വിശ്രമമില്ലാതെ ആരോഗ്യപ്രവര്‍ത്തകര്‍; പൂന്തുറയില്‍ സ്രവപരിശോധനയ്ക്ക് നാല് മൊബൈല്‍ ലാബുകള്‍, ആശുപത്രിയിലാക്കിയവര്‍ക്ക് ഭക്ഷണവും വെള്ളവും സമയത്ത് നല്‍കിയില്ലെന്ന്

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 10.07.2020) പൂന്തുറയിലെ കോവിഡ് സമ്പര്‍ക്കവ്യാപനം നിയന്ത്രിക്കാന്‍ ആരോഗ്യവകുപ്പും നഗരസഭയും പൊലീസും ജില്ലാ ഭരണകൂടവും അശ്രാന്തപരിശ്രമമാണ് നടത്തുന്നത്. പ്രദേശത്ത് നാലിടങ്ങളില്‍ മൊബൈല്‍ ലാബില്‍ സ്രവപരിശോധന നടക്കുന്നുണ്ടെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു. രോഗം പിടിപെട്ട ഭൂരിപക്ഷം പേര്‍ക്കും ചികിത്സാ രീതികളെ കുറിച്ച് ധാരണയില്ലെന്ന് പ്രദേശത്ത് ജോലി ചെയ്ത് ഒരു ആരോഗ്യപ്രവര്‍ത്തകന്‍ പറഞ്ഞു. ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം ആയിരത്തോളം പേരെ പരിശോധിച്ചെന്നും ബുധനാഴ്ച മാത്രം എഴുപതിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചെന്നും വരും ദിവസങ്ങളില്‍ ഇത് കൂടാനാണ് സാധ്യതയെന്നും അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച മുതല്‍ ബുധനാഴ്ച വരെ പൂന്തുറയില്‍ 600 പേരെ പരിശോധിച്ചപ്പോള്‍ 119 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചെന്ന് സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 

വിശ്രമമില്ലാതെ ആരോഗ്യപ്രവര്‍ത്തകര്‍; പൂന്തുറയില്‍ സ്രവപരിശോധനയ്ക്ക് നാല് മൊബൈല്‍ ലാബുകള്‍, ആശുപത്രിയിലാക്കിയവര്‍ക്ക് ഭക്ഷണവും വെള്ളവും സമയത്ത് നല്‍കിയില്ലെന്ന്

രോഗം സ്ഥിരീകരിച്ചവരെ വര്‍ക്കല എസ് ആര്‍ എം മെഡിക്കല്‍ കോളജിലും ലക്ഷണങ്ങള്‍ ഉള്ളവരെ ജനറല്‍ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. 'പരിശോധനകള്‍ക്ക് ശേഷം തങ്ങള്‍ അഞ്ച് പേരെ ഒരു ആംബുലന്‍സിലാണ് ബുധനാഴ്ച ജനറല്‍ ആശുപത്രിയില്‍ എത്തിച്ചതെന്നും മൂന്ന് മണിക്കൂറോളം വാഹനത്തിനുള്ളില്‍ ഇരുത്തിയെന്നും ബഹളം ഉണ്ടാക്കിയ ശേഷമാണ് പുറത്തിറക്കിയതെന്നും' ജോണ്‍ ബി എന്ന രോഗി പറഞ്ഞു. രാത്രി ഒന്‍പതിനാണ് കിടക്കാനുള്ള സൗകര്യം ലഭിച്ചത്. ഭക്ഷണവും വെള്ളവും ലഭിച്ചത് വ്യാഴാഴ്ച രാവിലെയാണെന്നും ജോണ്‍ പറഞ്ഞു. പല തരത്തിലുള്ള രോഗലക്ഷണങ്ങളുള്ളവരെ ഒരുമിച്ചാണ് പാര്‍പ്പിച്ചിരിക്കുന്നത്. തങ്ങള്‍ക്കെല്ലാവര്‍ക്കും കോവിഡ് ഉണ്ടോ, ഇല്ലയോ എന്ന് പോലും അറിയാന്‍ കഴിയുന്നില്ല. ആശുപത്രിയിലെത്തിച്ച ശേഷം യാതൊരു പരിശോധനയും നടത്തിയിട്ടില്ലെന്നും ജോണ്‍ പറഞ്ഞു. 

ആന്റിജന്‍ ടെസ്റ്റ് നടത്തിയ ശേഷം വര്‍ക്കല എസ് ആര്‍ എം മെഡിക്കല്‍ കോളജില്‍ 44 പേരെയാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവിടെയും പല രോഗലക്ഷണങ്ങളുള്ളവരെ ഒരുമിച്ചാണ് പാര്‍പ്പിച്ചിരിക്കുന്നതെന്ന് പൂന്തുറ സ്വദേശിയായ ജോണി സി പറഞ്ഞു. '55 രോഗികള്‍ക്ക് ഒന്‍പത് ബാത്ത്‌റൂമാണ് ഉള്ളത്. വാഷ്‌ബേസനുകളും കുറവാണ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം പലര്‍ക്കും കൂടുതല്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. അതിനാല്‍ ഭയത്തോടെയാണ് കഴിയുന്നത്. കുടിക്കാന്‍ ചൂട് വെള്ളം പോലും ലഭ്യമല്ല' ജോണി പറഞ്ഞു. ബുധനാഴ്ച രാത്രി വട്ടപ്പാറ എസ്.യു.ടിയിലെ കോവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ച ജെ ക്രിസ്റ്റഫര്‍ പറയുന്നത് വ്യാഴാഴ്ച ഉച്ചവരെ തന്നെ ഡോക്ടര്‍മാരാരും പരിശോധിച്ചില്ലെന്നാണ്. രോഗം ഉണ്ടെന്ന് മാത്രം അറിയിച്ചിരുന്നു. 

രോഗികളെ നഗരത്തിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത് മുതല്‍ മതിയായ ചികിത്സ കിട്ടുന്നില്ലെന്ന പരാതി അവരും വീട്ടുകാരും നിരന്തരം തന്നെ വളിച്ച് പരാതി പറയുകയാണെന്ന് പൂന്തുറ വാര്‍ഡ് കൗണ്‍സിലര്‍ ജെ ഷേര്‍ലി പറഞ്ഞു. പലരും റാപ്പിഡ് ടെസ്റ്റോ, പി സി ആര്‍ ടെസ്റ്റോ നടത്തിയവരല്ലെന്നും കൗണ്‍സിലര്‍ പറഞ്ഞു. എന്നാല്‍ രോഗികളെ ആശുപത്രിയില്‍ എത്തിക്കുകയാണ് പ്രധാനമെന്നും തുടക്കത്തില്‍ ചില പരാതികള്‍ ഉയരുന്നത് സ്വാഭാവികമാണെന്നും താമസിക്കാതെ പരാതികള്‍ക്ക് പരിഹാരം ഉണ്ടാകുമെന്നും ജില്ലാ ഭരണകൂടത്തിലെയും നഗരസഭയിലേയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Keywords: Poonthura, COVID, GH, Patients, Health workers, Symptoms, Trivandrum city, Food and Water, Bathroom, Doctor, Four mobile testing labs have been deployed in Poonthura, Health workers working relentlessly.

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
KVARTHA Special Desk
KVARTHA Special Desk

154168 Articles

Tags

Share this story

wellfitindia