Koodathayi | കൂടത്തായി പരമ്പര കൊലപാതകക്കേസില്‍ കൂറുമാറ്റം; ജോളിക്ക് അനുകൂലമായ മൊഴി നല്‍കി സിപിഎം മുന്‍ ലോകല്‍ സെക്രടറി
May 4, 2023, 15:49 IST
കോഴിക്കോട്: (www.kvartha.com) കൂടത്തായി പരമ്പര കൊലപാതകക്കേസില്‍റെ മഹസറില്‍ ഒപ്പിട്ട സിപിഎം മുന്‍ ലോകല്‍ സെക്രടറി പ്രവീണ്‍കുമാര്‍ കൂറുമാറി. കേസില്‍ പ്രോസിക്യൂഷന്റെ 155-ാം സാക്ഷിയാണ് സിപിഎം കോഴിക്കോട് കട്ടാങ്ങല്‍ മുന്‍ ലോകല്‍ സെക്രടറിയും നിലവില്‍ ലോകല്‍ കമിറ്റിയംഗവുമായ പി പ്രവീണ്‍ കുമാര്‍. ഒന്നാം പ്രതി ജോളി ജോസഫിനും നാലാം പ്രതി മനോജ് കുമാറിനും അനുകൂലമായാണ് പ്രവീണ്‍ മൊഴിമാറ്റി പറഞ്ഞത്.
അന്വേഷണത്തിന്റെ ഭാഗമായി ഒന്നാം പ്രതിയായ ജോളിക്ക് നാലാം പ്രതിയായ മനോജ് കുമാര്‍ വ്യാജ രേഖയില്‍ ഒപ്പിട്ട് നല്‍കിയ സ്ഥലത്തേക്ക് 2019 നവംബറില്‍ ക്രൈം ബ്രാഞ്ച് പൊലീസ് മനോജ് കുമാറിനെ തെളിവെടുപ്പിനായി കൊണ്ടുവന്ന സമയം തയ്യാറാക്കിയ മഹസറിലെ സാക്ഷിയാണ് പ്രവീണ്‍കുമാര്‍.
കേസില്‍ ആദ്യമായാണ് ഒരാള്‍ കൂറുമാറുന്നത്. ജോളിയുമായി ചേര്‍ന്ന് വ്യജ വില്‍പത്രം തയ്യാറാക്കിയെന്ന കേസില്‍ നാലാം പ്രതിയാണ് മനോജ് കുമാര്‍. നേരത്തെ പഞ്ചായത് അംഗമായിരുന്ന ഇയാളെ അടുത്തറിയാമെന്നും 15 വര്‍ഷം ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നുവെന്നുമാണ് പ്രവീണ്‍ നല്‍കിയ മൊഴി.
എന്നാല്‍ തനിക്ക് പ്രതികളെ അറിയില്ലെന്നും പൊലീസ് തന്ന ഒരു രേഖയിലും ഒപ്പിട്ടിട്ടില്ലെന്നുമാണ് വിചാരണ വേളയില്‍ ഇയാള്‍ കോടതിയില്‍ പറഞ്ഞത്. ഒന്നാം പ്രതി ജോളിയുടെ സഹോദരന്മാര്‍ അടക്കം 46 പേരെയാണ് പ്രത്യേക കോടതി വിസ്തരിച്ചത്. ഇതില്‍ പ്രവീണ്‍ കുമാര്‍ മാത്രമാണ് കൂറുമാറിയത്.
പൊന്നാമറ്റത്തെ മരുമകളായ ജോളി സ്വത്ത് കൈക്കലാക്കാനായി ആറുപേരെ കൊലപ്പെടുത്തിയെന്നാണ് കേസ്. 2002ലാണ് ആദ്യ കൊലപാതകം. ആട്ടിന്‍ സൂപ്പ് കഴിച്ച അന്നമ്മ തോമസ് കുഴഞ്ഞു വീണു മരിച്ചു. ആറുവര്‍ഷത്തിനുശേഷം അന്നമ്മയുടെ ഭര്‍ത്താവ് ടോം തോമസ്, മൂന്നു വര്‍ഷത്തിനു ശേഷം ഇവരുടെ മകന്‍ റോയി തോമസും മരിച്ചു. നാലാമത്തെ മരണം അന്നമ്മ തോമസിന്റെ സഹോദരന്‍ എം എം മാത്യുവിന്റേത് ആയിരുന്നു. തൊട്ടടുത്ത മാസം ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ഒരു വയസുള്ള മകള്‍ ആല്‍ഫൈന്‍ മരിച്ചു. 2016ല്‍ ഷാജുവിന്റെ ഭാര്യ സിലിയും മരിച്ചു.
ഇതില്‍ റോയ് തോമസിന്റെ മരണമാണ് സംശയത്തിനിടയാക്കിയത്. പോസ്റ്റുമോര്‍ടം റിപോര്‍ടില്‍ സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയെങ്കിലും ആത്മഹത്യയാണെന്നായിരുന്നു നിഗമനം. റോയിയുടെ സഹോദരന്‍ റോജോ തോമസ് വടകര റൂറല്‍ എസ്പിക്ക് വ്യാജ ഒസ്യത്തുമായി ബന്ധപ്പെട്ട പരാതി കൈമാറിയിരുന്നു. റൂറല്‍ എസ്പി കെ ജി സൈമണിന്റെ നേതൃത്വത്തില്‍ മൂന്നുമാസമായി നടന്ന അന്വേഷണത്തിന് ഒടുവില്‍ കല്ലറകള്‍ തുറന്നു മൃതദേഹങ്ങള്‍ പുറത്തെടുത്ത് പരിശോധിച്ചു. പിന്നാലെ, ജോളി, ജോളിക്കായി സയനൈഡ് ശേഖരിച്ച സൃഹൃത്ത് എം എസ് മാത്യു, സയനൈഡ് നല്‍കിയ സ്വര്‍ണ്ണപ്പണിക്കാരന്‍ പ്രിജുകുമാര്‍ എന്നിവരും അറസ്റ്റിലായി.
സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയത് റോയ് തോമസിന്റെ ശരീരത്തില്‍നിന്നായിരുന്നു. ആറു കേസുകളിലും കുറ്റപത്രം സമര്‍പിച്ചു. ഇതില്‍ അഞ്ചുമരണങ്ങളും സയനൈഡ് ഉള്ളില്‍ ചെന്നാണെന്നാണു കുറ്റപത്രം. കൊല്ലപ്പെട്ട ആറു പേരില്‍ നാലു പേരുടെ മൃതദേഹത്തില്‍ സയനൈഡിന്റെയോ മറ്റു വിഷാംശങ്ങളുടെയോ സാന്നിധ്യമില്ലെന്നു ഹൈദരാബാദിലെ സെന്‍ട്രല്‍ ഫൊറന്‍സിക് ലബോറടറിയില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായിരുന്നു. 2020 ല്‍ കോഴിക്കോട് റീജനല്‍ കെമികല്‍ ലബോറടറിയില്‍ നടത്തിയ പരിശോധനയിലും ഇതേ കണ്ടെത്തല്‍ ഉണ്ടായിരുന്നു.
കേസിലെ മുഖ്യപ്രതി ജോളി ജോസഫിന്റെ ആദ്യ ഭര്‍ത്താവ് റോയിയുടെ പിതാവ് ടോം തോമസ്, ടോമിന്റെ ഭാര്യ അന്നമ്മ, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ മകള്‍ ആല്‍ഫൈന്‍ എന്നിവരുടെ മൃതദേഹങ്ങളിലാണു വിഷസാന്നിധ്യമില്ലെന്നു കണ്ടെത്തിയത്. റോയ് തോമസ്, സിലി ഷാജു എന്നിവരുടെ മരണകാരണം സയനൈഡ് ആണെന്നതിനു ശാസ്ത്രീയ തെളിവ് നേരത്തേ ലഭിച്ചിരുന്നു. കൂടത്തായിയില്‍ കൊല്ലപ്പെട്ടവരില്‍ ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസിന്റെ മൃതദേഹം മാത്രമാണ് പോസ്റ്റുമോര്‍ടം നടത്തിയത്.
എന്നാല്‍ മൃതദേഹാവശിഷ്ടങ്ങളുടെ കാലപ്പഴക്കം മൂലമാണ് ഫൊറന്‍സിക് പരിശോധനയില്‍ സയനൈഡിന്റെയോ മറ്റു വിഷാംശങ്ങളുടെയോ സാന്നിധ്യം കണ്ടെത്താന്‍ കഴിയാത്തതെന്നാണു പ്രോസിക്യൂഷന്‍ വാദം. എല്ലാ കൊലപാതകങ്ങളും നടത്തിയത് ജോളി ജോസഫാണ് എന്നതിനു സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും ഉണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നു. നാല് പേരുടെയും മരണലക്ഷണങ്ങള്‍ വിശകലനം ചെയ്ത മെഡികല്‍ ബോര്‍ഡിന്റെ റിപോര്‍ടും പ്രോസിക്യൂഷന്റെ വാദങ്ങള്‍ ശരി വയ്ക്കുന്നതാണ്.
2002 മുതല്‍ 2016 മുതലുള്ള കാലയളവിലാണ് ആറ് കൊലപാതകങ്ങള്‍ നടക്കുന്നത്. അന്നമ്മ തോമസ് 2002ലും ടോം തോമസ് 2008ലും ആല്‍ഫൈന്‍ ഷാജു, മാത്യു മഞ്ചാടിയില്‍ എന്നിവര്‍ 2014ലുമാണ് മരിച്ചത്.
കല്ലറകള്‍ തുറന്ന് മൃതദേഹാവിഷ്ടങ്ങള്‍ ശേഖരിച്ചത് 2019 ഒക്ടോബറില്‍. ഈ കാലതാമസമാണു സയനൈഡ് സാന്നിധ്യം കണ്ടെത്താന്‍ കഴിയാത്തതിനു കാരണമെന്നാണ് പ്രോസിക്യൂഷന്‍ വാദം.
ഏറ്റവും അവസാനം നടന്ന മരണം സിലിയുടേത് ആയിരുന്നു. 2016 ജനുവരി 11നാണ് സിലി മരിക്കുന്നത്. കൂടിയ അളവില്‍ സയനൈഡ് ഉപയോഗിച്ചതും ഈ കൊലപാതകത്തിലാണെന്നു പൊലീസ് കരുതുന്നു. മൃതദേഹാവശിഷ്ടത്തില്‍ സയനൈഡിന്റെ അംശം കണ്ടെത്താന്‍ ഇതു രണ്ടും സഹായകരമായെന്നാണു നിഗമനം.
Keywords: News, Kerala-News, Kerala, News-Malayalam, Crime-News, Court, Accused, Statement, Murder Case, Former Local Secretary Changes His Statement In Favour Of Prime Accused Jolly In Koodathayi Serial Murder Case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.