നഴ്‌സിനെ ഇടനിലക്കാരിയാക്കി അമ്മയറിയാതെ നവജാത ശിശുവിനെ 5ലക്ഷം രൂപയ്ക്ക് ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികള്‍ക്ക് വില്‍ക്കാന്‍ ശ്രമം; സംഭവം കൊച്ചിയില്‍

 


കൊച്ചി: (www.kvartha.com 13.10.2020) നഴ്‌സിനെ ഇടനിലക്കാരിയാക്കി അമ്മയറിയാതെ നവജാത ശിശുവിനെ അഞ്ചുലക്ഷം രൂപയ്ക്ക് ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികള്‍ക്ക് വില്‍ക്കാന്‍ ശ്രമം. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ 'സസ്‌പെന്‍ഷനിലായിരുന്ന' നഴ്‌സിന്റെ ഒത്താശയോടെയാണ് നവജാത ശിശുവിനെ വില്‍ക്കാന്‍ ശ്രമം നടന്നതെന്നാണ് വെളിപ്പെടുത്തല്‍. 

സംഭവത്തെക്കുറിച്ച് യുവാവ് ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് കുഞ്ഞിന്റെ അമ്മ തന്നെ സംഭവം സത്യമാണെന്ന് സമ്മതിച്ചത്. താനറിയാതെയാണു കുഞ്ഞിനെ വില്‍ക്കാന്‍ നീക്കമുണ്ടായതെന്നും എന്നാല്‍ ഇതു സംബന്ധിച്ച കേസുമായി മുന്നോട്ടു പോകാവുന്ന സാഹചര്യമില്ലെന്നും മാധ്യമങ്ങള്‍ക്കു മുന്നില്‍ വരാന്‍ താല്‍പര്യമില്ലെന്നും കുഞ്ഞിന്റെ അമ്മ പ്രതികരിച്ചു.
നഴ്‌സിനെ ഇടനിലക്കാരിയാക്കി അമ്മയറിയാതെ നവജാത ശിശുവിനെ 5ലക്ഷം രൂപയ്ക്ക് ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികള്‍ക്ക് വില്‍ക്കാന്‍ ശ്രമം; സംഭവം കൊച്ചിയില്‍

കുഞ്ഞിന്റെ പിതാവിന് എതിരെയും തിരുവനന്തപുരത്ത് യുട്യൂബറെ ആക്രമിച്ചെന്ന കേസില്‍ പൊലീസ് കേസെടുത്തിട്ടുള്ള യുവതികളില്‍ ഒരാള്‍ക്കെതിരെയുമാണ് ആരോപണം. ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതികള്‍ക്ക് കുഞ്ഞിനെ കൈമാറാന്‍ ശ്രമമുണ്ടായെന്നും എന്നാല്‍ ചില സുഹൃത്തുക്കള്‍ ഇടപെട്ട് കൈമാറ്റം തടഞ്ഞെന്നും യുവതി പറയുന്നു. അതേസമയം സംഭവത്തെക്കുറിച്ച് അറിവില്ലെന്നാണ് കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രി ആര്‍എംഒ ഡോ. ഗണേഷ് മോഹന്റെ പ്രതികരണം.

കൊച്ചിയില്‍ താമസിക്കുന്ന പാലക്കാട് സ്വദേശിനി, മാഹി സ്വദേശിയായ യുവാവിനൊപ്പം ലിവിങ് ടുഗദറിനിടെയാണു ഗര്‍ഭിണിയായത്. ഗര്‍ഭം ഇല്ലാതാക്കാന്‍ യുവാവ് നിര്‍ബന്ധിച്ചെങ്കിലും തയാറാകാതെ വന്നതോടെ ഇരുവരും അകന്നു. ഏഴാം മാസത്തില്‍ പോലും ഗര്‍ഭം ഇല്ലാതാക്കാന്‍ ശ്രമം നടന്നതായി യുവതി ആരോപിക്കുന്നു. തുടര്‍ന്ന് ഏതാനും സാമൂഹിക പ്രവര്‍ത്തകര്‍ ഇടപെട്ടാണ് പ്രസവകാലത്തു ചികിത്സ ഏര്‍പ്പാടാക്കിയത്. കുഞ്ഞ് ജനിച്ച് ആഴ്ചകള്‍ക്കകം തന്നെ യുവാവ് നെടുമ്പാശേരി വിമാനത്താവളത്തിലൂടെ ഒരു കിലോയിലേറെ ഹാഷീഷ് കടത്താന്‍ ശ്രമിച്ച കേസില്‍ കുടുങ്ങി ജയിലിലായി.

പലരില്‍നിന്ന് പണം കടം വാങ്ങിയും മറ്റും യുവാവിനെ ജയിലില്‍ നിന്ന് ജാമ്യത്തിലിറക്കിയെങ്കിലും ബന്ധം തുടര്‍ന്നില്ലെന്നു യുവതി പറയുന്നു. കുഞ്ഞിനെ നോക്കേണ്ടി വരുന്ന സാഹചര്യവും നിയമപ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയും മുന്നില്‍കണ്ട് കുഞ്ഞിനെ ഒഴിവാക്കുന്നതിനായി ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികള്‍ക്കു കൈമാറാനായിരുന്നു പിതാവ് നീക്കം നടത്തിയതെന്നാണ് യുവതി പറയുന്നത്. ഈ ദമ്പതികള്‍ യുവതിയെയും കുഞ്ഞിനെയും കൂടി നോക്കുമെന്നായിരുന്നു ധാരണയെന്നും യുവതി പറഞ്ഞു.

'ഇവരോടൊപ്പംനിന്ന് ജോലിക്കു പോകുകയും ഒപ്പം കുഞ്ഞിന്റെ കാര്യങ്ങള്‍ കൂടി നോക്കാമെന്നുമാണ് കരുതിയത്. എന്നാല്‍ സാവധാനം കുഞ്ഞിനെ അവര്‍ക്കു നല്‍കണം എന്ന മട്ടില്‍ സംസാരിച്ചപ്പോള്‍ സാധിക്കില്ലെന്നു തീര്‍ത്തുപറഞ്ഞു. പണം നല്‍കി കുഞ്ഞിനെ കൈക്കലാക്കാനായിരുന്നു നീക്കമെന്ന് ലേബര്‍ റൂമില്‍ കിടക്കുമ്പോഴാണ് അറിയുന്നത്' എന്നും യുവതി വിശദീകരിച്ചു.

ലേബര്‍ റൂമില്‍ കുഞ്ഞിനെ കൈമാറുന്നതു സമ്മതിപ്പിക്കാന്‍ ആശുപത്രിയില്‍ നഴ്‌സായിരുന്ന ഒരു യുവതിയെയാണ് ഇടനിലക്കാരിയാക്കിയത്. താല്‍ക്കാലിക ജീവനക്കാരിയായിരുന്ന ഇവര്‍ മറ്റൊരു ക്രമക്കേടിന് സസ്‌പെന്‍ഷനിലായിരുന്നു.

എന്നാല്‍ ലീവിലാണെന്നാണ് അവര്‍ തന്നോട് പറഞ്ഞത്. ഇവരെ വൈകാതെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടതായും പിന്നീടറിഞ്ഞു. കുഞ്ഞിനെ അഞ്ചു ലക്ഷം രൂപയ്ക്ക് വില്‍ക്കാനായിരുന്നു ശ്രമം. മൂന്നു ലക്ഷം തനിക്കു ലഭിക്കുമെന്ന് നഴ്‌സ് വഴി അറിയിച്ചെങ്കിലും സമ്മതിച്ചില്ല. തുടര്‍ച്ചയായി ആവശ്യപ്പെട്ടപ്പോള്‍ വഴക്കുണ്ടാക്കി മുറിയില്‍ നിന്ന് ഇറക്കി വിടുകയായിരുന്നു. കുഞ്ഞ് ജനിച്ചതിനു പിന്നാലെ പാലുകൊടുക്കുന്നത് ഒഴിവാക്കാനും അമ്മയെ കാണിക്കാതിരിക്കാനും ശ്രമം നടന്നു. വീണ്ടും ഈ നഴ്‌സ് ആശുപത്രിയില്‍ എത്തി കുഞ്ഞിന്റെ പിതാവുമായി സംസാരിച്ചത് ഫോണില്‍ സമ്മതിച്ചിട്ടുണ്ടെന്നും യുവതി പറഞ്ഞു.

കുഞ്ഞുണ്ടായി രണ്ടു മാസം കഴിയുന്നതിനു മുമ്പാണ് യുവാവ് ലഹരിമരുന്നു കേസില്‍പെടുന്നത്. 45 ദിവസം ജയിലില്‍ കിടന്ന് ജാമ്യത്തില്‍ പുറത്തുവന്നതിനു പിന്നാലെ ഇയാള്‍ കുഞ്ഞുമായി കടന്നുകളഞ്ഞു. ഇതോടെ സഹായം അഭ്യര്‍ഥിച്ച് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് ഉള്‍പ്പെടെ പരാതി നല്‍കി. പൊലീസ് നിര്‍ദേശിച്ചതനുസരിച്ച് ചൈല്‍ഡ് ലൈന്‍ ഉള്‍പ്പടെയുള്ളവര്‍ ഇടപെട്ടാണ് കുഞ്ഞിനെ തിരികെ വാങ്ങി നല്‍കിയത്. തുടര്‍ന്ന് കൊച്ചിയില്‍ ഏതാനും മാസം സുഹൃത്തുക്കള്‍ക്കൊപ്പം താമസിച്ചു വരികയായിരുന്നു. ഇതിനിടെ താമസം മാറേണ്ടി വന്നതോടെ ഇപ്പോള്‍ നഗരത്തില്‍ വാടകയ്ക്കു കഴിയുകയാണ്.

കുഞ്ഞിനുള്ള ചെലവു പിതാവ് നല്‍കുമെന്നു പറഞ്ഞിരുന്നെങ്കിലും ഒന്നും ചെയ്യുന്നില്ലെന്നും ഇവര്‍ പറയുന്നു. യുവാവിനെതിരെ കോടതിയെ സമീപിക്കാന്‍ വേണ്ട സാമ്പത്തിക സാഹചര്യമില്ലാത്തതിനാല്‍ അതിനു മുതിര്‍ന്നില്ലെന്നും യുവതി വ്യക്തമാക്കി. അതേസമയം കുഞ്ഞിനെ വില്‍ക്കാന്‍ ഇടനിലക്കാരായി നിന്നവര്‍ക്കെതിരെ കൂടി നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് സമഗ്ര പരാതി നല്‍കുമെന്ന് കോഴിക്കോട് സ്വദേശി വിനോ ബാസ്റ്റിന്‍ പറഞ്ഞു. കുഞ്ഞിനെ വില്‍ക്കാന്‍ തന്റെ നേതൃത്വത്തില്‍ ശ്രമം നടന്നെന്ന ആരോപണം വസ്തുതാരഹിതമാണെന്ന് വിഷയത്തില്‍ ഇടപെട്ടതായി ആരോപണം നേരിടുന്ന യുവതി പ്രതികരിച്ചു.

കുഞ്ഞിനെ നോക്കാനാവില്ലെന്നും ഏതെങ്കിലും അനാഥാലയത്തില്‍ ഏല്‍പിക്കാമെന്നും കുഞ്ഞിന്റെ അമ്മ തന്നോട് പറഞ്ഞിരുന്നു. ഇക്കാര്യം ട്രാന്‍സ് ദമ്പതികളോടു പറഞ്ഞപ്പോള്‍ ആശുപത്രി ചെലവുകള്‍ അവര്‍ എടുത്തുകൊള്ളാമെന്ന് സമ്മതിച്ചു. ഇവരുമായി സംസാരിച്ചെന്നതും നിയമവശങ്ങള്‍ പരിശോധിച്ചു എന്നതും വസ്തുതയാണ്. എന്നാല്‍ സാമ്പത്തിക ഇടപാടുകള്‍ക്കു ശ്രമിച്ചിട്ടില്ല. തനിക്കെതിരെ ആക്ഷേപമുന്നയിച്ചവര്‍ക്കെതിരെ സൈബര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

Keywords:  Former nurse allegedly try to sold newborn baby in Kochi, Kochi, News, Allegation, Media, Court, Woman, Hospital, Treatment, Kerala.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia