Folic Acid | ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിന് ഗര്‍ഭിണികള്‍ നിര്‍ബന്ധമായും ചെയ്യേണ്ടത്

 


കൊച്ചി: (KVARTHA) ഗര്‍ഭിണിയാണെന്ന് അറിയുമ്പോഴേ കുടുംബത്തിലെ മറ്റ് അംഗങ്ങളൊക്കെ ചേര്‍ന്ന് നല്ല കുഞ്ഞിനായി ഭക്ഷണം കഴിപ്പിക്കാന്‍ തുടങ്ങും. എന്നാല്‍ ഇങ്ങനെ വാരിവലിച്ച് കഴിക്കുന്നതിന് പകരം കൃത്യമായ ഒരു ഡയറ്റ് ആദ്യം മുതലേ സൂക്ഷിക്കുന്നതാണ് എപ്പോഴും നല്ലത്. അമിതവണ്ണമോ, അധികമായി ക്ഷീണിക്കുന്നതോ ഗര്‍ഭിണിയായിരിക്കുമ്പോള്‍ നല്ലതല്ലെന്ന കാര്യ പ്രത്യേകം ഓര്‍മിക്കണം.

കാത്സ്യം, വിറ്റാമിന്‍-ഡി, പ്രോട്ടീന്‍, ഫോളിക് ആസിഡ് ഇവയെല്ലാം അടങ്ങിയ ഭക്ഷണമാണ് ഗര്‍ഭത്തിന്റെ ആദ്യ മാസങ്ങളില്‍ കഴിക്കാന്‍ ഏറ്റവും നല്ലത്. വാരിവലിച്ച് കഴിക്കുന്നതിന് പകരം കൃത്യമായ ഒരു ഡയറ്റ് ആദ്യം മുതലേ തുടരുന്നത് നല്ലതാണ്.

Folic Acid | ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിന് ഗര്‍ഭിണികള്‍ നിര്‍ബന്ധമായും ചെയ്യേണ്ടത്

പാലും പാലുത്പന്നങ്ങളും കഴിക്കുന്നതിലൂടെ ഗര്‍ഭാവസ്ഥയുടെ ആദ്യകാലങ്ങളില്‍ ശരീരത്തിന് അത്യാവശ്യമായി വരുന്ന കാത്സ്യം ലഭിക്കുന്നു. മാത്രമല്ല, വിറ്റാമിന്‍-ഡി, പ്രോട്ടീന്‍, കൊഴുപ്പ്, ഫോളിക് ആസിഡ് എന്നിവയും പാലിലൂടെ ലഭിക്കുന്നു.
എ, ബി2, ബി5, ബി6, ബി12, ഡി, ഇ, കെ എന്നീ വിറ്റാമിനുകളും അവശ്യം വേണ്ട ധാതുക്കളും ലഭിക്കാനാണ് ഗര്‍ഭിണികളോട് മുട്ട കഴിക്കാന്‍ നിര്‍ദേശിക്കുന്നത്. കഴിവതും നാടന്‍ മുട്ട കഴിക്കുന്നതാണ് ഏറ്റവും നല്ലത്.

ഇതിനെല്ലാം പുറമെ ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിന് ഗര്‍ഭിണികള്‍ നിര്‍ബന്ധമായും ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചിരിക്കണം. ഗര്‍ഭാവസ്ഥയുടെ ആദ്യ മൂന്നു മാസങ്ങളാണ് നിര്‍ബന്ധമായും സൂക്ഷിക്കേണ്ടത്. ഗര്‍ഭിണികള്‍ ഫോളിക് ആസിഡ് കഴിക്കേണ്ടത് കുഞ്ഞിന്റെ ശരിയായ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.

ഗര്‍ഭിണിയാകുവാന്‍ തയാറെടുക്കുമ്പോള്‍ത്തന്നെ ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചുതുടങ്ങുന്നത് നല്ലതാണ്. ഗര്‍ഭിണിയായാലും ആദ്യത്തെ മൂന്നുമാസം ഫോളിക് ആസിഡ് അടങ്ങിയ ഗുളികകള്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്. വൈറ്റമിന്‍ ബി-9 എന്നാണ് ഫോളിക് ആസിഡ് അറിയപ്പെടുന്നത്. വൈററമിന്‍ ബി കോംപ്ലക്സിന്റെ ഒരു ഭാഗമാണിത്. ശരീരത്തില്‍ പുതിയ കോശങ്ങള്‍ നിര്‍മിക്കുന്നത് ഫോളികാസിഡാണ്. ഗര്‍ഭാവസ്ഥയില്‍ ശരീരത്തിന് സാധാരണ വേണ്ടതിനേക്കാളും പത്തിരട്ടി ഫോളിക് ആസിഡ് ആവശ്യമാണ്.

ഫോളിക് ആസിഡ് കുഞ്ഞിന്റെ ഭ്രൂണത്തിന്റെ തലച്ചോറിന്റെയും സുഷുമ്‌ന നാഡിയുടെയും മുന്‍ഗാമിയായ ഫീറ്റസ് ന്യൂറല്‍ ട്യൂബിനെ ശരിയായി അടയ്ക്കാന്‍ സഹായിക്കുന്നു. ഫോളിക് ആസിഡ് കുഞ്ഞിന്റെ രൂപീകരണത്തെ കൂടുതല്‍ സഹായിക്കുന്നു. ഫോളിക് ആസിഡ് വെള്ളത്തില്‍ ലയിക്കുന്നതാണെന്നും ശരീരത്തില്‍ അധികമായി സംഭരിക്കില്ലെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഇത് മൂത്രത്തിലൂടെ കടന്നുപോകുന്നതിനാല്‍ ഗര്‍ഭാവസ്ഥയില്‍ ശരീരത്തിന് നല്ല അളവില്‍ ഫോളിക് ആസിഡ് ലഭിക്കേണ്ടതായുണ്ട്.

സ്ത്രീകള്‍ക്ക് അവരുടെ ആരോഗ്യത്തില്‍ ഏറെ ശ്രദ്ധവേണ്ട കാലമാണ് ഗര്‍ഭാവസ്ഥ. കുഞ്ഞിന്റെ വളര്‍ച ഉറപ്പുവരുത്തുന്നതിന് സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണക്രമം പാലിക്കേണ്ടതും അത്യാവശ്യമാണ്. ഫോളിക് ആസിഡ് ഒരു ബി വിറ്റാമിനാണ്. ഫോളേറ്റിന്റെ സിന്തറ്റിക് പതിപ്പാണ് ഇത്. ഇത് കഴിക്കുന്നതുവഴി ശരീരത്തില്‍ പുതിയതും ആരോഗ്യകരവുമായ ചുവന്ന രക്താണുക്കള്‍ ഉത്പാദിപ്പിക്കുന്നു.

ചുവന്ന രക്താണുക്കള്‍ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഓക്സിജന്‍ എത്തിക്കുന്നു. ചുവന്ന രക്താണുക്കളുടെ അഭാവത്താല്‍ ശരീരത്തിന് ആവശ്യത്തിന് ഓക്സിജന്‍ വഹിക്കാന്‍ കഴിയാതെ വരികയും ഇത് കുഞ്ഞിന്റെ വളര്‍ച്ചയെ തടസ്സപ്പെടുത്തുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് ഗര്‍ഭിണികള്‍ ഫോളിക് ആസിഡ് കഴിക്കണമെന്ന് പറയുന്നത്.

ഫോളിക് ആസിഡ് അമ്മയ്ക്കും കുഞ്ഞിനും വ്യത്യസ്ത രീതികളിലാണ് ഗുണം ചെയ്യുന്നതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഫോളിക് ആസിഡ് കുറഞ്ഞാല്‍ കുഞ്ഞിലത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. കുഞ്ഞിന്റെ നാഡീവ്യവസ്ഥ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാതിരിക്കുകയും കാലുകള്‍ തളരാനിടയാകുകയും ചെയ്യും. ഫോളിക് ആസിഡിന്റെ കുറവു കൊണ്ട് സ്പൈനല്‍കോഡ് ശരിയായ രീതിയില്‍ വളര്‍ച്ച പ്രാപിച്ചില്ലെങ്കില്‍ അത് 'ഓപണ്‍ സ്പൈനല്‍ എന്ന അവസ്ഥയിലേക്കു നയിക്കും. കുട്ടിയുടെ താടിക്കും ഫോളിക് ആസിഡിന്റെ കുറവ് പ്രശ്നമുണ്ടാക്കാം. ഇതിന്റെ കുറവു മൂലം മാസം തികയാതെ പ്രസവിക്കാനും ഇടയുണ്ട്. ഇലവര്‍ഗങ്ങള്‍, ബ്രോക്കോളി, പരിപ്പുവര്‍ഗങ്ങള്‍ എന്നിവയില്‍ ഫോളിക് ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്.

*ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍

സപ്ലിമെന്റുകള്‍ കഴിക്കുന്നതിലൂടെ ഫോളിക് ആസിഡ് എളുപ്പത്തില്‍ ശരീരത്തില്‍ ചേര്‍ക്കാന്‍ കഴിയുമെങ്കിലും ഫോളേറ്റ് ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷണ സ്രോതസ്സുകളുണ്ട്. ഫോളേറ്റിന്റെ ചില മികച്ച ഭക്ഷണ സ്രോതസ്സുകളാണ് കടുക് ഇലകള്‍, ബ്രൊക്കോളി, ചീര, ശതാവരി, അവോക്കാഡോ, ബീന്‍സ്, പയര്‍, ഗ്രീന്‍ പീസ്, ബീറ്റ്റൂട്ട്, പപ്പായ, വാഴപ്പഴം, ഓറഞ്ച്, ധാന്യങ്ങള്‍, പാസ്ത, അരി എന്നിവ.

*ഫോളിക് ആസിഡ് സപ്ലിമെന്റുകള്‍ കഴിക്കുന്നുവെങ്കില്‍

സപ്ലിമെന്റുകള്‍ എടുക്കുകയാണെങ്കില്‍, സ്ത്രീകള്‍ 400 mcg സപ്ലിമെന്റ് ദിവസേന അല്ലെങ്കില്‍ ഗര്‍ഭധാരണത്തിന് മുമ്പ് എടുക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. മള്‍ട്ടി വിറ്റാമിന്‍ ഗുളികകള്‍ കഴിക്കുകയാണെങ്കില്‍, അതില്‍ വിറ്റാമിന്‍ എ ഇല്ലെന്ന് ഉറപ്പുവരുത്തണം. അല്ലെങ്കില്‍ ഗര്‍ഭത്തിന്റെ ആദ്യ മാസത്തില്‍ ഇത് വികസന പ്രശ്നങ്ങള്‍ക്ക് കാരണമാകും. ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയതിന് ശേഷം ഫോളിക് ആസിഡ് കഴിക്കുന്നത് ചിലപ്പോള്‍ മതിയാകില്ല. ഗര്‍ഭാവസ്ഥയുടെ 6 ആഴ്ചയിലോ അതിനുശേഷമോ പല സ്ത്രീകള്‍ക്കും ഗര്‍ഭിണിയാണെന്ന കാര്യം തിരിച്ചറിയാന്‍ പറ്റുന്നില്ല.

ഇത്തരം അവസ്ഥയിലുള്ളവര്‍ വളരെ ശ്രദ്ധിക്കേണ്ടതാണ്. ഗര്‍ഭധാരണത്തിനോ മുമ്പ് ഇത്തരം അവസ്ഥയിലുള്ളവര്‍ ഫോളിക് ആസിഡ് കഴിക്കണമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. അമ്മയ്ക്ക് ചില രോഗാവസ്ഥകളുണ്ടെങ്കില്‍ ഉയര്‍ന്ന അളവില്‍ ഫോളിക് ആസിഡ് കഴിക്കേണ്ടതുണ്ട്.

കരള്‍ രോഗം, വൃക്കരോഗം അല്ലെങ്കില്‍ ഡയാലിസിസ്, ടൈപ്പ് 2 പ്രമേഹം, ആമാശയ നീര്‍കെട്ട്, ആസ്ത്മ, അപസ്മാരം, സോറിയാസിസ്, റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് എന്നിവയ്ക്ക് മരുന്ന് കഴിക്കുന്നവര്‍ക്കും ഇത് ബാധകമാണ്. എന്നാല്‍, കൂടുതല്‍ സപ്ലിമെന്റുകള്‍ കഴിക്കുന്നത് കുഞ്ഞിന് ബുദ്ധിമുട്ടുണ്ടാക്കുമെന്നതിനാല്‍ പ്രസവത്തിന് മുമ്പ് വിറ്റാമിന്റെ ശരിയായ അളവ് ഉറപ്പാക്കാന്‍ ഒരു ഡോക്ടറെ സമീപിക്കുക.

Keywords: Folic Acid Before Conception Helps Prevent Birth Defects, Kochi, News, Folic Acid, Birth Defects, Health Tips, Health, Child, Warning, Doctors, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia