Tiger | വയനാട്ടിൽ ഭീതിവിതച്ച കടുവ കൂട്ടിലായെങ്കിലും കാട്ടിലേക്ക് തുറന്ന് വിടാനാകില്ല; ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തി, 'തോൽപെട്ടി 17' ഇനി മൃഗശാലയിലേക്കോ?


കൽപറ്റ: (KVARTHA) വയനാട് ജില്ലയിലെ കേണിച്ചിറയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഭീതി സൃഷ്ടിച്ചിരുന്ന കടുവയെ വനംവകുപ്പ് ഉദ്യോഗസ്ഥർ കൂട്ടിലാക്കിയെങ്കിലും കടുവയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ കാട്ടിലേക്ക് തിരിച്ചുവിടാൻ സാധിക്കില്ലെന്ന് വനംവകുപ്പ് വൃത്തങ്ങൾ സൂചന നൽകി. കടുവയുടെ രണ്ട് പല്ലുകൾ തകർന്ന അവസ്ഥയിലാണെന്ന് പരിശോധനയിൽ കണ്ടെത്തി.
ഇതോടൊപ്പം, മറ്റ് ചില ആരോഗ്യ പ്രശ്നങ്ങളും കടുവയ്ക്ക് ഉള്ളതായി സംശയിക്കുന്നു. വനംവകുപ്പിന്റെ മൃഗഡോക്ടർമാരുടെ സംഘം കടുവയെ വിശദമായി പരിശോധിച്ച ശേഷമേ ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേണിച്ചിറയിലെ പശുക്കളെ 'തോൽപെട്ടി 17' എന്ന ഈ കടുവ ആക്രമിക്കുകയായിരുന്നു.
ഇതോടെ, പ്രദേശത്ത് വ്യാപകമായ ഭീതി പരന്നിരുന്നു. ഞായറാഴ്ച പുലർച്ചെ രണ്ട് പശുക്കളെക്കൂടി കൊല്ലുകയും പ്രദേശവാസികളുടെ പ്രതിഷേധം കനക്കുകയും ചെയ്ത സാഹചര്യത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ മയക്കുവെടി വച്ച് പിടികൂടാൻ ഉത്തരവിട്ടിരുന്നു. കടുവയെ പിടികൂടാൻ നേരത്തെ കൂട് സ്ഥാപിച്ചിരുന്നെങ്കിലും കുടുങ്ങിയിരുന്നില്ല.
വയനാട് കേണിച്ചിറയിൽ ഭീതി വിതച്ച കടുവ pic.twitter.com/2jrc97iAuH
— kvartha.com (@kvartha) June 24, 2024
തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ കടുവയെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചു. മൂന്ന് സംഘങ്ങളായി തിരിഞ്ഞ് 21 അംഗ ദൗത്യസംഘം തിരച്ചിൽ നടത്തി. ഒടുവിൽ ഞായറാഴ്ച രാത്രി 11 മണിയോടെ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കടുവയെ കൂട്ടിലാക്കാൻ സാധിച്ചു.
കടുവയെ കാട്ടിലേക്ക് തിരിച്ചുവിടാൻ കഴിയില്ലെങ്കിൽ, അതിനെ മൃഗശാലയിലേക്ക് മാറ്റുമോ എന്ന് വനംവകുപ്പ് അധികാരികൾ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. വിഷയത്തിൽ ഉടൻ തന്നെ തീരുമാനമെടുക്കുമെന്നാണ് വിവരം. 10 വയസുള്ള ആൺകടുവയാണ് തോൽപെട്ടി 17.
അതേസമയം, തുടർച്ചയായി വന്യമൃഗങ്ങളുടെ ആക്രമണം നേരിടുന്ന വയനാട്ടുകാരോട് വനംവകുപ്പും സർക്കാരും അവഗണന കാട്ടുകയാണെന്ന് ആക്ഷേപമുണ്ട്. പൂതാടി പഞ്ചായത് പരിധിയിൽ ഉൾപ്പെടുന്ന കേണിച്ചിറയിൽ കടുവ പോലുള്ള വന്യമൃഗങ്ങൾക്ക് സംരക്ഷണം നൽകുന്ന തോട്ടങ്ങൾ ഏറെയാണ്. വനമേഖലയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പഞ്ചായതിൽ വന്യമൃഗങ്ങളുടെ കടന്നുകയറ്റവും പതിവാണ്. ഈ വർഷം നിരവധി മനുഷ്യജീവനുകളും എണ്ണമറ്റ വളർത്തുമൃഗങ്ങളുടെ ജീവനും അപഹരിച്ച വന്യമൃഗങ്ങൾ ജില്ലയുടെ പ്രധാന പ്രശ്നങ്ങളിലൊന്നാണ്.