Political Shift | അരിയില്‍ ഷുക്കൂര്‍ വധക്കേസ് അന്വേഷിച്ച മുന്‍ ഡി വൈ എസ് പി പി സുകുമാരന്‍ ബിജെപി അംഗത്വം സ്വീകരിച്ചു 

 
Former DYSP Joins BJP, Backed by Kummanam Rajasekharan
Former DYSP Joins BJP, Backed by Kummanam Rajasekharan

Photo: Arranged

● ബിജെപി വാഗ്ദാനം ചെയ്ത ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടപ്പാക്കുമെന്ന് നേതാവിന്റെ ഉറപ്പ്
● വാഗ്ദാനങ്ങള്‍ നടപ്പാക്കുന്ന സര്‍ക്കാരാണ് മോദിയുടെ നേതൃത്വത്തില്‍ ഭാരതം ഭരിക്കുന്നത്

കണ്ണൂര്‍: (KVARTHA) അരിയില്‍ ഷുക്കൂര്‍ വധക്കേസ് അന്വേഷിച്ച മുന്‍ ഡി വൈ എസ് പി പി സുകുമാരന്‍ ബിജെപി അംഗത്വം സ്വീകരിച്ചു. ചടങ്ങില്‍ ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം കുമ്മനം രാജശേഖരന്‍ പങ്കെടുത്തു. ബിജെപി വാഗ്ദാനം ചെയ്ത ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടപ്പാക്കുമെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. അത് ജനങ്ങള്‍ക്ക് കൊടുത്ത ഉറപ്പാണെന്നും വാഗ്ദാനങ്ങള്‍ നടപ്പാക്കുന്ന സര്‍ക്കാരാണ് മോദിയുടെ നേതൃത്വത്തില്‍ ഭാരതം ഭരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. 

പുതിയ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ എതിര്‍പ്പുകളുയരുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്ണൂര്‍ മാരാര്‍ജി ഭവനില്‍ ബിജെപി അംഗത്വ കാമ്പയിന്‍ അവലോകന യോഗം ഉദ് ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അരിയില്‍ ഷുക്കൂര്‍ വധക്കേസ് അന്വേഷിക്കുകയും സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍, മുന്‍ എംഎല്‍എ ടിവി രാജേഷ് എന്നിവരെ ഗൂഢാലോചന കേസില്‍ പ്രതികളാക്കി അറസ്റ്റു ചെയ്ത അന്നത്തെ കണ്ണൂര്‍ സി ഐയും മുന്‍ ഡി വൈ എസ് പിയുമായിരുന്നു പി സുകുമാരന്‍. കുമ്മനം രാജശേഖരനില്‍ നിന്നുമാണ് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്.

ബിജെപി മുന്നോട്ട് വെച്ച പ്രകടനപത്രിക കേവലം വോട്ട് തട്ടിയെടുക്കാനുള്ള ആകര്‍ഷകമായ മുദ്രാവാക്യമെന്ന നിലയ്ക്കായിരുന്നില്ല. മറിച്ച് കൃത്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പില്‍ വരുത്തുന്നതിന് വേണ്ടിയായിരുന്നു. ഭാവി ഭാരതം എന്നത് ലോകത്തിലെ ഒന്നാമത്തെ ശക്തിയായി വളരുകയെന്നതാണ്. 2047 ല്‍ ഭാരതത്തിന്റെ നൂറാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ എല്ലാ രംഗത്തും ഒന്നാമത്തെ ശക്തിയായി വളരുക എന്നതാണ് നാം ലക്ഷ്യമിടുന്നത്. 

മോദി സര്‍ക്കാര്‍ ചെയ്യുമെന്ന് പറഞ്ഞതെല്ലാം നടപ്പാക്കി വിജയിപ്പിച്ച് കാണിച്ചിട്ടുണ്ട്. ഒരു രാഷ്ട്രം ഒരു നികുതി, ഒരു രാഷ്ട്രം ഒരു നിയമം ഇവയെല്ലാം നടപ്പാക്കുമ്പോള്‍ ഭാരതത്തിലെ ജനങ്ങളിലുണ്ടാകുന്ന ദേശീയോദ് ഗ്രഥനം നാം കാണാതെ പോവരുത്. എല്ലാ പൗരന്‍മാര്‍ക്കും ഒരു സിവില്‍ നിയമമെന്നത് ഭാരതീയ ജനതാപാര്‍ട്ടി നല്‍കിയ ഉറപ്പാണ്. ഭരണഘടന അനുശാസിക്കുന്ന മൗലികമായ അവകാശങ്ങള്‍ അനുഭവിക്കാന്‍ എല്ലാ പൗരന്‍മാര്‍ക്കും അവകാശമുണ്ട്. അതിനുള്ള സാഹര്യമുണ്ടാവണം. അതിന് ഏതെങ്കിലും തരത്തിലുള്ള അതിര്‍വരമ്പുകളുണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു.


ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ് അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് മുന്‍ ഇരിക്കൂര്‍ മണ്ഡലം പ്രസിഡന്റ് എംകെ രാജുവും  കുമ്മനം രാജശേഖരനില്‍ നിന്ന് ബിജെപി അംഗത്വം സ്വീകരിച്ചു. ദേശീയ സമിതിയംഗം സി രഘുനാഥ്, സംസ്ഥാന സെക്രട്ടറി അഡ്വ. കെ ശ്രീകാന്ത്, മേഖലാ ജനറല്‍ സെക്രട്ടറി കെകെ വിനോദ് കുമാര്‍, സംസ്ഥാന സമിതി അംഗം പി സത്യപ്രകാശ് എന്നിവര്‍ സംബന്ധിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ബിജു ഏളക്കുഴി സ്വാഗതവും എംആര്‍ സുരേഷ് നന്ദിയും പറഞ്ഞു.

#BJP, #KeralaPolitics, #IndianPolitics, #P_Sukumaran, #KummanamRajasekharan

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia