നാലു നേതാക്കള്‍; നാലു കാരണങ്ങള്‍: അവരെ കാണാതെ തെരഞ്ഞെടുപ്പു രംഗം

 


തിരുവനന്തപുരം: (www.kvartha.com 08.04.2014) കേരളത്തിലെ രാഷ്ട്രീയ രംഗത്ത് പൊതുവേയും തെരഞ്ഞെടുപ്പുരംഗത്ത് പ്രത്യേകിച്ചും സജീവമായി തിളങ്ങിനിന്നിരുന്ന നാലു നേതാക്കള്‍ ഇത്തവണ തിരശ്ശീലയ്ക്കു പിന്നില്‍ നിശ്ശബ്ദരായി മാറി നില്‍ക്കുന്നു. ഇവരില്‍ രണ്ടു പേര്‍ വനിതാ നേതാക്കളും രണ്ടുപേര്‍ പുരുഷ നേതാക്കളുമാണ്. സിപിഎമ്മിന്റെയും പിന്നീട് സിപിഐയുടെയും സിംഹതുല്യ നേതാവായിരുന്ന എം വി രാഘവനും മുന്‍ മന്ത്രിയും നടനും അവതാരകനുമെല്ലാമായ കെ ബി ഗണേഷ് കുമാറുമാണ് തെരഞ്ഞെടുപ്പു വേദികളില്‍ ഇല്ലാത്ത രണ്ടു പ്രമുഖര്‍. മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റും എഐസിസി സെക്രട്ടറിയുമായിരുന്ന ഷാനിമോള്‍ ഉസ്മാന്‍, മുന്‍ എസ്എഫ്‌ഐ ദേശീയ വൈസ് പ്രസിഡന്റ് സിന്ധു ജോയി എന്നിവരയെും കാണാനേയില്ല.

നാലു നേതാക്കള്‍; നാലു കാരണങ്ങള്‍: അവരെ കാണാതെ തെരഞ്ഞെടുപ്പു രംഗംമറവിരോഗം ബാധിച്ച് ചികില്‍സയില്‍ കഴിയുകയാണ് എം വി രാഘവന്‍. അദ്ദേഹത്തിന്റെ പാര്‍ട്ടിയായ സിഎംപിക്ക് ലോക്‌സഭാ സീറ്റില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും രാഘവന്‍ മല്‍സര രംഗത്തുണ്ടായിരുന്നില്ല. പക്ഷേ, അസുഖം ഇത്രമേല്‍ ബാധിച്ചിട്ടില്ലാതിരുന്നതിനാല്‍ ചില വേദികളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി പ്രസംഗിച്ചിരുന്നു. പക്ഷേ, സിഎംപിക്ക് ആ തെരഞ്ഞെടുപ്പില്‍ ആരെയും വിജയിപ്പിക്കാനായില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പേതന്നെ സിഎംപിയില്‍ ചേരിതിരിവുണ്ടാവുകയും ഒരു വിഭാഗം ഇടതുമുന്നണിയോടൊപ്പം നില്‍ക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. യുഡിഎഫിനൊപ്പമുള്ള സിഎംപിയെയാണോ അതോ മറുപക്ഷത്തു പോയവരെയാണോ പാര്‍ട്ടി സ്ഥാപകനും ജനറല്‍ സെക്രട്ടറിയുമായ എം വി രാഘവന്‍ പിന്തുണയ്ക്കുന്നത് എന്ന് കേരളത്തിന് അറിയാനാകാത്ത വിധം അദ്ദേഹം മറവിയിലേക്കു പോയിരിക്കുന്നു.

നാലു നേതാക്കള്‍; നാലു കാരണങ്ങള്‍: അവരെ കാണാതെ തെരഞ്ഞെടുപ്പു രംഗംകെ ബി ഗണേഷ് കുമാര്‍ ഇപ്പോഴും എംഎല്‍എയും യുഡിഎഫിന്റെ ഭാഗവുമാണ്. അദ്ദേഹത്തിന്റെ പിതാവും കേരള കോണ്‍ഗ്രസ് ബിയുടെ ചെയര്‍മാനുമായ ആര്‍ ബാലകൃഷ്ണ പിള്ള പ്രചാരണ രംഗത്തുമുണ്ട്. പക്ഷേ, ഗണേഷിനെതിരെ സരിതയുമായി ചേര്‍ത്തുയര്‍ന്ന വിവാദങ്ങളുടെയും ഭാര്യയുമായുള്ള വേര്‍പിരിയലും സംഘര്‍ഷവും  മറ്റും വലിയ വാര്‍ത്ത ആയതിന്റെയും പശ്ചാത്തലത്തില്‍ പ്രചാരണ രംഗത്തു നിന്നു മാറി നില്‍ക്കുകയാണെന്ന് അറിയുന്നു. ഗണേഷിന്റെ സാന്നിധ്യം ഇടതുപക്ഷം മുതലെടുത്ത് യുഡിഎഫിന് എതിരാക്കുമെന്ന ഭയം നേതൃത്വത്തിനുണ്ടുതാനും. ഏഷ്യാനെറ്റിലെ നമ്മള്‍ തമ്മില്‍ ടോക് ഷോയുടെ അവതാരകനായി ഗണേഷ് മാധ്യമ രംഗത്തു സജീവമാണ്.

നാലു നേതാക്കള്‍; നാലു കാരണങ്ങള്‍: അവരെ കാണാതെ തെരഞ്ഞെടുപ്പു രംഗംകഴിഞ്ഞ പല തെരഞ്ഞെടുപ്പുകളിലും കേരളത്തിലെ കോണ്‍ഗ്രസിന്റെ സ്റ്റാര്‍ ക്യാംപെയ്‌നറായിരുന്നു ഷാനിമോള്‍ ഉസ്മാന്‍. മികച്ച പ്രസംഗകയും സംഘാടകയുമായ അവര്‍ക്ക് ഇത്തവണ ഉറപ്പായും സീറ്റ് ലഭിക്കുമെന്നായിരുന്നു സൂചനകള്‍. എന്നാല്‍ ബിന്ദു കൃഷ്ണയെ പരിഗണിക്കുകയും ഷാനിമോളെ അവഗണിക്കുകയുമാണ് കോണ്‍ഗ്രസ് ചെയ്തത്. അതോടെ അവര്‍ നിശ്ശബ്ദം പിന്നിലേക്കു മാറി. പാര്‍ട്ടിയുടെ എല്ലാ തലങ്ങളിലുമുള്ള നേതാക്കള്‍ ഇടപെട്ടിട്ടും ഷാനിമോള്‍ പ്രചാരണ രംഗത്ത് എത്താന്‍ തയ്യാറായില്ല.

നാലു നേതാക്കള്‍; നാലു കാരണങ്ങള്‍: അവരെ കാണാതെ തെരഞ്ഞെടുപ്പു രംഗംകഴിഞ്ഞ തെരഞ്ഞെടുപ്പില്‍, കാസര്‍കോട് സീറ്റ് നല്‍കിയെങ്കിലും അവര്‍ മല്‍സരിച്ചിരുന്നില്ല. അതിനുമുമ്പ് 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പെരുമ്പാവൂര്‍ സീറ്റില്‍ മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. പ്രമുഖ കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹനാന്റെ നേതൃത്വത്തില്‍ അവരെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ ശ്രമമുണ്ടായതായി കെപിസിസി നിയോഗിച്ച സി വി പത്മരാജന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് കെ വി തോമസിനെതിരെ മല്‍സരിക്കാന്‍ സിപിഎം നിയോഗിച്ച സിന്ധു ജോയി അതിനുശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിച്ചില്ലെന്നു പരാതിപ്പെട്ട് പാര്‍ട്ടിവിട്ടു. എസ്എഫ്‌ഐയുടെ സംസ്ഥാന, ദേശീയ നേതാവും ഡിവൈഎപ്‌ഐ നേതാവുമായ അവര്‍ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായിരിക്കെയാണ് പാര്‍ട്ടി വിട്ടത്.

2006ല്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ മല്‍സരിച്ച സിന്ധു 2011ല്‍ അവിടെ യുഡിഎഫിനു വേണ്ടി ഉമ്മന്‍ ചാണ്ടിയുടെ പ്രചാരകയായി. പിന്നീട് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ അവരെ യൂത്ത് കമ്മീഷന്‍ അധ്യക്ഷയാക്കിയെങ്കിലും അതില്‍ തുടര്‍ന്നില്ല. കുറേക്കാലത്തെ നിശ്ശബ്ദതയ്ക്കു ശേഷം സിന്ധു ജോയിയെ കേരളം കണ്ടത് സൂര്യ ടിവിയിലെ മലയാളി ഹൗസ് എന്ന ഷോയിലാണ്. അതു കഴിഞ്ഞ് അവര്‍ മഴവില്‍ മനോരമ ചാനലില്‍ കോണ്‍ഗ്രസ് നേതാവ് ശോഭനാ ജോര്‍ജ്ജിനൊപ്പം ഒരു പരിപാടിയില്‍ പങ്കെടുത്തിരുന്നു. പിന്നീടൊരു വിവരവുമില്ല. മാധ്യമങ്ങളോടോ അവര്‍ മുമ്പു സജീവമായിരുന്ന സോഷ്യല്‍ മീഡിയയിലോ തന്റെ മൗനത്തിന്റെ കാരണം വെളിപ്പെടുത്തിയിട്ടില്ല സിന്ധു ജോയി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം  

Keywords:  MV Ragavan, KB Ganesh Kumar, Sindhu Joy, Shanimol Usman, Election, Kerala, Congress.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia