SWISS-TOWER 24/07/2023

കണ്ണൂരില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ചത് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക്

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 09.04.2020) കണ്ണൂരില്‍ കൊവിഡ് 19 വൈറസ് രോഗം ബാധിച്ചത് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക്. കൂത്തുപറമ്പ് ചെറുവാഞ്ചേരിയിലുള്ള കുടുംബത്തിനാണ് കൊവിഡ് കൂട്ടത്തോടെ ബാധിച്ചത്. ഗള്‍ഫില്‍ നിന്നും കൊവിഡ് വൈറസ് രോഗം ബാധിച്ച് വന്നവരുമായുള്ള സമ്പര്‍ക്കത്തില്‍പ്പെട്ടാണ് ഇവര്‍ക്ക് രോഗം ബാധിച്ചതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. ജില്ലയില്‍ ഇതുവരെ കൊവിഡ് ബാധയുണ്ടായ 48 കേസും തലശ്ശേരി താലൂക്കിലാണെന്നത് ആശങ്ക ജനിപ്പിച്ചിട്ടുണ്ട്.

ജില്ലയില്‍ ആകെ 59 കേസുകളാണ് പോസിറ്റീവ് ആയിട്ടുള്ളത്. ഇതില്‍ 48 കേസും തലശ്ശേരി താലൂക്കിലാണ്. ഗള്‍ഫ് നാടുകളില്‍ നിന്ന് വന്നവരാണ് ജില്ലയില്‍ കൊവിഡ് ബാധയുണ്ടായവരില്‍ മഹാഭൂരിപക്ഷവും. പ്രവാസികള്‍ ഏറെയുള്ള പ്രദേശമെന്നതാണ് തലശ്ശേരി താലൂക്കില്‍ കേസുകളുടെ എണ്ണം കൂടാന്‍ കാരണം. തലശ്ശേരിയോട് ചേര്‍ന്ന് കിടക്കുന്ന പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹിയില്‍ രണ്ടു പേരും കൊവിഡ് ബാധിതരായുണ്ട്. രോഗബാധിതരില്‍ 25 പേര്‍ ഇതിനകം രോഗമുക്തരായി. സംസ്ഥാനത്ത് തന്നെ മികച്ച നേട്ടമാണ് ഇത്.

കണ്ണൂരില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ചത് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക്

ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ചിറ്റാരിപ്പറമ്പ്, കോട്ടയം, മലബാര്‍ പഞ്ചായത്തുകളിലാണ്. എട്ട് കേസുകള്‍ വീതമാണ് ഈ പഞ്ചായത്തുകളിലുള്ളത്. പാട്യം പഞ്ചായത്തില്‍ ഏഴും, കൂത്തുപറമ്പ് നഗരസഭയില്‍ അഞ്ചും മൊകേരി, കതിരൂര്‍ പഞ്ചായത്തുകളില്‍ മൂന്ന് വീതം കേസുകളുമാണുള്ളത്. ചൊക്ലി, കീഴല്ലൂര്‍, കോളയാട്, കുന്നോത്തുപറമ്പ്, മാലൂര്‍, മാങ്ങാട്ടിടം, പന്ന്യന്നൂര്‍, പിണറായി, പാനൂര്‍ നഗരസഭ, തലശ്ശേരി നഗരസഭ എന്നിവിടങ്ങളിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പയ്യന്നൂര്‍ താലൂക്കില്‍ അഞ്ച് കേസുകളുണ്ട്. ഏഴോം, കുഞ്ഞിമംഗലം, പെരിങ്ങോം വയക്കര, മാടായി പഞ്ചായത്തുകളിലും പയ്യന്നൂര്‍ നഗരസഭയിലും ഓരോ കേസുകളാണുള്ളത്. കണ്ണൂര്‍, ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളില്‍ രണ്ട് വീതം കേസുകളാണ് ഇതുവരെയുണ്ടായത്. കണ്ണൂര്‍ താലൂക്കില്‍ കോര്‍പ്പറേഷനിലും നാറാത്ത് പഞ്ചായത്തിലുമാണ് ഓരോ കേസുകള്‍. തളിപ്പറമ്പ് താലൂക്കില്‍ ചപ്പാരപ്പടവിലും നടുവിലും ഓരോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരിട്ടിയില്‍ മട്ടന്നൂര്‍ നഗരസഭയിലും ഇരിട്ടി നഗരസഭയിലുമായാണ് ഓരോ കേസുകള്‍ ഉള്ളത്.

ഇതിനിടെ കോവിഡ്-19 സാമൂഹ്യ വ്യാപനം തടയുന്നതിന്റെ ഭാഗമായി രോഗബാധ സ്ഥിരീകരിച്ചവരുമായി പ്രാഥമിക സമ്പര്‍ക്കത്തിലേര്‍പ്പെട്ടിട്ടുള്ള ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ട മുഴുവനാളുകളെയും രോഗലക്ഷണങ്ങളില്ലെങ്കില്‍പ്പോലും സ്രവ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.കെ നാരായണ നായ്ക് അറിയിച്ചു. ഈ തീരുമാനം കൈക്കൊണ്ട സംസ്ഥാനത്തെ ആദ്യത്തെ ജില്ലയാണ് കണ്ണൂര്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിന്റെ ഭാഗമായി ഏപ്രില്‍ ഏഴിന് 59 പേരുടെയും ഏപ്രില്‍ എട്ടിന് 17 പേരുടെയും സ്രവം ശേഖരിച്ച് പരിശോധനയ്ക്കയച്ചിട്ടുണ്ട്. വീട്ടില്‍ ഐസൊലേഷനില്‍ കഴിയുന്ന വ്യക്തികളെ കണ്ണൂര്‍ ജില്ലാ ആശുപത്രി, തലശ്ശേരി ജനറല്‍ ആശുപത്രി, കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളജ്, അഞ്ചരക്കണ്ടി ജില്ലാ കൊവിഡ്-19 ചികിത്സാ കേന്ദ്രം എന്നീ സ്ഥാപനങ്ങളിലേക്കെത്തിച്ച് സ്രവ പരിശോധനയ്ക്ക് വിധേയമാക്കും. ഇവരില്‍ രോഗലക്ഷണമുള്ളവരെ ഈ കേന്ദ്രങ്ങളില്‍ത്തന്നെ അഡ്മിറ്റ് ചെയ്യുകയും അല്ലാത്തവരെ കര്‍ശനമായ ക്വാറന്റീന്‍ നിര്‍ദേശം നല്‍കി ആംബുലന്‍സില്‍ തിരിച്ച് വീട്ടില്‍ കൊണ്ടുവിടുകയും ചെയ്യും.

ജില്ലയില്‍ രോഗലക്ഷണമില്ലാത്ത രോഗവാഹകരായ ആളുകളെ കണ്ടെത്തിയ സാഹചര്യത്തില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ നിര്‍ബന്ധമായും നിശ്ചിത കാലയളവ് ക്വാറന്റീനില്‍ കഴിയണം.

ജില്ലയില്‍ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ക്വാറന്റീനിലുള്ള ആളുകളുടെ എണ്ണം കുറഞ്ഞുവരുന്നു. നാളിതുവരെയായി ആശുപത്രികളിലും വീടുകളിലുമായി 14,286 പേരാണ് ക്വാറന്റീനില്‍ കഴിഞ്ഞിരുന്നത്.

നിലവില്‍ 8,574 പേരാണ് വീടുകളിലും ആശുപത്രിയിലുമായി ക്വാറന്റീനില്‍ കഴിയുന്നത്. ഇതുവരെയായി ക്വാറന്റീന്‍ കാലയളവ് പൂര്‍ത്തീകരിച്ച 5,712 പേരില്‍ 1070 പേര്‍ വ്യാഴാഴ്ച ക്വാറന്റീന്‍ കാലയളവ് പൂര്‍ത്തീകരിച്ചവരാണ്. ജില്ലയിലെ 12 കോവിഡ് കെയര്‍ സെന്ററുകളില്‍ നിലവില്‍ 51 പേര്‍ മാത്രമാണ് നിരീക്ഷണത്തിലുള്ളത്. ബുധനാഴ്ച മാത്രം 189 പേര്‍ ക്വാറന്റീന്‍ കാലയളവ് പൂര്‍ത്തീകരിച്ച് വീട്ടിലേക്ക് മടങ്ങി.

Keywords:  Four members of a family have been diagnosed with Kovid disease in Kannur, Kannur, News, Family, Patient, Hospital, Treatment, Thalassery, Payyannur, Trending, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia