരിച്ച പെണ്‍കുട്ടി മലബാര്‍ വിദ്യാഭ്യാസ വിവേചനത്തിന്റെ രക്തസാക്ഷിയാണ്. 6 A+ ഉം 85% മാര്‍ക്കും ലഭിച്ചിട്ടും രണ്ട് അലോട്ട് മെന്റിലും പ്രവേശനം ലഭിച്ചില്ല. ഫുള്‍ A+ നേടിയ നിരവധി വിദ്യാര്‍ഥികള്‍ മലപ്പുറം ജില്ലയില്‍ ഇപ്പോഴും സീറ്റ് ലഭിക്കാതെ പുറത്താണ്.

മലബാര്‍ ജില്ലകളില്‍ ആയിരക്കണക്കിന് സീറ്റുകള്‍ ബാക്കിയാണെന്ന നുണ പ്രചാരണം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിയമസഭയില്‍ നടത്തിയ അതേ ദിവസമാണ് മലപ്പുറത്ത് രണ്ടാം ഘട്ട അലോട്ട് മെന്റിലും സീറ്റ് ലഭിക്കാതെ വിദ്യാര്‍ഥിനിയുടെ മരണം സംഭവിക്കുന്നത് എന്നത് ഗൗരവപ്പെട്ട സാഹചര്യമാണ്. സര്‍കാര്‍ സ്‌പോണ്‍സേര്‍ഡ് സ്ഥാപനവല്‍കൃത കൊലപാതകമാണിതെന്നും അദ്ദേഹം ആരോപിച്ചു. 

സര്‍കാറിന്റെ വിദ്യാഭ്യാസ വിവേചന നയത്തിന്റെ രക്തസാക്ഷിയാണ് പെണ്‍കുട്ടി. നാളിതുവരെയുള്ള മലബാര്‍ വിദ്യാഭ്യാസ അവകാശ പോരാട്ടങ്ങള്‍ക്ക് വര്‍ഗീയ ചാപ്പ നല്‍കിയവരും അതിനെ പൈശാചിക വല്‍ക്കരിച്ചവരും വിദ്യാര്‍ഥിനിയുടെ വ്യവസ്ഥാപിത കൊലപാതകത്തിന്റെ കൂട്ടുപ്രതികളാണെന്നും ശെഫ് റിന്‍ ചൂണ്ടിക്കാട്ടി.

വിദ്യാര്‍ഥിനിയുടെ രക്തസാക്ഷിത്വം മലബാര്‍ വിദ്യാഭ്യാസ അവകാശ പോരാട്ടങ്ങളെ കൂടുതല്‍ ജനകീയവും കരുത്തുറ്റതുമാക്കുമെന്ന് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രടറിമാരായ കെപി തശ്രീഫ്, ആദില്‍ അബ്ദുര്‍ റഹീം, ജില്ല പ്രസിഡന്റ് അലി സവാദ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia