Health Issue | കാസര്‍കോട് ആലംപാടി ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ ഭക്ഷ്യവിഷബാധ; നിരവധി വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍
● വൈകീട്ടോട് കൂടി ഛര്‍ദിയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ട കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുകയായിരുന്നു.
● മൂന്ന് ആശുപത്രികളിലായാണ് കുട്ടികളെ പ്രവേശിപ്പിച്ചിരിക്കുന്നത്.
● സ്ഥലം എം എല്‍ എ എന്‍ എ നെല്ലിക്കുന്ന് വിവരമറിഞ്ഞ് സ്ഥലത്തെത്തിയിട്ടുണ്ട്.
● സംഭവം അതീവ ഗൗരവമായി എടുക്കുന്നുവെന്നും വിദ്യാഭ്യാസ വകുപ്പിനെ വിവരം അറിയിച്ചിട്ടുണ്ടെന്നും എം എല്‍ എ
കാസര്‍കോട്: (KVARTHA) ആലംപാടി ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് നിരവധി വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍. സ്‌കൂളില്‍ ഉച്ചഭക്ഷണത്തിനുശേഷം വിതരണം ചെയ്ത പാല്‍ കുടിച്ച വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. വൈകീട്ടോട് കൂടി ഛര്‍ദിയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ട കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുകയായിരുന്നു.
മൂന്ന് ആശുപത്രികളിലായാണ് കുട്ടികളെ പ്രവേശിപ്പിച്ചിരിക്കുന്നത്. കാസര്‍കോട് ജനറല്‍ ആശുപത്രി, ചൈത്ര ഹോസ്പിറ്റല്‍, ഇകെ നയനാര്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ വിവരമറിഞ്ഞ് സ്ഥലത്തെത്തിയിട്ടുണ്ട്.
33 കുട്ടികളാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. കുട്ടികളുടെ എണ്ണം കൂടി വരികയാണെന്ന് എം എല്‍ എ പറഞ്ഞു. ആദ്യം താന്‍ വരുമ്പോള്‍ 18 കുട്ടികളാണ് ചികിത്സ തേടിയെത്തിയതെങ്കില്‍ ഇപ്പോള്‍ അത് 33 എണ്ണം ആയിരിക്കുന്നുവെന്ന് എം എല്‍ എ പ്രതികരിച്ചു. പല കുട്ടികളും അബോധാവസ്ഥയിലെന്ന പോലെയാണ് ആശുപത്രിയിലെത്തിയത്.
സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം നടത്തുമെന്ന് എം എല്‍ എ പറഞ്ഞു. സംഭവം അതീവ ഗൗരവമായി എടുക്കുന്നുവെന്നും വിദ്യാഭ്യാസ വകുപ്പിനെ വിവരം അറിയിച്ചിട്ടുണ്ടെന്നും എം എല്‍ എ അറിയിച്ചു. സംഭവത്തില്‍ ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചു. കുട്ടികളുടെ നില ഇപ്പോള്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ടെന്നും എം എല്‍ എ പറഞ്ഞു.
ചില കുട്ടികള്‍ പുളിപ്പ് വരുന്നത് കൊണ്ട് പാല്‍ കുടിച്ചില്ല. സംഭവം അധ്യാപികയുടെ ശ്രദ്ധയില്‍പെടുത്തിയതോടെ അവര്‍ രുചിച്ച് നോക്കി പുളിപ്പുണ്ടെന്ന് പറഞ്ഞിരുന്നതായും വിദ്യാര്‍ഥികള്‍ പറയുന്നു. സംഭവം അറിഞ്ഞ് നിരവധി പേരാണ് ആശുപ്ത്രിയില്‍ എത്തിക്കൊണ്ടിരിക്കുന്നത്.
#Kasaragod #FoodPoisoning #StudentHealth #KeralaNews #SchoolCrisis #MilkContamination