Judicial Reform | കണ്ണൂരില്‍ പുതിയ കോടതി സമുച്ചയത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി നിര്‍വഹിച്ചു;ജുഡീഷ്യറിയെ ശക്തിപ്പെടുത്തുന്നതിന് ബഹുമുഖ ഇടപെടല്‍ അനിവാര്യമെന്ന് പിണറായി വിജയന്‍

 
Kannur, judiciary, court, Chief Minister, Kerala, Pinarayi Vijayan, court complex, Supreme Court, justice, judicial reform

Photo: Arranged

കേസുകള്‍ തീര്‍പ്പാക്കാനെടുക്കുന്ന കാലതാമസത്തെ കുറിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസും ചൂണ്ടിക്കാട്ടിയിരുന്നു

കണ്ണൂര്‍: (KVARTHA)  ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ ജുഡീഷ്യറിയെ ശക്തിപ്പെടുത്തുന്നതിന് ബഹുമുഖ ഇടപെടല്‍ അനിവാര്യമാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരില്‍ സ്ഥാപിക്കുന്ന പുതിയ കോടതി സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അഞ്ച് കോടിയോളം കേസുകളാണ് ഇന്ത്യയിലാകെയുള്ള കോടതികളില്‍ തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി വൈകി ലഭിക്കപ്പെടുന്ന നീതി നിഷേധിക്കപ്പെടുന്ന നീതിക്ക് തുല്യമാണെന്നുള്ള ചൊല്ല് നിലവിലുണ്ടെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ വാക്കുകളെ അനുഗമിച്ച് അദ്ദേഹം വ്യക്തമാക്കി.  


കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, കേസുകള്‍ തീര്‍പ്പാക്കാനെടുക്കുന്ന കാലതാമസത്തെ കുറിച്ച് പരാമര്‍ശിച്ചത്. കോടതി നടപടികളുടെ ഈ മെല്ലെപ്പോക്ക് പലപ്പോഴും നീതി തേടിയെത്തുന്നവര്‍ക്ക് ശിക്ഷയായി തോന്നാം എന്നാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പറഞ്ഞത്. പരമോന്നത നീതി പീഠത്തിന്റെ അധ്യക്ഷന്‍ തന്നെ ഇത്തരം ഒരു പ്രസ്താവന നടത്തുമ്പോള്‍ നാം ഗൗരവത്തോടെ കാണേണ്ടതുണ്ട്, പരിശോധിക്കപ്പെടേണ്ടതുണ്ട്, പരിഹാര നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ കോടതി നടപടികള്‍ വൈകുന്നത് ഏതെങ്കിലും പ്രത്യേക വകുപ്പിന്റെയോ വിഭാഗത്തിന്റെയോ പ്രവര്‍ത്തനങ്ങളിലെ പാളിച്ച കൊണ്ടല്ലെന്നും മറിച്ച് നാമിന്നും പിന്തുടരുന്ന കാലഹരണപ്പെട്ട പുരാതന മാതൃകകള്‍, കോടതികളില്‍ മതിയായ സൗകര്യം ലഭ്യമല്ലാത്തത്, വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ തമ്മിലുള്ള ഏകോപനം ഇല്ലായ്മ, ഇത്തരത്തിലുള്ള നിരവധി ഘടകങ്ങള്‍ കൊണ്ടാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.  


ഇവ ഓരോന്നിനെയും തിരിച്ചറിഞ്ഞ് പ്രതിസന്ധികളെ മറികടന്ന് വേഗത്തില്‍ കേസുകള്‍ തീര്‍പ്പാക്കാന്‍ കഴിയുന്ന നിലയിലേക്ക് നമ്മള്‍ എത്തിച്ചേരേണ്ടതുണ്ട്. ആ നിലക്ക് വേണം കാര്യങ്ങളെ സമീപിക്കാനും കൈകാര്യം ചെയ്യാനും. ഇത്രയധികം കേസുകള്‍ കോടതികള്‍ കൈകാര്യം ചെയ്യുന്നതിന് മതിയായ കോടതികളും ജുഡീഷ്യല്‍ ഉദ്യോഗസ്ഥരും ഇല്ല. ഈ പരിമിതികള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ചാല്‍ മാത്രമേ സമയബന്ധിതമായി നീതി ലഭ്യമാക്കാന്‍ കഴിയൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. 

അതിന് ഉതകുന്ന ഇടപെടലുകള്‍ സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട്. കോടതിയുടെ കാര്യക്ഷമ പ്രവര്‍ത്തനങ്ങള്‍ക്ക് ഉതകുന്ന ഭൗതിക സാഹചര്യങ്ങള്‍ ഏറ്റവും പ്രധാനമാണ്. 2016ന് ശേഷം സംസ്ഥാനത്ത് 105 കോടതികള്‍ സ്ഥാപിച്ചിട്ടുണ്ട്. ഹൈക്കോടതിയില്‍ 577, സബോര്‍ഡിനേറ്റ് കോടതികളില്‍ 2334 തസ്തികകള്‍ സൃഷ്ടിച്ചു. ജുഡീഷ്യറിയെ ശക്തിപ്പെടുത്താന്‍ ഉതകുന്ന ഒട്ടേറെ നടപടികള്‍ സംസ്ഥാനം സ്വീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

കേരള ഹൈക്കോടതി ജഡ്ജിയും തലശ്ശേരി ജുഡീഷ്യല്‍ ഡിസ്ട്രിക്ട് പോര്‍ട്ട് ഫോളിയോ ജഡ്ജുമായ ജസ്റ്റിസ് ടി ആര്‍ രവി അധ്യക്ഷത വഹിച്ചു. രജിസ്‌ട്രേഷന്‍, മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. 


കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ മുസ്ലിഹ് മഠത്തില്‍, ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, കണ്ണൂര്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ സഹദേവന്‍, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷാജി തയ്യില്‍, അഡീഷണല്‍ ഗവ. പ്ലീഡര്‍ കെ പി രാജേന്ദ്രബാബു എന്നിവര്‍ സംസാരിച്ചു. തലശ്ശേരി ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് കെ ടി നിസാര്‍ അഹമ്മദ് സ്വാഗതവും കുടുംബ കോടതി ജഡ്ജി  ആര്‍ എല്‍ ബൈജു നന്ദിയും പറഞ്ഞു.

#Kannur #JudiciaryReform #KeralaGovernment #CourtComplex #PinarayiVijayan #JusticeForAll
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia